സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ; ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടും

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Update: 2020-08-01 01:23 GMT
Advertising

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആഗസ്ത് നാലോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം. നാളെ 11 ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

ചൊവ്വാഴ്ചയോടെ രൂപ്പെടുന്ന ന്യൂനമര്‍ദം കേരളത്തില്‍ എങ്ങനെ സ്വാധീനം ചെലുത്തുമെന്ന് പ്രവചിച്ചിട്ടില്ല. എങ്കിലും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. മഴക്കൊപ്പം 2,3 ,4 തീയതികളിൽ കേരള കർണാടക തീരത്തും ലക്ഷദ്വീപ്, മാലിദ്വീപ് പ്രദേശങ്ങളിലും കാറ്റിന്‍റെ വേഗത മണിക്കൂറിൽ 60 കി മീ വരെയാകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. ‌

കാലവര്‍ഷത്തില്‍ ജൂണ് ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 23 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ 1363 മില്ലീമീറ്റര്‍ മഴ പെയ്യേണ്ടിടത്ത് 1050 മില്ലീമീറ്റര്‍ മഴയാണ് അനുഭവപ്പെട്ടത്. കഴിഞ്ഞവര്‍ഷം ഇക്കാലയളവിലും 32 ശതമാനം കുറവ് മഴയിലുണ്ടായിരുന്നു. എന്നാല്‍ ആഗസ്ത് അഞ്ചോടെ അതിതീവ്രമഴ അനുഭവപ്പെടുകയും പിന്നീട് പ്രളയമാകുകയും ചെയ്തു. ഈ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ന്യൂനമര്‍ദ മുന്നറിയിപ്പ് ലഭിച്ചയുടന്‍ അടിയന്തര മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

Full View
Tags:    

Similar News