ചിറയിന്‍കീഴ് എന്നും ഇടതിനൊപ്പം; അട്ടിമറി പ്രതീക്ഷിച്ച് യു.ഡി.എഫ്

കുത്തക മണ്ഡലം ഇത്തവണയും തുണയ്ക്കുമെന്ന പ്രതീക്ഷയില്‍ ഇടത് മുന്നണി.

Update: 2019-04-08 13:30 GMT
Advertising

ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ ഇടത് മുന്നണി വലിയ പ്രതീക്ഷ വച്ച് പുലര്‍ത്തുന്ന സ്ഥലമാണ് ചിറയിന്‍കീഴ്. യു.ഡി.എഫ് തരംഗമുണ്ടായ സമയത്ത് പോലും ഇടത് മുന്നണിക്കൊപ്പം ഉറച്ച് നിന്നിട്ടുള്ള മണ്ഡലമാണ് ചിറയിന്‍കീഴ്. ഒരു അട്ടിമറി മുന്നേറ്റമാണ് ചിറയിന്‍കീഴില്‍ യു.ഡി.എഫ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

ചിറയിന്‍കീഴ് താലൂക്കിലെ അഞ്ചുതെങ്ങ്, അഴൂര്‍, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, കീഴുവിലം, മുദാക്കല്‍ പഞ്ചായത്തുകളും തിരുവനന്തപുരം താലൂക്കിലെ കഠിനംകുളം, മംഗലപുരം പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് ചിറയിന്‍കീഴ് നിയമസഭ മണ്ഡലം. ചിറയിന്‍കീഴ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വി.ശശി നിലവില്‍ ഡെപ്യൂട്ടി സ്പീക്കറാണ്. തെര‍ഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ ഇടത് മുന്നണിക്കൊപ്പം എല്ലാക്കാലത്തും നിലനിന്നിട്ടുള്ള മണ്ഡലമാണ് ചിറയിന്‍കീഴ്. 2009 ലോക് സഭ തെരഞ്ഞെടുപ്പില്‍ 5851 വോട്ടുകളുടെ ഭൂരിപക്ഷമാണ് ചിറയിന്‍കീഴില്‍ എ.സമ്പത്തിന് ലഭിച്ചത്. 2014ല്‍ ഇത് 11482 വോട്ടായി വര്‍ധിപ്പിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 14322 വോട്ടായിരുന്നു ഇടത് മുന്നണിയുടെ ഭൂരിപക്ഷം. കുത്തക മണ്ഡലം ഇത്തവണയും തുണയ്ക്കുമെന്ന് ഇടത് മുന്നണി പ്രതീക്ഷിക്കുന്നു.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച മുന്നേറ്റമാണ് നടത്തിയത്. 2014ല്‍ 47704 വോട്ട് ആയിരുന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 50307 ആയി വര്‍ധിപ്പിച്ചു. അതുകൊണ്ട് തന്നെ അട്ടിമറി മുന്നേറ്റമാണ് യു.ഡി.എഫ് ഇത്തവണ ചിറയിന്‍കീഴ് പ്രതീക്ഷിക്കുന്നത്.

Full View

2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 8377 വോട്ട് മാത്രമുണ്ടായിരുന്ന ബി.ജെ.പി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 19478 വോട്ടുകള്‍ നേടി ചിറയിന്‍കീഴില്‍ മുന്നേറ്റമുണ്ടാക്കി. ചിറയിന്‍കീഴ് മണ്ഡലത്തിലുണ്ടാക്കുന്ന മുന്നേറ്റം തെരഞ്ഞെടുപ്പ് ജയത്തെ നിര്‍ണ്ണായകമായി സ്വാധീനക്കാറുണ്ട്. അതുകൊണ്ട് ചിറയിന്‍കീഴില്‍ നിന്ന് പരമാവധി ഭൂരിപക്ഷം നേടിയെടുക്കാനാണ് മുന്നണികള്‍ ശ്രമിക്കുന്നത്.

Tags:    

Similar News