വഞ്ചിയൂർ സബ് ട്രഷറി കേസിലെ മുഖ്യപ്രതി ബിജുലാൽ ഇന്ന് കീഴടങ്ങിയേക്കും

മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് കീഴടങ്ങൽ ശ്രമം

Update: 2020-08-04 02:35 GMT
Advertising

തിരുവനന്തപുരം വഞ്ചിയൂർ സബ് ട്രഷറി കേസിലെ മുഖ്യപ്രതി ബിജുലാൽ ഇന്ന് കീഴടങ്ങിയേക്കും. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് കീഴടങ്ങൽ ശ്രമം. ഭാര്യ സിമിക്ക് കൃത്യത്തിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് രണ്ടാം പ്രതിയാക്കിയതെന്ന് വഞ്ചിയൂർ പൊലീസ് അറിയിച്ചു. അതേസമയം ധനവകുപ്പ് നിയോഗിച്ച പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു. അഞ്ച് ദിവസത്തിനുളളിൽ റിപ്പോർട്ട് സമർപ്പിക്കും.

മെയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്‍റെ പാസ്‍വേഡ് ഉപയാഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ജൂലൈ 27നാണ് പണം മോഷ്ടിച്ചത്. സർക്കാർ അക്കൗണ്ടിൽ നിന്ന് തന്‍റെ ട്രഷറി അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും ഘട്ടംഘട്ടമായി ഉദ്യോഗസ്ഥൻ പണം മാറ്റി. തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം രേഖകള്‍ ഉദ്യോഗസ്ഥന്‍ ഡിലീറ്റാക്കി. എന്നാല്‍ പണം കൈമാറ്റത്തിനുള്ള ഡേ ബുക്കില്‍ 2 കോടിയുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കള്ളി വെളിച്ചത്തായത്.

പരാതി കിട്ടിയതിന് പിന്നാലെ ബിജുലാലിന്റെ കരമനയിലുള്ള വീട്ടിലും ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. ബിജുലാലും ഭാര്യ സിനിയും ഒളിവിൽ പോയെന്നാണ് പൊലീസിന്റെ നിഗമനം. കേസിൽ വിശദമായ അന്വേഷണത്തിന് ട്രഷറി വിജിലൻസ് ജോയിന്റ് ഡയറക്ടർ വി.സാജനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ തുക തട്ടിയെടുത്തിട്ടുണ്ടാകാം എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ബിജുലാലിന്റെയും ഭാര്യയുടെയും ട്രഷറി അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News