പി.വി അന്‍വറിന്റെ ചിഹ്ന വിവാദം തെരഞ്ഞെടുപ്പ് കമ്മീഷനിലെത്തി

അപരനായി മത്സരിക്കുന്ന പി.വി അന്‍വറിന്റെ ചിഹ്നം വെച്ച് ഇടത് സ്ഥാനാര്‍ഥിയുടേതെന്ന് പറഞ്ഞ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നതായാണ് പരാതി

Update: 2019-04-14 10:11 GMT
Advertising

പൊന്നാനി മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥി പി.വി അന്‍വറിന്റെ ചിഹ്നം സംബന്ധിച്ച വിവാദം തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പിലെത്തി. അപരനായി മത്സരിക്കുന്ന പി.വി അന്‍വറിന്റെ ചിഹ്നം വെച്ച് ഇടത് സ്ഥാനാര്‍ഥിയുടേതെന്ന് പറഞ്ഞ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നതായാണ് പരാതി.

കഴിഞ്ഞ തവണ ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി. അബ്ദുറഹ്മാന്റെ കപ്പും സോസറും ചിഹ്നം ഇത്തവണ അപരന് ലഭിച്ചതാണ് ആശയക്കുഴപ്പത്തിനും വിവാദത്തിനും കാരണം. ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന പി.വി അന്‍വറിനെതിരെ രണ്ട് അപരന്മാരാണ് പൊന്നാനിയില്‍ ഉളളത്.

ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍ ഓട്ടോറിക്ഷാ ചിഹ്നമാണ് ആവശ്യപ്പെട്ടത്. ഒന്നിലധികം സീറ്റില്‍ മത്സരിക്കുന്ന പ്രാദേശിക പാര്‍ട്ടിയെന്ന നിലയില്‍ എസ്.ഡി.പിഐക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓട്ടോറിക്ഷ നല്‍കി. കപ്പും സോസറുമായിരുന്നു പി.വി അന്‍വറിന്റെ രണ്ടാമത്തെ ചോയ്സ്. അപരന്‍ പി.വി അന്‍വറും ഈ ചിഹ്നം തന്നെ ചോദിച്ചു. രണ്ടും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ആയതുകൊണ്ട് നറുക്കിട്ടപ്പോള്‍ അപരന്‍ പി.വി അന്‍വറിനാണ് കപ്പും സോസറും കിട്ടിയത്.

Full View

പക്ഷെ സോഷ്യല്‍ മീഡിയയില്‍ ഇടത് സ്ഥാനാര്‍ഥി പി.വി അന്‍വറിന്റെ ഫോട്ടോക്കൊപ്പം അപരന്റെ പേരും ചിഹ്നവും വെച്ച് വലിയ തോതിലുളള പ്രചാരണം നടക്കുന്നുണ്ട്. ഇതിന് പിന്നില്‍ യു.ഡി.എഫ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ചാണ് പി.വി അന്‍വര്‍ പരാതി നല്‍കിയത്. കഴിഞ്ഞ തവണ വി. അബ്ദുറഹ്മാന്‍ പൊന്നാനിയില്‍ മത്സരിച്ചപ്പോഴും നിയമസഭയിലേക്ക് താനൂരില്‍ മത്സരിച്ചപ്പോഴും കപ്പും സോസറുമായിരുന്നു ചിഹ്നം. അതുകൊണ്ട് വ്യാജപ്രചാരണം വലിയ തിരിച്ചടി ഉണ്ടാക്കുമെന്ന പേടി എല്‍.ഡി.എഫ് ക്യാമ്പിനുണ്ട്.

Tags:    

Similar News