‘വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യും’; എസ്ഐ ഭീഷണിപ്പെടുത്തിയെന്ന് എസ്എഫ്ഐ
ഒക്ടോബർ 10ന് ശേഷവും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ കന്റോൺമെന്റ് പൊലീസ് സ്റ്റേഷന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും എസ്എഫ്ഐ മുന്നറിയിപ്പ് നൽകി
തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ. നന്ദനെ കന്റോൺമെന്റ് എസ്.ഐ ഗോകുൽ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം. നന്ദനുമായി എസ്.ഐ നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ പൊലീസ് കമ്മീഷണർ എസ്ഐയെ വിളിച്ചുവരുത്തി വിശദീകരണം തേടി.
വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യുമെന്നാണ് എസ്ഐ ഫോണിലൂടെ മുന്നറിയിപ്പ് നൽകിയതെന്നാണ് ആരോപണം. ആഭ്യന്തര മന്ത്രി നേരിട്ട് നിർദേശിച്ചതുകൊണ്ടാണ് നിലവിൽ അറസ്റ്റ് നടപടികൾ നിർത്തിവച്ചിരിക്കുന്നതെന്നും എസ്ഐ സംഭാഷണത്തിൽ പറഞ്ഞതായി എസ്എഫ്ഐ നേതാക്കൾ ആരോപിച്ചു.
ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് കമ്മീഷണർ എസ്ഐയെ വിളിപ്പിച്ച് വിശദീകരണം തേടിയത്. അതേസമയം, സർക്കാരുമായി സമവായം ഉണ്ടാക്കുന്നതിനല്ല, ഔദ്യോഗികമായി പരാതി നൽകുന്നതിനാണ് ആഭ്യന്തര മന്ത്രിയെ കണ്ടതെന്ന് എസ്എഫ്ഐ നേതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാൻ പൊലീസിന്റെ പക്കൽ എന്ത് കാരണമാണുള്ളതെന്നും നേതാക്കൾ ചോദിച്ചു.
വിദ്യാർഥികളെ മർദിച്ചെന്നാരോപിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കൾക്കും ഷാഫി പറമ്പിൽ എംപിക്കുമെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും എസ്എഫ്ഐ ആരോപിച്ചു. സംഭവത്തിൽ ഇവർക്കെതിരെ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് എസ്എഫ്ഐയുടെ ആരോപണം.
എസ്ഐയുടെ ഭീഷണിക്ക് മുന്നിൽ പിന്നോട്ടില്ലെന്നും എസ്എഫ്ഐ നേതാക്കൾ വ്യക്തമാക്കി. ലോ കോളേജിലേക്കും തുടർന്ന് എസ്ഐയുടെ പൊട്ടക്കുഴിയിലെ വീട്ടിലേക്കും മാർച്ച് നടത്തുമെന്ന് അവർ പ്രഖ്യാപിച്ചു.
ഒക്ടോബർ 10ന് ശേഷവും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ കന്റോൺമെന്റ് പൊലീസ് സ്റ്റേഷന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും എസ്എഫ്ഐ മുന്നറിയിപ്പ് നൽകി.