ഓർത്തഡോക്സ് സഭ സമാധാന ചർച്ചക്കില്ല; സൂചന സത്യഗ്രഹസമരവുമായി യാക്കോബായ സഭ

ഇന്ന് മുതല്‍ പള്ളികളിലും ഭദ്രാസന കേന്ദ്രങ്ങളിലുമാണ് സമരം നടത്തുക. സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുന്നതിന്‍റെ മുന്നോടിയായാണ് സൂചന സമരം

Update: 2020-11-22 01:45 GMT
Advertising

സമാധാന ചർച്ചകളിൽ നിന്ന് ഓർത്തഡോക്സ് സഭ പിന്മാറിയതിൽ പ്രതിഷേധിച്ച് യാക്കോബായ സഭയുടെ സൂചന സത്യഗ്രഹസമരം. ഇന്ന് മുതല്‍ പള്ളികളിലും ഭദ്രാസന കേന്ദ്രങ്ങളിലുമാണ് സമരം നടത്തുക. സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുന്നതിന്‍റെ മുന്നോടിയായാണ് സൂചന സമരം.

കോടതി ഉത്തരവിന്‍റെ മറവിൽ റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് യാക്കോബായ സഭയുടെ പള്ളികൾ ഓർത്തഡോക്സ് സഭക്ക് ബലമായി ഏറ്റെടുത്തുകൊടുക്കയാണെന്ന് ആരോപിച്ചാണ് ഒരിടവേളക്കു ശേഷം പ്രത്യക്ഷ പ്രതിഷേധവുമായി യാക്കോബായ സഭ മുന്നോട്ട് വരുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമവായ ചർച്ചകൾ പുരോഗമിക്കുന്നതു കൊണ്ട് യാക്കോബായ സഭ പ്രത്യക്ഷ സമരപരിപാടികൾ നിർത്തിവെച്ചിരിക്കുകയായിരുന്നു.

എന്നാൽ ചർച്ചകൾ ഒരു വശത്ത് പുരോഗമിക്കുമ്പോഴും കോടതി ഉത്തരവ് മറയാക്കി കൊണ്ട് ഓർത്തഡോക്സ് സഭ പള്ളിപിടുത്തം തുടരുകയാണെന്ന് യാക്കോബായ സഭ ആരോപിച്ചിരുന്നു. അതിനിടക്ക് തന്നെയാണ് സമവായ ചര്‍ച്ചയില്‍ നിന്ന് ഓര്‍ത്തഡോക്സ് സഭ പിന്‍മാറിയതും. ഈ സാഹചര്യത്തില്‍ കൂടിയാണ് യാക്കോബായ സഭയുടെ നീക്കം.

വെളളിയാഴ്ച മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യാഗ്രഹസമരം നടത്തുമെന്ന് സഭാ നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നു. കോതമംഗലത്തെ യാക്കോബായ സഭയുടെ ചെറിയപള്ളി ഏറ്റെടുത്ത് നല്‍കാത്തതിനെതിരെ കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

ഉത്തരവു നടപ്പാക്കാൻ മൂന്നു മാസത്തെ സാവകാശം തേടിയിരിക്കുകയാണ് സർക്കാർ. ചർച്ച നടക്കുകയാണെന്നും ബലം പ്രയോഗിച്ചു പള്ളി പിടിച്ചെടുത്താൽ ജീവനും വസ്തുവകകൾക്കും നാശനഷ്ടമുണ്ടാകുമെന്ന് ഇന്‍റലിജൻസ് റിപ്പോർട്ടുണ്ടെന്നും വ്യക്തമാക്കി എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസും സത്യവാങ്മൂലം നൽകിയിരുന്നു.

Tags:    

Similar News