മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിന് പി.വി അബ്ദുല്‍ വഹാബ് എം.പിയോട് ലീഗ് വിശദീകരണം തേടി

സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളാണ് വിശദീകരണം ചോദിച്ചത് 

Update: 2019-08-02 01:59 GMT
Advertising

രാജ്യസഭയില്‍ മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിന് പി.വി അബ്ദുല്‍ വഹാബ് എം.പിയോട് മു‌സ്‌ലിംലീഗ് വിശദീകരണം തേടി. സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളാണ് വിശദീകരണം ചോദിച്ചത്. വഹാബിനെ പരസ്യമായി വിമര്‍ശിച്ച യൂത്ത് ലീഗ് ഉപാധ്യക്ഷന്‍ മുഈനലി തങ്ങളെ ശാസിക്കുകയും ചെയ്തു. വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തരുതെന്ന നിര്‍ദേശവും നേതാക്കള്‍ക്ക് പാര്‍ട്ടി നല്‍കി.

Full View

പാര്‍ട്ടിക്ക് അകത്തും നിന്നും പുറത്ത് നിന്നും ശക്തമായ പ്രതിഷേധമാണ് പി.വി അബ്ദുല്‍ വഹാബ് എം.പിക്കെതിരെ ഉയര്‍ന്നത്. നേതാക്കളില്‍ പലരും അതൃപ്തി ഹൈദരലി തങ്ങളുമായി പങ്ക് വെച്ചു. വഹാബിന് പുറമേ മറ്റ് എം.പിമാരുടെ പാര്‍ലമെന്റ് ഇടപെടലുകളും കാര്യക്ഷമല്ലെന്ന വികാരവും ഇതിനിടെ ഉയര്‍ന്ന് വന്നു. വഹാബ് രാജിവെയ്ക്കുന്നതാണ് നല്ലതെന്ന് യൂത്ത് ലീഗ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ മുഈനലി തങ്ങള്‍ പരസ്യ പ്രതികരണവും നടത്തി. പിന്നാലെ യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിലും വഹാബിനെതിരായ വികാരം അലയടച്ചു. മുസ് ലീം സമുദായത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ലീഗ് എംപിമാര്‍ക്ക് ഉയരാന്‍ കഴിയുന്നില്ല. തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഇനിയും ആവര്‍ത്തിച്ചാല്‍ പരസ്യ പ്രതികരണത്തിന് മടിക്കേണ്ടതില്ലെന്ന നിലപാടും യോഗത്തില്‍ ഉയര്‍ന്നു. തുടര്‍ന്ന് യൂത്ത് ലീഗിന്റെ വികാരം ഹൈദരലി തങ്ങളെ അറിയിക്കാന്‍ തീരുമാനിച്ചു

ഇതിന് പിന്നാലെയാണ് വഹാബിനോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഹൈദരലി തങ്ങള്‍ നിര്‍ദേശം നല്‍കിയത്. വിശദീകരണം ലഭിച്ച ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്നായിരുന്നു ഹൈദരലി തങ്ങളുടെ നിലപാട്. ഒപ്പം പരസ്യ പ്രതികരണം ആവര്‍ത്തിക്കരുതെന്ന കര്‍ശന നിര്‍ദേശം മുഈനലി തങ്ങള്‍ക്കും നല്‍കി. വിഷയം കൂടുതല്‍ പരസ്യമായ ചര്‍ച്ചകളിലേക്ക് നീങ്ങുന്നത് പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍ . അതിനാല്‍ മാധ്യമങ്ങളോട് കൂടുതല്‍ പ്രതികരണം ഇനി ലീഗ് നേതാക്കള്‍ നടത്തില്ല.

Tags:    

Similar News