ചൂരൽമല-മുണ്ടക്കൈ ദുരന്തം; കേരളത്തിനോട് കേന്ദ്രത്തിന്റെ ചിറ്റമ്മനയം വേണ്ട ഹൈക്കോടതി
ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കെതിരായ ബാങ്കുകളുടെ ജപ്തി നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
Photo|Special Arrangement
കൊച്ചി ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കേരളത്തിനോട് കേന്ദ്രം ചിറ്റമ്മനയം നടത്തേണ്ട. വായ്പകൾ എഴുതി തള്ളാൻ കേന്ദ്രത്തിന് അധികാരമില്ലെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഗുജറാത്തടക്കമുള്ള സംസ്ഥാനങ്ങൾക്ക് തുക അനുവദിച്ചത് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി സഹായിക്കാൻ മനസ്സില്ലെങ്കിൽ അത് തുറന്നു പറയണമെന്നും വിമർശിച്ചു.മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്കെതിരായ ബാങ്കുകളുടെ ജപ്തി നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.
കേന്ദ്ര സർക്കാരിനെ ഫെഡറൽ തത്വം ഓർമിപ്പിച്ച കോടതി വ്യത്യസ്ത സംസ്ഥാനങ്ങൾക്കിടയിൽ കേന്ദ്രത്തിന് വിവേചനം പാടില്ലെന്നും വ്യക്തമാക്കി. കേന്ദ്രസർക്കാരിന് ഏതെങ്കിലും പ്രത്യേക സംസ്ഥാനങ്ങളിലെ പൗരന്മാർക്ക് വ്യത്യസ്ത പരിഗണന നൽകാനാവില്ല. ഭരണഘടന വിഭാവനം ചെയ്ത ഫെഡറൽ തത്വപ്രകാരം ഇത് അനുവദിക്കാനാകില്ല. ജനങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുമെന്ന ഭരണഘടനാപരമായ ഉറപ്പിനെ പാർട്ടി രാഷ്ട്രീയത്തിന്റെ പേരിൽ നിഷേധിക്കാൻ കഴിയില്ല. ഭരണഘടന ഉറപ്പുനൽകുന്ന അന്തസ്സുള്ള ജീവിതത്തെ അപമാനിക്കുന്നതിന് തുല്യമാണ് കേന്ദ്ര നടപടിയെന്നും കോടതി വിമർശിച്ചു. വായ്പകൾ തിരിച്ചുപിടിക്കാനുള്ള ബാങ്കുകളുടെ ഷൈലോക്കിയൻ രീതികളെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ദുരന്ത ബാധിതരെ ജപ്തി ചെയ്യുന്നതില്‍ നിന്ന് 12 ബാങ്കുകളെയാണ് കോടതി വിലക്കിയത്.
ഗുജറാത്തിനും രാജസ്ഥാനും ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് സഹായം നൽകി. സഹായിക്കാൻ മനസ്സിലെങ്കിൽ അത് ജനങ്ങളോട് പറയൂ. കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്നു. കാരുണ്യമല്ല തേടുന്നതെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു. റിസർവ് ബാങ്കിന്റെ നയപ്രകാരം ദുരന്തബാധിത പ്രദേശങ്ങളിൽ ബാങ്കു വായ്പകൾ പൂർണ്ണമായി എഴുതിതള്ളാൻ വ്യവസ്ഥയില്ല, 2015 ലെ ബാങ്കേഴ്‌സ് കോൺഫറൻസിൽ ഉണ്ടാക്കിയ ധാരണപ്രകാരം ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാൻ കേന്ദ്ര സർക്കാറിന് അധികാരമില്ലെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. മൊറട്ടോറിയം അനുവദിക്കാനുള്ള അധികാരം മാത്രമാണ് റിസർവ് ബാങ്ക് നൽകുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്.
കേസ് പരിഗണിച്ച ഘട്ടങ്ങളിലെല്ലാം വായപ എഴുതിതള്ളുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്ന് കൃത്യമായമറുപടി ഉണ്ടായിരുന്നില്ല. നിലപാട് വ്യക്തമാക്കാത്തതിൽ പലതവണ കേന്ദ്ര സർക്കാറിനെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു. ഇന്ന് കേസ് പരിഗണിക്കുന്നതിന് മുമ്പാണ് നിലപാട് അറിയിക്കാൻ കോടതി നിർദേശിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.
കേരള ബാങ്ക് ഉൾപ്പടെ വായ്പകൾ എഴുതി തള്ളിയപ്പോഴും ദേശസാൽകൃത ബാങ്കുകൾ വായ്പകൾ എഴുതി തള്ളാൻ തയ്യാറായിരുന്നില്ല. പല ബാങ്കുകളും ദുരന്തബാധിതരുടെ അക്കൗണ്ടുകളിൽ നിന്ന് വായ്പകളുടെ മാസ അടവ് തിരിച്ച്ുപിടിക്കുകയും ചെയ്തിരുന്നു.