റീന കൊലക്കേസ്; പ്രതിയായ ഭർത്താവ് മനോജിന് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ
തുക മക്കൾക്ക് നൽകാനും കോടതി ഉത്തരവിട്ടു
പത്തനംതിട്ട: പത്തനംതിട്ട റാന്നി റീന കൊലക്കേസിൽ പ്രതി ഭർത്താവ് മനോജിന് ജീവപര്യന്തം കഠിന തടവ്. പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2014 ൽ മക്കളുടെ മുന്നിൽ വെച്ചാണ് റീനയെ മനോജ് ക്രൂരമായി കൊലപ്പെടുത്തിയത്.
2014 ഡിസംബർ 28 നായിരുന്നു ക്രൂര കൊലപാതകം. മരണപ്പെടുമ്പോൾ റീനയുടെ പ്രായം 35 വയസായിരുന്നു. അന്ന് 11 ഉം 13 ഉം വയസ്സുള്ള ആൺമക്കളുടെ മുന്നിൽ വച്ച് ഭർത്താവായ മനോജ് ഇഷ്ടിക കൊണ്ട് റീനയുടെ തലക്കടിച്ചു. രക്ഷപ്പെട്ട് ഓടിയെ റീനയെ ജാക്കി ലിവർ കൊണ്ട് വീണ്ടും അടിച്ചു. തലയിലേറ്റ 17 ഗുരുതര മുറിവുകളാണ് മരണകാരണമായത്. മക്കൾ അടക്കം 25 സാക്ഷികളെ കോടതി വിസ്തരിച്ചു. സാഹചര്യ തെളിവുകളുടെയും 13 തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തി. വിധിയിൽ തൃപ്തിയുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഹരിശങ്കർ പ്രസാദ് പറഞ്ഞു.
പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻ ജഡ്ജ് ജി പി ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. കോടതി കുറ്റക്കാരൻ എന്ന് വിധിച്ചതോടെ മനോജിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റിയിരുന്നു.