പാർട്ടി പ്രവർത്തനശൈലി മാറ്റും; വിശാല സംസ്ഥാന സമിതിക്കുള്ള റിപ്പോർട്ട് സെക്രട്ടേറിയറ്റിൽ
പിണറായിയുടെ പ്രസംഗത്തോടും സിപിഐയുമായുള്ള തർക്കങ്ങളോടും കേന്ദ്ര നേതൃത്വത്തിനുള്ള കടുത്ത അതൃപ്തി എം.എ ബേബി സെക്രട്ടേറിയറ്റിനെ അറിയിച്ചേക്കും
തിരുവനന്തപുരം: സിപിഎം വിശാല സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട കരട് റിപ്പോർട്ടിന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് അംഗീകാരം നൽകും. തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാർട്ടി പ്രവർത്തന ശൈലിയിൽ പൂർണമായും മാറ്റം വരുത്താനുള്ള നിർദേശങ്ങൾ കരട് റിപ്പോർട്ടിലുണ്ട്.
തെരഞ്ഞെടുപ്പ് പരാജയത്തിന് സംഘടനാപരമായ വീഴ്ചകൾ കാരണമായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജനങ്ങളോട് കൂടുതൽ അടുത്ത് ഇടപഴകുന്ന തരത്തിൽ കേഡർ സംവിധാനത്തിലും നേതൃത്വത്തിന്റെ പ്രവർത്തന ശൈലിയിലും തിരുത്തലുകൾ വരുത്തും. നിർജീവമായി നിൽക്കുന്ന പാർട്ടി കമ്മിറ്റികളും വർഗ-ബഹുജന സംഘടനകളും പുനഃസംഘടിപ്പിച്ച് കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനും നിർദേശമുണ്ട്.
പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ ബേബി പങ്കെടുക്കുന്ന യോഗത്തിൽ തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിൽ പിണറായി വിജയൻ നടത്തിയ പ്രസംഗങ്ങളും ചർച്ചയായേക്കും.
പിണറായിയുടെ പ്രസംഗത്തോടും സിപിഐയുമായുള്ള തർക്കങ്ങളോടും കേന്ദ്ര നേതൃത്വത്തിനുള്ള കടുത്ത അതൃപ്തി എം.എ ബേബി സെക്രട്ടേറിയറ്റിനെ അറിയിക്കാനും സാധ്യതയുണ്ട്.