വോട്ടിങ് മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാർഥിനിയുടെ കൈവിരലിൽ പഴുപ്പ് ബാധിച്ച് ഗുരുതരാവസ്ഥയിൽ

പോളിങ് ഓഫിസർമാർ നിർവഹിക്കേണ്ട ജോലി വിദ്യാർഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചതിൽ അന്വേഷണം ആരംഭിച്ചു

Update: 2024-05-01 05:04 GMT

കോഴിക്കോട്: വോട്ടർമാരുടെ വിരലില്‍ മഷി പുരട്ടുന്ന ജോലി ചെയ്തത് പ്ലസ് വൺ വിദ്യാർത്ഥിനിയുടെ കൈവിരലിൽ പഴുപ്പു ബാധിച്ച്‌ ഗുരുതരാവസ്ഥയിലായതായി പരാതി. ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയുടെ വിരലുകളിലാണ് വോട്ടിങ് മഷി മൂലം പഴുപ്പ് രൂപപ്പെട്ടത്. ഫാറൂഖ് കോളജ് എ.എല്‍.പി സ്കൂളിലെ 93ാം നമ്പർ ബൂത്തിൽ പോളിങ് ബൂത്തിലെത്തുന്ന ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് വേണ്ട സഹായം ചെയ്തു കൊടുക്കാനായിരുന്നു എൻ.എസ്.എസ് വളന്റിയറായിരുന്ന വിദ്യാർഥിനിയെ ആദ്യം ചുമതലപ്പെടുത്തിയത്.

എന്നാല്‍, രാവിലെ പത്തു മണിയോടെ കുട്ടിയെ കൈവിരലില്‍ മഷി പുരട്ടുന്ന വളരെയധികം ഉത്തരവാദപ്പെട്ടതും, പോളിങ് ഓഫിസർമാർ മാത്രം നിർവഹിക്കേണ്ടതുമായ ചുമതല ഏല്‍പിച്ചു. വോട്ടിങ് യന്ത്രങ്ങളുടെ തകരാർ ഉള്‍പ്പെടെ ആശങ്കകളും പരാതികളും നിലനില്‍ക്കേ പോളിങ് ഓഫിസർമാർ നിർവഹിക്കേണ്ട ജോലി പ്ലസ് വണ്‍ വിദ്യാർഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദമായിട്ടുണ്ട്.

Advertising
Advertising

എഴുതാനും മറ്റും ഇടതുകൈ ശീലമാക്കിയ കുട്ടിക്ക് മഷി പുരട്ടാൻ ലഭിച്ചതാകട്ടെ ചെറിയ ബ്രഷും. ഇത്തരം ജോലി ചെയ്ത് ശീലമില്ലാത്ത, കന്നി വോട്ടു പോലും ചെയ്യാത്ത, കുട്ടിയുടെ വിരലുകളിലേക്ക് മഷിപരന്നു. വിരലുകള്‍ക്ക് പുകച്ചിലും മറ്റും വന്നപ്പോള്‍ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും സാരമില്ലെന്ന മറുപടിയാണത്രെ ലഭിച്ചത്.

ഉച്ചക്ക് രണ്ടുമണി വരെ തന്റെ ഊഴം പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയുടെ കൈവിരലുകളില്‍ പഴുപ്പുവന്ന് ഗുരുതരമായി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ചിലപ്പോള്‍ സർജറി വേണ്ടിവരുമെന്നാണ് ഡോക്ടർ അറിയിച്ചത്.

സില്‍വർ നൈട്രേറ്റിന്റെ അളവു കൂടുതലുള്ള ഫോസ് ഫോറിക് മഷി നഖത്തിലും തൊലിയിലുമായി പുരട്ടിയാല്‍ അടയാളം മാഞ്ഞുകിട്ടണമെങ്കിൽ ചുരുങ്ങിയത് നാലുമാസം വരെ കാത്തു നിൽക്കണം ചിലർക്ക് പുതിയ നഖവും തൊലിയും വരുന്നതോടുകൂടി മാത്രമേ മഷി മായുകയുള്ളൂ. വിദ്യാർത്ഥിയെ മഷി പുരട്ടാൻ ഏൽപ്പിച്ച സംഭവം സ്പെഷ്യൽ ബ്രാഞ്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News