വിദ്വേഷ പരാമര്‍ശം: ബി. ഗോപാലകൃഷ്ണനെ മാറ്റണമെന്ന് എന്‍ഡിഎ ഘടകകക്ഷി

ഗോപാലകൃഷ്ണന്‍ മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും ലോക് ജന്‍ശക്തി പാര്‍ട്ടി പാസ്വാന്‍ വിഭാഗം

Update: 2026-03-21 15:11 GMT

തൃശൂര്‍: വിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെ ഗുരുവായൂരിലെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറ്റണമെന്ന് എന്‍ഡിഎ ഘടകകക്ഷിയായ ലോക് ജന്‍ശക്തി പാര്‍ട്ടി പാസ്വാന്‍ വിഭാഗം. ഗോപാലകൃഷ്ണന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ദിലീപ് വാഴപ്പിള്ളി പറഞ്ഞു. ഗോപാലകൃഷ്ണന്‍ മാപ്പ് പറയണം. ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കും. ഇക്കാര്യം എന്‍ഡിഎയില്‍ ആവശ്യപ്പെടുമെന്നും ദിലീപ് വാഴപ്പിള്ളി മീഡിയ വണ്ണിനോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിജെപി സ്ഥാനാര്‍ഥിയായ ബി. ഗോപാലകൃഷ്ണന്‍ വിദ്വേഷ പരാമര്‍ശം നടത്തിയത്. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങള്‍ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നില്ലെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം. അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായ ഗുരുവായൂരില്‍ എന്തുകൊണ്ട് ഹിന്ദു എംഎല്‍എ ഉണ്ടായില്ലെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചിരുന്നു. മലപ്പുറം ജില്ലയെ കുറിച്ചും അദ്ദേഹം വിദ്വേഷപരമായ പരാമര്‍ശം നടത്തി. മലപ്പുറത്ത് സംവരണ മണ്ഡലങ്ങളില്‍ ഒഴികെ മറ്റൊരിടത്തും ഹൈന്ദവ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെ കാണാനില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. 

Full View


Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News