സിപിഎമ്മില്‍ പിണറായിക്കെതിരെ പടയൊരുക്കം: മുല്ലപ്പള്ളി

'സ്റ്റാലിന്‍റെയും ഹിറ്റ്ലറിന്‍റേയും കോംപ്ലക്സാണ് പിണറായിക്ക്. മറ്റുള്ളവരെ തള്ളിയിട്ട് രക്ഷപ്പെടുന്ന ക്യാപ്റ്റനാണ് പിണറായി'

Update: 2021-04-04 02:40 GMT
Advertising

സിപിഎമ്മില്‍ പിണറായി വിജയനെതിരെ പടയൊരുക്കമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായി പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നു. സ്റ്റാലിന്‍റെയും ഹിറ്റ്ലറിന്‍റേയും കോംപ്ലക്സാണ് പിണറായിക്ക്. മറ്റുള്ളവരെ തള്ളിയിട്ട് രക്ഷപ്പെടുന്ന ക്യാപ്റ്റനാണ് പിണറായി എന്നും മുല്ലപ്പള്ളി ആരോപിച്ചു.

നല്ല കമ്മ്യൂണിസ്റ്റുകള്‍ ഈ തെരഞ്ഞെടുപ്പില്‍ പിണറായിക്കെതിരെ പ്രതികരിക്കും. ഇതിന്‍റെ ലക്ഷണമാണ് ജയരാജന്‍മാരുടെ പ്രതികരണത്തില്‍ കാണുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

എല്ലാവരും സഖാക്കളാണ്, പാർട്ടിയാണ് ക്യാപ്റ്റൻ എന്നാണ് സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്‍ പറഞ്ഞത്. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റു ചെയ്ത് ഇഷ്ടം പ്രകടിപ്പിക്കും. എന്നാൽ കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ലെന്നും പി. ജയരാജൻ ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുകയുണ്ടായി.

ക്യാപ്റ്റന്‍ വിളി മുഖ്യമന്ത്രിയുടെ നേതൃപാടവം പരാമര്‍ശിക്കുന്ന പ്രതികരണം മാത്രമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവന്റെ പ്രതികരണം‍. മുഖ്യമന്ത്രിയെ കേരളത്തിലെ ജനങ്ങള്‍ സ്‌നേഹാദരങ്ങളോടെ കാണുന്നുണ്ട്. അതിനെ വളച്ചൊടിക്കേണ്ട കാര്യമില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

ക്യാപ്റ്റൻ വിളി അറിഞ്ഞിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ആളുകൾക്ക് താത്പര്യം വരുമ്പോൾ അങ്ങനെ പലതും വിളിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

'അതുമെടുത്ത് വല്ലാതെ നടന്നിട്ടൊന്നും വലിയ കാര്യമില്ലാന്ന്, അതൊന്നും എടുത്തിട്ട് എവിടെയും ഏശാൻ പോകുന്ന കാര്യമല്ല. അത് ആളുകൾ പലതും വിളിക്കും. അവർക്ക് താത്പര്യം വരുമ്പോൾ പലേ കാര്യങ്ങളും വിളിച്ചൂന്ന് വരും. അതൊന്നുമെടുത്തിട്ട് ഒരാശയക്കുഴപ്പവുമുണ്ടാക്കാൻ കഴിയില്ല. അതങ്ങനെ ആലോചിച്ചാൽ മതി' - എന്നായിരുന്നു പിണറായിയുടെ പ്രതികരണം.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News