മലപ്പുറത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ വെട്ടിക്കുറക്കുന്നു 

ഇന്നലെ മാത്രം നിര്‍ത്തിയത് 23 ക്യാംപുകളാണ്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 21 ക്യാംപുകള്‍ മാത്രം.

Update: 2019-08-18 10:22 GMT
Advertising

മലപ്പുറത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ വെട്ടിക്കുറക്കുന്നു. ഇന്നലെ മാത്രം നിര്‍ത്തിയത് 23 ക്യാമ്പുകളാണ്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 21 ക്യാമ്പുകള്‍ മാത്രം. മറ്റ് ക്യാമ്പുകളിലേക്ക് മാറാന്‍ അന്തേവാസികള്‍ക്ക് നിര്‍ദേശം നല്‍കി. ക്യാമ്പുകളില്‍ സൗകര്യമില്ലാത്തതിനാല്‍ പലരും വാസയോഗ്യമല്ലാത്ത വീടുകളിലേക്ക് മടങ്ങി.

ക്യാമ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത് ഇന്നത്തോട് കൂടി വിടുകള്‍ വാസയോഗ്യമാക്കി അവരെ മടക്കിയയക്കണമെന്നായിരുന്നു. പഞ്ചായത്ത് അധികൃതര്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദ്ദേശവും നല്‍കിയിരുന്നു. മാത്രമല്ല സ്‌കൂളുകളില്‍ നാളെ മുതല്‍ അദ്ധ്യയനം ആരംഭിക്കേണ്ടതിനാല്‍ ഇവിടുങ്ങളില്‍ മുന്‍ഗണന നല്‍കണമെന്നുമായിരുന്നു നിര്‍ദ്ദേശം. പക്ഷേ എല്ലാവര്‍ക്കും ഇപ്പേഴും വീടുകളിലേക്ക് മടങ്ങാനുള്ള സാഹചര്യമില്ല.

പലരുടെയും വീടുകളില്‍ ഇപ്പോഴും ചെളി കെട്ടിക്കിടക്കുകയാണ്. അതേസമയം മറ്റു ക്യാമ്പുകളിലേക്ക് മാറാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അതും അന്തേവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ്. പലരുടെയും വീടുകളില്‍നിന്ന് ഏറെ ദൂരം മാറിയാണ് മറ്റു ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

Full View

അതേസമയം നിലമ്പൂരില്‍ നിര്‍ബന്ധപൂര്‍വ്വം ക്യാമ്പുകള്‍ പിരിച്ച് വിടില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വാസയോഗ്യമല്ലാത്ത വീടുകള്‍ ഉള്ളവര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കും. ആവശ്യമുള്ളിടത്തോളം കാലം ക്യാമ്പുകള്‍ പ്രവര്‍ത്തിക്കണമെന്നാണ് പഞ്ചായത്തുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. പോത്തുകല്ലിലെ വിഷയം പ്രത്യേകം പരിശോധിക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. നിലമ്പൂരിൽ സ്കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ അവസാനിപ്പിക്കുന്നുവെന്ന മീഡിയവണ്‍ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

Tags:    

Similar News