ട്രഷറിയിലെ പണം തട്ടിയ കേസ്: പ്രതി ബിജുലാലിനെ ജോലിയില്‍ നിന്നും പിരിച്ചുവിടും

വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സര്‍ക്കാര്‍ അക്കൌണ്ടില്‍ നിന്ന് രണ്ട് കോടി തട്ടിയ കേസിലാണ് നടപടി

Update: 2020-08-03 11:26 GMT
Advertising

വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി തട്ടിയ കേസിലെ പ്രതി ബിജുലാലിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടും. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ പിരിച്ചുവിടലിനുള്ള ഉത്തരവിറങ്ങും. വെറുമൊരു ക്രമക്കേടല്ല, ഗുരുതരമായ സൈബർ ക്രൈമാണ് ബിജുലാൽ ചെയ്തിട്ടുള്ളതെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു. ട്രഷറിയിലെ സോഫ്റ്റ് വെയര്‍ സെക്യൂരിറ്റി ഓഡിറ്റിങ്ങിന് വിധേയമാക്കുമെന്നും മന്ത്രി അറിയിച്ചു. തട്ടിപ്പ് കണ്ടുപിടിച്ച എസ്.ടി.ഒ ബാബു പ്രസാദ് ഒഴികെയുള്ളവരെ സ്ഥലം മാറ്റുകയും ചെയ്തു. സമാനമായ സംഭവം എവിടെയെങ്കിലുമുണ്ടോ എന്ന് പരിശോധിക്കുമെന്നും ബിജുലാല്‍ ഗുരുതരമായ സൈബര്‍ കുറ്റകൃത്യം ചെയ്തുവെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. ധനവകുപ്പിന്റെ മൂന്നു പേരും എൻ.ഐ.സിയുടെ ഒരാളും അടങ്ങുന്ന പ്രത്യേക അന്വേഷണസംഘം ഉണ്ടായ സംഭവങ്ങൾ സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് നൽകും. അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുകളിലുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

മെയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്‍റെ പാസ്‍വേഡ് ഉപയാഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ജൂലൈ 27നാണ് പണം മോഷ്ടിച്ചത്. സർക്കാർ അക്കൗണ്ടിൽ നിന്ന് തന്‍റെ ട്രഷറി അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും ഘട്ടംഘട്ടമായി ഉദ്യോഗസ്ഥൻ പണം മാറ്റി. തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം രേഖകള്‍ ഉദ്യോഗസ്ഥന്‍ ഡിലീറ്റാക്കി. എന്നാല്‍ പണം കൈമാറ്റത്തിനുള്ള ഡേ ബുക്കില്‍ 2 കോടിയുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കള്ളി വെളിച്ചത്തായത്.

പരാതി കിട്ടിയതിന് പിന്നാലെ ബിജുലാലിന്റെ കരമനയിലുള്ള വീട്ടിലും ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. ബിജുലാലും ഭാര്യ സിനിയും ഒളിവിൽ പോയെന്നാണ് പൊലീസിന്റെ നിഗമനം. കേസിൽ വിശദമായ അന്വേഷണത്തിന് ട്രഷറി വിജിലൻസ് ജോയിന്റ് ഡയറക്ടർ വി.സാജനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ തുക തട്ടിയെടുത്തിട്ടുണ്ടാകാം എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ബിജുലാലിന്റെയും ഭാര്യയുടെയും ട്രഷറി അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News