ചിന്നക്കനാലിലെ ആനത്താര പുനഃസ്ഥാപിക്കൽ ഉത്തരവിൽ UDFൽ അതൃപ്തി; ജനപ്രതിനിധികളുമായി കൂടിയാലോചിച്ചില്ലെന്ന് വിമർശനം
വിഷയത്തിൽ ജനപ്രതിനിധികളുമായും പ്രദേശത്തെ ജനങ്ങളുമായും ആവശ്യമായ കൂടിയാലോചന നടത്തിയില്ലെന്ന അഭിപ്രായമാണ് യുഡിഎഫിലെ ഒരു വിഭാഗം നേതാക്കൾക്കുള്ളത്
ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ ആനത്താരകൾ പുനഃസ്ഥാപിക്കാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവിൽ യുഡിഎഫിൽ ഉൾപ്പെടെ അതൃപ്തി. ജനപ്രതിനിധികളുമായി ആവശ്യമായ കൂടിയാലോചന നടത്താതെയാണ് ഉത്തരവിറക്കിയതെന്ന വിമർശനമാണ് ഉയരുന്നത്. ആനത്താരകളുടെ പേരിൽ നടപടി സ്വീകരിക്കുമ്പോൾ പ്രദേശത്തെ ഭൂമി, പട്ടയം, കർഷകരുടെ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കൃത്യമായ പഠനം നടത്തണമെന്നാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ ആവശ്യം.
മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി ആനകൾ സഞ്ചരിച്ചിരുന്ന പരമ്പരാഗത പാതകൾ പുനഃസ്ഥാപിക്കാനാണ് നടപടി. ആനത്താരകൾക്ക് കുറുകെയുള്ള അനധികൃത വൈദ്യുത വേലികളും കെട്ടിടങ്ങളും ഉൾപ്പെടെയുള്ള നിർമാണങ്ങൾ കണ്ടെത്തി നീക്കാൻ റവന്യൂ, വനം, തദ്ദേശസ്വയംഭരണം, സർവേ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തണമെന്നാണ് കളക്ടറുടെ ഉത്തരവ്. ചിന്നക്കനാൽ മേഖലയിൽ സർക്കാർ ഭൂമി കൈയേറിയുള്ള നിർമാണങ്ങളും അനുമതിയില്ലാത്ത ഫെൻസിങ്ങുകളും ഉണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ.
ഉത്തരവിനെതിരെ സിപിഎമ്മും അഖിലേന്ത്യാ കിസാൻ സഭയും ഇടുക്കി രൂപതയും രംഗത്തെത്തിയിരുന്നു. വിഷയത്തിൽ പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രിക്കെതിരെയും കരിങ്കൊടി പ്രതിഷേധമുണ്ടായി. യൂത്ത് ഫ്രണ്ട് എം പ്രവർത്തകരാണ് കട്ടപ്പന വാഴവരയിൽ പ്രതിഷേധിച്ചത്.
അതേസമയം, കർഷകരെ ലക്ഷ്യമിട്ടുള്ള നടപടിയല്ലെന്നാണ് സർക്കാർ വിശദീകരണം. ആനത്താരയിൽ കയ്യേറ്റം നടത്തി നിർമിച്ച അനധികൃത നിർമാണങ്ങളും ഫെൻസിങ്ങുകളും മാത്രമാണ് നീക്കുകയെന്നും കർഷകർക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. കളക്ടറുടെ ഉത്തരവിൽ ഉണ്ടായിരുന്ന ചില അവ്യക്തതകൾ നീക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ചിന്നക്കനാലിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ സങ്കീർണമാണെന്നാണ് യുഡിഎഫ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതൃത്വങ്ങളുടെ വിലയിരുത്തൽ. പലർക്കും കൃത്യമായ പട്ടയരേഖകളില്ലാത്ത സാഹചര്യത്തിൽ, വലിയ കയ്യേറ്റങ്ങളും സാധാരണ കർഷകരുടെ കൈവശഭൂമിയും ഒരേ രീതിയിൽ പരിഗണിക്കരുതെന്നാണ് ആവശ്യം. ഓരോ പ്രദേശത്തെയും ഭൂമിയുടെ സ്വഭാവവും ഉടമസ്ഥാവകാശവും പരിശോധിച്ച് കൃത്യമായ പട്ടിക തയ്യാറാക്കിയ ശേഷമേ തുടർനടപടികൾ സ്വീകരിക്കാവൂ എന്നും ആവശ്യമുയരുന്നുണ്ട്.
മനുഷ്യ–വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കാണുന്നതിനൊപ്പം പ്രദേശവാസികളുടെ ആശങ്കകളും പരിഹരിക്കേണ്ടതുണ്ട്. അതിനാൽ ജനപ്രതിനിധികളെയും പ്രദേശവാസികളെയും ഉൾപ്പെടുത്തി കൂടുതൽ ചർച്ചകൾ നടത്തിയ ശേഷമായിരിക്കണം തുടർനടപടികളെന്നാണ് രാഷ്ട്രീയ നേതൃത്വങ്ങളുടെ നിലപാട്.