മുന്നാക്ക സംവരണം പുനഃപരിശോധിക്കണം: കെപിഎംഎസ്

‘കേന്ദ്രം നിയമം പാസാക്കിയെങ്കിലും സംസ്ഥാനങ്ങൾ നടപ്പാക്കണമെന്ന് നിർബന്ധമില്ല’

Update: 2025-04-13 16:17 GMT

ആലപ്പുഴ: സാമൂഹിക ഘടനയിൽ വിള്ളലുകൾ സൃഷ്ടിക്കുന്ന മുന്നാക്ക സംവരണം പുനഃപരിശോധിക്കണമെന്ന് ആലപ്പുഴയിൽ സമാപിച്ച കെപിഎംഎസിന്റെ അമ്പത്തിനാലാം സംസ്ഥാന സമ്മേളനം അംഗീകരിച്ച ഔദ്യോഗിക പ്രമേയം സർക്കാരിനോട് ആവശ്യപ്പെട്ടു. 2019ൽ 103ാാ ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രം നിയമം പാസാക്കിയെങ്കിലും സംസ്ഥാനങ്ങൾ നടപ്പാക്കണമെന്ന് നിർബന്ധം ഉണ്ടായിരുന്നില്ല. സ്ഥിതിവിവര കണക്കുകളുടെ അഭാവത്തിൽ കേരളം തിരക്കുപിടിച്ച് ഇത് നടപ്പാക്കി.

സാമൂഹിക പദവി ഉള്ളവർ സംവരണാനുകൂല്യം നേടിയപ്പോൾ തൊഴിൽ വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിക്കപ്പെട്ട വിള്ളൽ വലുതാണ്. ഇത് ഭരണഘടന തത്വങ്ങളേയും സാമൂഹിക നീതി സങ്കൽപ്പത്തേയും ഘനിക്കുന്നതാണ്. സാമൂഹിക നീതിയുടെ യഥാർത്ഥ മൂല്യങ്ങളെ നിരാകരിക്കുന്ന മുന്നാക്ക സംവരണം നടപ്പാക്കില്ലന്ന് പ്രഖ്യാപിച്ച തമിഴ്നാട് ഇക്കാര്യത്തിൽ മാതൃകയാണെന്നും പ്രമേയം സൂചിപ്പിച്ചു.

Advertising
Advertising

സംസ്ഥാനത്ത് പട്ടികജാതി വികസന വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും സംസ്ഥാന മന്ത്രിസഭയിൽ പട്ടികജാതി വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പാക്കണമെന്നും സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.

പുതിയ ഭാരവാഹികളായി പി.എ അജയഘോഷ് (പ്രസിഡന്റ്), പുന്നല ശ്രീകുമാർ (ജനറൽ സെക്രട്ടറി), അഡ്വ. എ. സനീഷ് കുമാർ (ട്രഷറർ), ഡോ. ആർ. വിജയകുമാർ (വർക്കിങ് പ്രസിഡന്റ്), പി.വി ബാബു (സംഘടനാ സെക്രട്ടറി), പി.എൻ സുരൻ, എം.ടി മോഹനൻ, രമാ പ്രതാപൻ (വൈസ് പ്രസിഡന്റുമാർ), എൻ. ബിജു, എ.പി ലാൽ കുമാർ, അഖിൽ കെ. ദാമോദരൻ (അസിസ്റ്റന്റെ സെക്രട്ടറിമാർ) തുടങ്ങി എഴുപത്തിയഞ്ചംഗം കമ്മറ്റിയേയും തെരഞ്ഞെടുത്തു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News