മഴക്കാലത്ത് താമസിക്കുന്നത് കക്കൂസിൽ; നിർധന കുടുംബത്തിന് വീട് വേണം

ഏതുനിമിഷവും തകർന്നു വീണേക്കാവുന്ന കൂരക്കുള്ളിൽ ഭയചകിതരായി കഴിഞ്ഞുകൂടുകയാണ് വയനാട് വള്ളുവാടിയിലെ വിധവയായ നന്ദിനിയും കുടുംബവും.

Update: 2020-01-20 03:37 GMT
Advertising

ഏതുനിമിഷവും തകർന്നു വീണേക്കാവുന്ന കൂരക്കുള്ളിൽ ഭയചകിതരായി കഴിഞ്ഞുകൂടുകയാണ് വയനാട് വള്ളുവാടിയിലെ വിധവയായ നന്ദിനിയും കുടുംബവും. കാടിനോട് ചേർന്ന വീട്ടുമുറ്റത്ത് സ്ഥിരമായി എത്തുന്ന കാട്ടാനകളും ഇവരുടെ ഉറക്കം കെടുത്തുകയാണ്. സുരക്ഷിതമായ വീടിനായി ഈ കുടുംബം അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് 9 വർഷമായി.

നൂൽപ്പുഴ പഞ്ചായത്തിലെ വള്ളുവാടി കുള്ളത്തൂർ കുന്നിലെ ഈ വീടിനകത്ത് 80 വയസ്സ് പിന്നിട്ട വയോധിക അടക്കം മൂന്നു സ്ത്രീകളും ഒരു കുട്ടിയുമാണ് താമസിക്കുന്നത്. ചോർന്നൊലിക്കുന്ന കൂരയുടെ ചുമരുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിൽ ആണ്. കിടപ്പിലായ അമ്മയെയും കൊണ്ട് മഴക്കാലത്ത് കക്കൂസിനകത്താണിവർ താമസിക്കുന്നത്.

വിധവയായ കടുവ പാറക്കൽ നന്ദിനിയും, അമ്മ ഗൗരിയും മകൾ സീമയുമാണ് ഇവിടെ ഭീതിയോടെ കഴിയുന്നത്. സ്വന്തമായി സ്ഥലമുണ്ടായിട്ടും ഒമ്പതു വർഷമായി വീടിന് അപേക്ഷ നൽകി കാത്തിരിക്കുകയാണിവർ.

Full View

വീടിനായി പഞ്ചായത്തിനെ പലതവണ സമീപിച്ചിട്ടും ഫലമുണ്ടായില്ല. പി.എം.എ.വൈ, ലൈഫ് തുടങ്ങിയ പദ്ധതികളിലെല്ലാം വീടിന് അപേക്ഷ നൽകുന്നുണ്ട്. ഓഫീസുകൾ കയറിയിറങ്ങുകയും നിവേദനങ്ങൾ മുറപോലെ നൽകുകയും ചെയ്യുന്നു. സുരക്ഷിതമായൊരു വീടിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ജില്ല കലക്ടർക്കും ഉൾപ്പെടെ പരാതി നൽകി. ഇപ്പോഴും ഈ നിരാലംബ കുടുംബം വീടിനായുള്ള കാത്തിരിപ്പിലാണ്. വനത്തോട് ചേർന്ന കുരക്ക് പുറത്ത് സ്ഥിരമായി എത്തുന്ന കാട്ടാനകളും ഇവരുടെ ഉറക്കം കെടുത്തുന്നുണ്ട്.

Tags:    

Similar News