കളിയിക്കാവിള കൊലപാതകം; രണ്ടാം പ്രതി സുനിൽ പിടിയിൽ

കൊലപാതകം ഇൻഷുറൻസ് തട്ടിപ്പിന് വേണ്ടിയാണെന്ന സംശയത്തിൽ അന്വേഷണം ഊർജിതമാക്കാനൊരുങ്ങി പൊലീസ്

Update: 2024-07-01 04:38 GMT

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകത്തിൽ ഒളിവിലായിരുന്ന സുനിൽ കുമാർ പിടിയിൽ. തിരുവന്തപുരം പാറശ്ശാലയിൽ നിന്നാണ് സുനിലിനെ പൊലീസ് പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയാണ് സുനിൽ. ഒന്നും മൂന്നും പ്രതികളെ നേരത്തേ പിടികൂടിയിരുന്നു.

അതിനിടെ കൊലപാതകം ഇൻഷുറൻസ് തട്ടിപ്പിന് വേണ്ടിയാണെന്ന സംശയത്തിൽ അന്വേഷണം ഊർജിതമാക്കാനൊരുങ്ങി പൊലീസ്. കൊല്ലപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപ് ദീപുവെടുത്ത നാലുകോടിയോളം രൂപയുടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ വേണ്ടിയാണോ കൊല നടന്നതെന്ന സംശയം പൊലീസിനുണ്ട്.

10 ലക്ഷം രൂപ തട്ടിയെടുക്കാൻ വേണ്ടിയാണു ദീപുവിനെ കൊലപ്പെടുത്തിയതെന്ന അമ്പിളിയുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസ്യത്തിലെടുക്കുന്നില്ല. കൊല്ലപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപ് ദീപു 3 കോടി 85 ലക്ഷം രൂപയുടെ ഇൻഷുറൻസ് എടുത്തിരുന്നു. ദീപുവെടുത്ത ഇൻഷുറൻസ് തുകയുടെ നോമിനികളാരെന്ന് കണ്ടെത്താൻ കമ്പനിയെ സമീപിച്ചിരിക്കുകയാണ് തമിഴ്നാട് പൊലീസ്.

ക്വാറി ഉടമയായ ദീപുവിനെ കാറിൽ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. നെയ്യാറ്റിൻകര മുതൽ കാറിൽ ഒപ്പമുണ്ടായിരുന്ന പ്രതി അമ്പിളി ദീപുവിനെ കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നു. കാറിൽനിന്ന് പ്രതി പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് നിർണായകമായത്.



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News