Writer - അൻഫസ് കൊണ്ടോട്ടി
anfas123
Photo: MediaOne
കോഴിക്കോട്: കോഴിക്കോട് കാൻസർ രോഗിയെ കുടുംബത്തോടെ വീട്ടിൽ നിന്നിറക്കി വിട്ടതായി പരാതി. കോടഞ്ചേരി സ്വദേശി സാജു ജോണിനെയാണ് റിയൽ എസ്റ്റേസ്റ്റ് മാഫിയ തട്ടിപ്പിനിരയാക്കി വീട്ടിൽ നിന്നിറക്കി വിട്ടത്. ഇദ്ദേഹത്തെയും കുടുംബത്തെയും സിപിഎം പ്രവർത്തകർ ഇടപെട്ട് വീട്ടിലേക്ക് തിരികെ കയറ്റി.
കാൻസർ ബാധിച്ച് കുടുംബം പ്രയാസത്തിലായതോടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് 17 ലക്ഷം രൂപയ്ക്ക് വേണ്ടി വീടും 24 സെന്‍റ് പറമ്പും മറ്റൊരാൾക്ക് എഴുതിക്കൊടുക്കുന്നത്. എന്നാൽ നാല് ലക്ഷം രൂപ മാത്രം നൽകിയതിന് ശേഷം തട്ടിപ്പിനിരയാക്കി എന്നാണ് പരാതി. പലപ്പോഴായി പണം ആവശ്യപ്പെട്ടെങ്കിലും തിരികെ ലഭിച്ചില്ലെന്നും കുടുംബത്തെ വീട്ടിൽ നിന്ന് ഇറക്കിവിട്ടുവെന്നും വീട്ടുകാർ പറയുന്നു. ഒടുവിൽ സിപിഎം പ്രവർത്തകർ ഇടപെട്ടതിന് ശേഷമാണ് ഇവർക്ക് വീട്ടിലേക്ക് തിരികെ കയറാനായത്.
'അസുഖത്തെ തുടർന്ന് പ്രയാസപ്പെട്ട് കഴിയുമ്പോഴാണ് സവാദ് എന്ന ഒരാൾ സ്ഥലം വാങ്ങിക്കുന്നത്. ആരോഗ്യസ്ഥിതി വഷളായതോടെ അത്യാവശ്യമായി നാല് ലക്ഷം വാങ്ങിക്കുകയും ബാക്കി ഇടപാടുകൾ പിന്നീടാകാമെന്നുള്ള വിശ്വാസത്തിൽ കരാറിൽ ഒപ്പിടുകയായിരുന്നു. എന്നാൽ, പിന്നീട് ബാക്കി പണം കൊടുത്തില്ലെന്ന് മാത്രമല്ല, വിളിക്കുമ്പോൾ ഫോണെടുക്കുകയും ചെയ്തിരുന്നില്ല. ഇതേതുടർന്നാണ് സിപിഎം പ്രവർത്തകർ ഇടപെടുന്നത്. അസുഖബാധിതരെ തെരഞ്ഞുപിടിച്ച് പറ്റിക്കുന്നത് ഈയിടെ കോടഞ്ചേരി പ്രദേശങ്ങളിൽ പതിവായിരിക്കുകയാണ്.' നാട്ടുകാർ പ്രതികരിച്ചു.
കൊള്ളസംഘങ്ങളെ പോലെയാണ് റിയൽ എസ്റ്റേസ്റ്റ് മാഫിയ സംഘങ്ങളുടെ പ്രവർത്തനമെന്നും ഇത്തരക്കാരുടെ ശല്യം ഒഴിവാക്കാൻ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പഞ്ചായത്ത് പ്രതിനിധി അറിയിച്ചു.