ശരിക്കും ഒരു പരീക്ഷണം തന്നെയായിരുന്നു 1967 ലെ സപ്തകക്ഷി മുന്നണി. പരസ്പരം ചേരില്ലെന്ന് കരുതിയിരുന്ന ഏഴ് പാർട്ടി പ്രതിനിധികൾ ഒരു മേശക്ക് ചുറ്റും ഇരുന്ന് സംസാരിച്ചതിന് ശേഷം പൊതുധാരണയിലെത്തുകയായിരുന്നു. അന്ന് ചർച്ചകൾക്ക് നേതൃത്വം നൽകിയത് ഇഎംഎസ് ആയിരുന്നു. ചർച്ചയിൽ പങ്കെടുത്തവരിൽ സിപിഎം,സിപിഐ പ്രതിനിധികൾ ഒഴികെ എല്ലാവരും ഒന്നാം ഇഎംഎസ് സർക്കാറിനെ അധികാരത്തിൽ നിന്ന് ഇറക്കാൻ വേണ്ടി വിമോചനസമരത്തിന് വേണ്ടി തെരുവിലിറങ്ങിയവരായിരുന്നു. കോൺഗ്രസ് ഇതര ജനകീയ സർക്കാർ എന്ന ലക്ഷ്യത്തിനായി ചേർന്നു നിൽക്കാൻ ഇത്തരം കാര്യങ്ങളൊന്നും പാർട്ടികൾക്കിടയിൽ പ്രതിസന്ധിയായില്ല. വിരുദ്ധാഭിപ്രായങ്ങളെ ചേർത്തുള്ള ആ മുന്നണി സംവിധാനത്തിന് രണ്ട് കൊല്ലത്തിൽ കൂടുതൽ ആയുസുണ്ടായില്ല. എങ്കിലും, ഭാവി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മുന്നണി സംവിധാനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതായിരുന്നു 67 ലെ സപ്തകക്ഷി മുന്നണി പരീക്ഷണം.
നേട്ടം കൊയ്ത സിപിഎമ്മും കേരള കോൺഗ്രസും
1965 ലെ തെരഞ്ഞെടുപ്പ് പലരീതിയിൽ പ്രാധാന്യമർഹിക്കുന്നതായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ദേശിയ തലത്തിലും കോൺഗ്രസിന് കേരളത്തിലും പിളർപ്പുണ്ടായ ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പായിരുന്നു 65 ലേത്. പിരിഞ്ഞവർ നേട്ടമുണ്ടാക്കിയ തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമുണ്ടായില്ല. ഇഎംഎസ് ഒഴികെയുള്ള പ്രധാന നേതാക്കളെല്ലാം ജയിലിൽ കിടന്ന് മത്സരിച്ച തെരഞ്ഞെടുപ്പായിട്ട് കൂടി സിപിഎം ഏറ്റവും വലിയ ഒറ്റകക്ഷിയായി. പി.ടി ചാക്കോയുടെ മരണത്തിന് പിന്നാലെ കോൺഗ്രസ് പിളർന്നുണ്ടായ കേരള കോൺഗ്രസും 1965 ലെ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
133 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 40 സീറ്റുകളാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായ സിപിഎം നേടിയത്. കോൺഗ്രസിന് 36 സീറ്റുകളും കേരള കോൺഗ്രസിന് 23 സീറ്റുകളും ലഭിച്ചപ്പോൾ മുസ് ലിം ലീഗിന് ലഭിച്ചത് ആറു സീറ്റുകളാണ്. ദയനീയ പ്രകടനം സിപിഐയുടെയായിരുന്നു. മൂന്ന് സീറ്റിലേക്ക് സിപിഐ ഒതുങ്ങി. 79 സീറ്റുകളിലാണ് സിപിഐ മത്സരിച്ചിരുന്നത്. 40 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ സിപിഎം 73 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. പിളർപ്പിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ സിപിഐ തകർന്നടിയുന്നതാണ് 65 ൽ കണ്ടത്. ക്രൈസ്തവ സഭകളുടേയും മന്നത്ത് പത്മനാഭൻറെയും പിന്തുണയോടെ മത്സരിച്ച കേരള കോൺഗ്രസ് നേട്ടമുണ്ടാക്കിയെങ്കിലും കോൺഗ്രസ് തങ്ങളുടെ അടിസ്ഥാന വോട്ടുകൾ സമാഹരിച്ച് മെച്ചപ്പെട്ട പ്രകടനം നടത്തി. ( അവലംബം- https://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf )
സിപിഎമ്മിൽ ഇഎംഎസ് ഒഴികെയുള്ള ബാക്കി പ്രമുഖ നേതാക്കളെല്ലാം ജയിലിലായിരുന്നുവെന്ന് പറഞ്ഞല്ലോ.. ജയിലിൽ കിടന്ന് മത്സരിച്ച് ജയിച്ചവരായിരുന്നു ഭൂരിഭാഗവും. പലരീതിയിലുള്ള സർക്കാർ രൂപീകരണ ചർച്ചകൾ നടന്നെങ്കിലും ഒന്നും വിജയിച്ചില്ല. ഫലമോ ആർക്കും ഭൂരിപക്ഷമില്ലാത്ത സഭ ഒരു തവണപോലും ചേരാതെ പിരിച്ചുവിട്ടു. സംസ്ഥാനം വീണ്ടും രാഷ്ട്രപതി ഭരണത്തിലേക്ക്. 65 ലെ അനുഭവമാണ് മുന്നണി സംവിധാനത്തിന്റെ ആവശ്യകതയിലേക്ക് സിപിഎമ്മിനെ നയിച്ചത്.
ബുദ്ധി കേന്ദ്രം ഇഎംഎസ്; വൈരം മറന്ന് പാർട്ടികൾ
1966 സെപ്റ്റംബർ 16,17 തിയതികളിലാണ് സിപിഎം നേതൃത്വത്തിൽ ഏഴ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എറണാകുളത്ത് ഒത്തു ചേർന്നത്. കേരളത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിച്ച് ഒരുറച്ച കോൺഗ്രസിതര ജനകീയ സർക്കാർ രൂപീകരിക്കുന്നതിന് നടപടിയെടുക്കാൻ ഏഴു പാർട്ടികളും ഏകകണ്ഠമായി തീരുമാനിച്ചു. യോഗത്തിലെ സംയുക്ത നയപ്രഖ്യാപനം 1967 ജനുവരിയിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തു.
സിപിഎം,സിപിഐ, മുസ്‌ലിം ലീഗ്, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി(എസ്എസ്പി), റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്പി), കർഷക തൊഴിലാളി പാർട്ടി(കെടിപി), കേരള സോഷ്യലിസ്റ്റ് പാർട്ടി (കെഎസ്പി) എന്നീ പാർട്ടികളാണ് സപ്തമുന്നണിയുടെ രൂപീകരണയോഗത്തിൽ പങ്കെടുത്തത്.
സിപിഎമ്മിനെ പ്രതിനിധീകരിച്ച് ഇഎംഎസും, സിപിഐയെ പ്രതിനിധീകരിച്ച് അച്യുതമേനോനും പങ്കെടുത്ത യോഗത്തിൽ സി.എച്ച് മുഹമ്മദ് കോയയാണ് മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ചത്. മറ്റ് പ്രതിനിധികൾ ഇവരായിരുന്നു. -കെ. കുഞ്ഞിരാമക്കുറുപ്പ് (എസ്എസ്പി ), ജി. ഗോപിനാഥൻ നായർ (ആർഎസ്പി), ബി. വെല്ലിങ്ടൺ( കെടിപി), മത്തായി മാഞ്ഞൂരാൻ (കെഎസ്പി ) . യോഗത്തിന് ശേഷം 21 ഇനങ്ങളായി തിരിച്ചുള്ള നയപ്രഖ്യാപനവും നടത്തി. നയപ്രഖ്യാപനത്തിലെ പ്രധാന ഭാഗം ഇപ്രകാരമായിരുന്നു. -
'കഴിഞ്ഞകാലത്ത് കോൺഗ്രസ് നടത്തിയ ദുർഭരണത്തിന്റെയും കേരളത്തോട് കേന്ദ്രം കാണിച്ച അവഗണനയുടെയും ഫലമായി ദുരിത മനുഭവിക്കുന്ന സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഒരുറച്ച സൽഭരണം ഉണ്ടാക്കുന്നതിന് കേരളത്തിലെ ജനലക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന ഏഴു പാർട്ടികൾ ഒരു പൊതുനയത്തിന്റെ അടിസ്ഥാനത്തിൽ ഒന്നിച്ച് മുന്നോട്ടുവരുകയാണ്. കോൺഗ്രസിന്റെ പണച്ചാക്കുകളെയും ദുഷ്പ്രചാരണങ്ങളെയും ഈ പാർട്ടികൾക്ക് നേരിടേണ്ടിവരുമെങ്കിലും ഉദ്ബുദ്ധരായ കേരളത്തിലെ ബഹുജനങ്ങൾ അവയെല്ലാം പരാജയപ്പെടുത്തി ഒരു കോൺഗ്രസിതര ജനകീയ ഗവൺമെന്റുണ്ടാക്കാൻ പിന്തുണ നൽകണമെന്ന് ഞങ്ങൾ വിനീതമായി അഭ്യർത്ഥിക്കുന്നു'. രണ്ട് ദിവസത്തെ യോഗത്തിൽ പങ്കെടുത്ത ഏഴ് നേതാക്കളും ഒപ്പിട്ടതായിരുന്നു പുറത്തിറക്കിയ നയപ്രഖ്യാപനം.
അടിച്ചുകയറി മുന്നണി; തകർന്ന് തരിപ്പണമായി കോൺഗ്രസ്
11 പട്ടികജാതി സംവരണ മണ്ഡലങ്ങൾ, രണ്ട് പട്ടിക വർഗമണ്ഡലങ്ങൾ ഉൾപ്പടെ 133 നിയമസഭ മണ്ഡലങ്ങളാണ് അന്ന് കേരളത്തിലുണ്ടായിരുന്നത്. 75.67 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മും സിപിഐയും മുസ്‌ലിം ലീഗും ഗംഭീരപ്രകടനം കാഴ്ചവെച്ചപ്പോൾ കോൺഗ്രസ് സീറ്റ് നില ഒറ്റ അക്കത്തിലേക്ക് കൂപ്പുകുത്തി.
കക്ഷി നില
- സിപിഎം- 52
- സിപിഐ-19
- സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി- 19
- സ്വതന്ത്രർ- 19 ( ആറുപേർ ആർഎസ്പി പിന്തുണയിൽ മത്സരിച്ചവരാണ് )
- മുസ്‌ലിം ലീഗ്- 14
- കോൺഗ്രസ് -8
- കേരള കോൺഗ്രസ് -5
1965 ലെ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിലേക്ക് ഒതുങ്ങിയ സിപിഐ 16 സീറ്റുകൾ അധികം നേടി 19 ലേക്കെത്തി. സിപിഎമ്മിന് കഴിഞ്ഞ തവണത്തേക്കാൾ അധികം ലഭിച്ചത് 14 സീറ്റുകളായിരുന്നു. മുസ്‌ലിം ലീഗിന് കഴിഞ്ഞ തവണത്തേക്കാൾ എട്ട് സീറ്റുകൾ അധികമായി ലഭിച്ചു. കോൺഗ്രസ് 36 ൽ നിന്നാണ് എട്ടിലേക്ക് ചുരുങ്ങിയത്.
1967 മാർച്ച് ആറിനാണ് ഇഎംഎസ് നേതൃത്വം നൽകുന്ന സപ്തകക്ഷി മുന്നണി സർക്കാർ അധികാരമേറ്റത്. 13 മന്ത്രിമാരാണ് മന്ത്രിസഭയിൽ ഉണ്ടായിരുന്നത്. കെ.ആര് ഗൗരി, ഇ.കെ ഇമ്പിച്ചിബാവ, എം.കെ കൃഷ്ണൻ, പി.ആർ കുറുപ്പ്, പി.കെ കുഞ്ഞ്, സി.എച്ച് മുഹമ്മദ് കോയ, എം.പി.എം അഹമ്മദ് കുരിക്കൾ, എം.എൻ ഗോവിന്ദൻ നായർ, ടി.വി തോമസ്, ബി. വെല്ലിങ്ടൺ, ടി.കെ ദിവാകരൻ, മത്തായി മാഞ്ഞൂരാൻ എന്നിവരായിരുന്നു മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ. 1968 ഒക്ടോബർ 24 ന് എം.പി.എം അഹമ്മദ് കുരിക്കൾ മരിച്ചതിനെ തുടർന്ന് കെ.അവുക്കാദർ കുട്ടി നഹ മന്ത്രിയായി.
ചരിത്രത്തിലാദ്യമായി മന്ത്രിസഭയിൽ ലീഗ് അംഗം
സപ്തകക്ഷിമുന്നണി സംവിധാനവും സർക്കാറും ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ആർക്കാണെന്ന് ചോദിച്ചാൽ അത് ലീഗിനാണ്. 1967 ലാണ് ലീഗിന് ആദ്യമായിട്ട് ഒരു മന്ത്രിയെ ലഭിക്കുന്നത്. കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്ട്രീയപാർട്ടികൾ ലീഗിനെ വർഗീയ പാർട്ടിയായാണ് കണ്ടിരുന്നത്. തെരഞ്ഞെടുപ്പിൽ കൂടെ മത്സരിപ്പിക്കുമ്പോഴും മന്ത്രി സ്ഥാനം നൽകാൻ കോൺഗ്രസ് തയ്യാറായിരുന്നില്ല. വിമോചനസമരത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനോട് ചേർന്ന് ലീഗ് മത്സരിച്ചു. എന്നാൽ, മന്ത്രി സ്ഥാനം നൽകാൻ കോൺഗ്രസ് വിസമ്മതിച്ചു. സി.എച്ച് മുഹമ്മദ് കോയയെ സ്പീക്കറാക്കിയെങ്കിലും മുസ്‌ലിം ലീഗിൽ നിന്ന് രാജിവെപ്പിച്ച ശേഷമാണ് സ്പീക്കറാക്കിയത്. ഇ.എം.എസ് നേതൃത്വം നൽകിയ സപ്തകക്ഷിമുന്നണി സർക്കാറിൽ ലീഗ് ഭാഗമായത് മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടെ വളർച്ചക്ക് വലിയ സഹായകരമായി എന്ന് പല ചരിത്രകാരൻമാരും നിരീക്ഷിച്ചിട്ടുണ്ട്.
പിന്നീട് കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യമുന്നണിയിലേക്ക് ലീഗ് മാറുകയും അവിടത്തെ പ്രധാന സഖ്യകക്ഷിയാവുകയും ചെയ്തു. ലീഗിന്റെ രാഷ്ട്രീയ വളർച്ചയുടെ ഒരു പ്രധാന ഘട്ടം സപ്തകക്ഷി മുന്നണി സർക്കാറായിരുന്നു. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് മറ്റ് പാർട്ടികളിലേക്ക് പോയിരുന്നവരെ പിടിച്ചു നിർത്താൻ ലീഗിന്റെ മന്ത്രിസഭ പ്രാതിനിധ്യത്തിന് സാധിച്ചുവെന്ന് പലരും പിൽക്കാലത്ത് നിരീക്ഷിച്ചിട്ടുണ്ട്.
പരീക്ഷണം പൊളിയുന്നു
വിവിധാരാഷ്ട്രീയ ധാരകളെ കോൺഗ്രസ് ഇതര ജനകീയ സർക്കാർ എന്ന ആശയത്തിൽ ചേർത്തുണ്ടാക്കിയ സപ്തകക്ഷിമുന്നണി സർക്കാർ തുടക്കം തൊട്ട് നിരവധി വെല്ലുവിളികളെ നേരിട്ടു. ഭക്ഷ്യ ക്ഷാമം, പൊലീസിനെതിരെയുള്ള ആരോപണങ്ങൾ, ശക്തമായ പ്രതിപക്ഷ യുവജന-വിദ്യാർഥി പ്രക്ഷോഭങ്ങൾ, വർഗീയ സംഘടനകൾ ഉണ്ടാക്കിയ വെല്ലുവിളി എന്നിവക്ക് പുറമെ മുന്നണിക്കുള്ളിൽ കുറുമുന്നണി രൂപപ്പെട്ടതോടെ സപ്തകക്ഷി മുന്നണി എന്ന പരീക്ഷണം തകർന്നു. പുറത്ത് നിന്നുള്ള പ്രതിസന്ധികളെ ഒറ്റക്കെട്ടായി നിന്ന് നേരിടാമായിരുന്നുവെങ്കിലും മുന്നണിക്കുള്ളിലെ പ്രശ്‌നങ്ങൾക്ക് പലമാനങ്ങൾ ഉണ്ടായിരുന്നു.
സർക്കാറിനെതിരെ ആദ്യം വെടിപൊട്ടിച്ചത് ധനകാര്യ മന്ത്രിയായിരുന്ന പി.കെ കുഞ്ഞാണ്. 'മാർക്‌സിസ്റ്റ് പാർട്ടിയുടെ മേധാവിത്വമാണ് മുന്നണിയിൽ ബി. വെല്ലിങ്ടണും മത്തായി മാഞ്ഞൂരാനും മാർക്‌സിസ്റ്റ് പാർട്ടിയുടെ ഉപകരണങ്ങളാണ്. ഈ സംവിധാനത്തിൽ താൻ തൃപ്തനല്ല ' എന്നായിരുന്നു കുഞ്ഞിന്റെ വാക്കുകൾ. കുഞ്ഞ് മുന്നണിയെ തകർക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം തിരിച്ചടിച്ചു.
സിപിഎമ്മും സിപിഐയും തമ്മിൽ വലിയ ഭിന്നതരൂപപ്പെട്ടു. സിപിഐ നേതാവും വ്യവസായ മന്ത്രിയുമായ ടി.വി തോമസിനെതിരെ മുതലാളിമാരുടെ ഏജന്റാണ് എന്നായിരുന്നു സിപിഎം ആരോപണം. പുറത്തുനിന്നുള്ള വ്യവസായികളെ കേരളത്തിലേക്ക് ക്ഷണിച്ചത് ശരിയായില്ലെന്നും സിപിഎം പറഞ്ഞു. മത്തായി മാഞ്ഞൂരാനും ടി.വി തോമസുമായി പലവട്ടം ഇടഞ്ഞു. ഇതിനിടെയാണ് മന്ത്രിസഭയിലെ ദമ്പതിമാരായ കെ.ആർ ഗൗരിയും ടി.വി തോമസും വേർപിരിയുന്നത്. പാർട്ടി പിളർപ്പിന് ശേഷം രണ്ട് പാർട്ടിയിലായ ഇവർ ജീവിതത്തിലും രണ്ട് വഴിയിലേക്ക് തിരിഞ്ഞത് ഈ സർക്കാറിന്റെ കാലത്താണ്. ഭക്ഷ്യവകുപ്പിന്റെ കൈവശമുള്ള 'മൊളാസസ്' മരുന്നുണ്ടാക്കാൻ വ്യവസായ വകുപ്പിന് വിട്ടു നൽകാൻ കെ.ആർ ഗൗരി വിസമ്മതിച്ചത് വലിയ വാർത്തയായി. ടി.വി തോമസായിരുന്നു വ്യവസായ മന്ത്രി.
അതിനിടെയാണ് ധനമന്ത്രി പി.കെ കുഞ്ഞിനെതിരെ നിയമസഭയിൽ ഒരു അഴിമതി ആരോപണം ഉയർന്നത്. കുഞ്ഞിന്റെ പാർട്ടിക്കാരൻ തന്നെയായ പി.പി വിൽസൺ ആണ് അഴിമതി ഉന്നയിച്ചത്. പിന്നാലെ കോൺഗ്രസ് അംഗം കെ.ടി ജോർജും അഴിമതി ഉന്നയിച്ചു. ആരോപണത്തിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ട് കുഞ്ഞ് മന്ത്രി സ്ഥാനം ഒഴിയണമെന്ന് ഇഎംഎസ് ആവശ്യപ്പെട്ടെങ്കിലും കുഞ്ഞും കുഞ്ഞിന്റെ പാർട്ടിയും തയ്യാറായില്ല. കൂടിയാലോചനകൾ ഇല്ലാതെ കുഞ്ഞിനെതിരെ ഇഎംഎസ് ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. മെയ് 13 ന് കുഞ്ഞ് മന്ത്രി സ്ഥാനം രാജിവെച്ചു. ധനവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു. ഇതിനിടെ സപ്തകക്ഷി മുന്നണിയിൽ കുറുമുന്നണി രൂപപ്പെട്ടിരുന്നു.
സിപിഐ, മുസ്‌ലിം ലീഗ്, ഐഎസ്പി (എസ്എസ്പി പിളർന്ന് ഐഎസ്പിയായിരുന്നു. മന്ത്രിമാർ ഐഎസ്പി പക്ഷത്തായിരുന്നു ) , ആർഎസ്പി എന്നിവരായിരുന്നു സിപിഎം വിരുദ്ധ പക്ഷത്തുണ്ടായിരുന്നത്. ആഗസ്റ്റ് 14 ന് ഇഎംഎസ് ചികിത്സക്കായി കിഴക്കൻ ജർമനിയിലേക്ക് പോയി. ഇഎംഎസിന്റെ അഭാവത്തിൽ നടന്ന മന്ത്രി സഭാ യോഗത്തിൽ ആരോഗ്യമന്ത്രിയും കെടിപി നേതാവുമായ ബി. വെല്ലിംഗ്ടണിനെതിരെ സിപിഐ നേതാവ് എം.എൻ ഗോവിന്ദൻ നായർ അഴിമതി ആരോപണം ഉന്നയിച്ചു. മാർക്‌സിസ്റ്റ് പക്ഷത്തിനൊപ്പം ഉറച്ചുനിൽക്കുന്ന വെല്ലിംഗ്ടണിനെതിരെ അന്വേഷണം നടത്താൻ സിപിഎം തയ്യാറായില്ല. പിന്നാലെ, വെല്ലിംഗ്ടണിനെതിരെ സഭയിലും അഴിമതി ആരോപണം ഉയർന്നു. കോൺഗ്രസ് അംഗമായ എൻ.കെ ദേവസിക്കുട്ടിയാണ് അഴിമതി ആരോപണം ഉന്നയിച്ചത്. 1969 ഒക്ടോബർ നാലിന് വെല്ലിംഗ്ടണിന് എതിരായ പ്രമേയം നിയമസഭ പാസാക്കി. സർക്കാറിന്റെ ഭാഗമായിരുന്ന ചിലരുടെ പിന്തുണയോടെയാണ് പ്രമേയം പാസായത്. പ്രമേയം പരിഗണിക്കരുത് എന്ന് പറഞ്ഞ് സിപിഎം അംഗങ്ങൾ രംഗത്തുവന്നെങ്കിലും സ്പീക്കർ ഡി.ദാമോദരൻ പോറ്റി അനുമതി നൽകുകയായിരുന്നു. പിന്നാലെ, സ്പീക്കർക്കെതിരെയുള്ള അവിശ്വാസത്തിനും സിപിഎം നോട്ടീസ് നൽകി.
ഒക്ടോബർ ഏഴ്, എട്ട്, ഒമ്പത് തിയതികളിലായി മൂന്ന് അഴിമതി ആരോപണങ്ങൾ കൂടി ഉന്നയിക്കപ്പെട്ടു. ടി.വി തോമസ്, എം.എൻ ഗോവിന്ദൻ നായർ, പി.ആർ കുറുപ്പ് എന്നിവർക്കെതിരെയായിരുന്നു നിവേദനങ്ങൾ. ജർമനിയിൽ നിന്ന് മടങ്ങിയെത്തിയ ഇഎംഎസ് വെല്ലിങ്ടണിനെതിരെയുള്ള ആരോപണം അന്വേഷിക്കാൻ ഉത്തരവിട്ടു. പിന്നാലെ, മറ്റ് മൂന്ന് ആരോപണങ്ങൾ അന്വേഷിക്കാനും. സിപിഐയിലെ പ്രമുഖരായ രണ്ട് പേർക്കെതിരെയുള്ള അന്വേഷണത്തിന് ഉത്തരവിട്ടതോടെ തന്നെ സപ്തകക്ഷി മുന്നണിയുടെ ഗതി എല്ലാവർക്കും ബോധ്യമായി. പിന്നീട് ഉള്ളത് നടപടിക്രമങ്ങൾ മാത്രമായിരുന്നു. അന്വേഷണം പ്രഖ്യാപിച്ച ഉടൻ സിപിഐ, മുസ്‌ലിം ലീഗ്, ഐഎസ്പി,ആർഎസ്പി മന്ത്രിമാർ രാജിവെച്ചു. പിന്നീട് മന്ത്രി സഭയിൽ ബാക്കി ഉണ്ടായിരുന്നത് നാലു പേർ മാത്രം. മത്തായി മാഞ്ഞൂരാൻ, കെ.ആർ ഗൗരയമ്മ,എം.കെ കൃഷ്ണൻ, ഇമ്പിച്ചിബാവ. ഇവർക്കെതിരേയും അരോപണങ്ങളിൽ അന്വേഷണം വേണമെന്ന് ടി.എ മജീദ് സഭയിൽ പ്രമേയം അവതരിപ്പിച്ചു, അത് പാസായി. ശേഷം മന്ത്രിമാർക്കും പാർട്ടി പ്രവർത്തകർക്കുമൊപ്പം ജാഥയായി രാജ്ഭവനിലേക്ക് പോയ ഇഎംഎസ് രാജിക്കത്ത് ഗവർണർക്ക് കൈമാറുകയായിരുന്നു.
രാജിവെച്ച ശേഷം എം.എൻ ഗോവിന്ദൻ നായർ നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗം (കടപ്പാട്- കേരള രാഷ്ട്രീയ ചരിത്രം- ആർ.കെ ബിജുരാജ് )
മന്ത്രിസ്ഥാനം രാജിവെച്ചശേഷം 1969 ഒക്ടോബർ 21-ന് നിയമസഭയിൽ എം.എൻ. ഗോവിന്ദൻ നായർ നടത്തിയ പ്രസംഗം സഭാചട്ടം റൂൾ 278 പ്രകാരമായിരുന്നു എം.എൻ. ഗോവിന്ദൻ നായരുടെ പ്രസംഗം.
'ഐക്യമുന്നണിയിലെ വിവിധ പാർട്ടികളെ ഏകോപിപ്പിച്ച്, ഐക്യ മുന്നണി അംഗീകരിച്ച പരിപാടികൾ നടപ്പാക്കുന്ന കാര്യത്തിൽ മാർ ക്‌സിസ്റ്റു പാർട്ടി അംഗങ്ങൾ ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. അഴിമതി നിരോധനത്തെ സംബന്ധിച്ച് വളരെ വ്യക്തമായി ഇന്ന രീതിയിലുള്ള ഒരു നിയമനിർമാണം ഞങ്ങൾ നടത്തും എന്ന് പരിപാടിയിൽ പറഞ്ഞിട്ടുണ്ട്, അതിന്റെ അടിസ്ഥാനത്തിൽ ഒരു ബിൽ ഇവിടെ മുഖ്യമന്ത്രിതന്നെ അവതരിപ്പിച്ച് ഇന്ന് അത് കോൾഡ് സ്റ്റോറേജിൽ വെച്ചിരിക്കുകയാണ്. പഞ്ചായത്ത് രാജ് ബിൽ, ഏതു രീതി യിലുള്ള ബില്ലായിരിക്കണമെന്ന് ഐക്യമുന്നണിയുടെ പരിപാടിയിൽ പറഞ്ഞിട്ടുണ്ട്. സെലക്ട് കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ച ആ ബിൽ ഒന്നരവർഷമായി കോൾഡ് സ്റ്റോറേജിൽ ഇരിക്കുകയാണ്. മാർക്സിസ്റ്റു പാർട്ടിയുടെ പി.ബിയുടെയും റവന്യൂ മന്ത്രിയുടെയും ഇവിടത്തെ ജനറൽ സെക്രട്ടറി സഖാവ് എ.കെ. ഗോപാലന്റെയും അഭിപ്രായത്തിൽ ഈ ബിൽ സ്വീകാര്യമല്ല. കാരണം, ഈ നാട്ടിലെ സാമാന്യജനങ്ങൾക്കു വളർച്ച, രാഷ്ട്രീയമായ വളർച്ചയുണ്ടായിട്ടില്ലെന്നതുതന്നെ.
കോൺഗ്രസോ കേരള കോൺഗ്രസോ ഐ.എസ്.പിയോ മറ്റേതെ ങ്കിലും പാർട്ടിയോ എന്നെപ്പറ്റി ആരോപണങ്ങൾ കൊണ്ടുവന്നിരുന്നെങ്കിൽ ഒരളവുവരെ അതു മനസ്സിലാക്കാമായിരുന്നു. മുപ്പതു കൊല്ലം ഒന്നിച്ചു പലതും സഹിച്ച് പ്രവർത്തിച്ചവരാണ്. ഞാൻ കള്ളനാണെന്ന് ആ നമ്പൂതിരിപ്പാട് 'സബ്ജക്ടീവ് സാറ്റിസ്ഫാക്ഷന്റെ' അടിസ്ഥാനത്തിൽ പറഞ്ഞല്ലോ നമ്പൂതിരി, നാണമില്ലേ നമ്പൂതിരിപ്പാടേ..
(സി.ബി. ചന്ദ്രശേഖരവാര്യർ, ടി.കെ. രാമകൃഷ്ണൻ, എ.വി. ആര്യൻ മുതലായവർ പോയിന്റ് ഓഫ് ഓർഡറുകൾ ഉന്നയിച്ചുകൊണ്ട് എഴുന്നേറ്റുനിന്നു)
മാർക്‌സിസ്റ്റ് പാർട്ടിയുടെ വക്കാലത്തു പിടിക്കുന്ന ശ്രീ സി.ബി. സി. വാര്യർ എന്നാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ വന്നതെന്ന് അറിയാവുന്ന ആളാണ് ഞാൻ. 1948-ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തെറ്റായ നയംമൂലം തകർത്തിട്ടിരുന്ന പാർട്ടിയെ 1957-ൽ അധികാരത്തിൽ വരത്തക്കവണ്ണം തല്ലിക്കൂട്ടി സംഘടിപ്പിച്ച് ശക്തിപ്പെടുത്തുകയുണ്ടായി. കാര്യ ക്ഷമമായി പാർട്ടി രൂപാന്തരപ്പെടുന്നതിലേക്ക് ആ അവസരത്തിൽ കുറെ യൊക്കെ സംഭാവനകൾ ഞാനും ചെയ്തിട്ടുള്ളവനാണ്. ഞാൻ മന്ത്രി ആകാനല്ല തീരുമാനിച്ചത്. അന്ന് ഡൽഹി സെക്രട്ടേറിയറ്റിൽ പ്രവർത്തി ച്ചിരുന്ന സഖാവ് ഇ.എം.എസ്. മുഖ്യമന്ത്രിപദം ഏറ്റെടുക്കണമെന്നു പറഞ്ഞ് അദ്ദേഹത്തെ ക്ഷണിച്ച് ഇവിടെ കൊണ്ടുവന്നതാണ്. അതുകൊണ്ട് ശ്രീ വാര്യരും അതുപോലെയുള്ള മറ്റു മെംബർമാരും ആ ഭാഗത്തുനിന്നും ഒച്ചയുണ്ടാക്കുമ്പോൾ അത് വകവെക്കുകയുമില്ല.
ഐക്യമുന്നണി ചരിത്രപരമായ ആവശ്യമായി വളർന്നുവന്നിരിക്കുന്ന ഈ കാലഘട്ടത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഞാൻ ഊന്നിപ്പറയുന്നില്ല. ഐക്യമുന്നണിക്കകത്തുനിന്നുകൊണ്ട് സഹോദരപാർട്ടിയെ നശിപ്പിക്കുക എന്നതാണ് നമ്മുടെ മാർക്സിസ്റ്റ് കമ്യൂണിസ്റ്റു പാർട്ടിയുടെ നയമെങ്കിൽ ഇവർ ഐക്യമുന്നണിക്ക് ഒരു ആപത്തായിത്തീരുമെന്നും ഇവരെപ്പറ്റി ഇന്ത്യയിലെ തൊഴിലാളിവർഗവും ജനാധിപത്യശക്തികളും ജാഗ്രതയുള്ളവരായിരിക്കണമെന്നും ഓർമപ്പെടുത്താൻ ഞാൻ ഈ അവസരം വിനിയോഗിക്കുകയാണ്.' എം.എൻ ഗോവിന്ദൻനായർ പറഞ്ഞു.
റഫറൻസ്-
- കേരള രാഷ്ട്രീയ ചരിത്രം- ആർ.കെ ബിജുരാജ്
- കാൽനൂറ്റാണ്ട് - ചെറിയാൻ ഫിലിപ്പ്
- ജനാധിപത്യ കേരളം- കെ. ബാലകൃഷ്ണൻ
- www.ceo.kerala.gov.in