നിർധന കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാൻ നീക്കം; ഇടപെട്ട് നജീബ് കാന്തപുരം എംഎൽഎ; വാക്കേറ്റത്തിനൊടുവിൽ ഉദ്യോഗസ്ഥർ മടങ്ങി
സംഭവസ്ഥലത്തെത്തിയ എംഎൽഎ ജപ്തി സംഘത്തിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച് അവരെ മടക്കി അയച്ചു
Update: 2026-09-26 16:12 GMT
പെരിന്തൽമണ്ണ: നിർധന കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ നജീബ് കാന്തപുരം എംഎൽഎ ഇടപെട്ട് തിരിച്ചയച്ചു. മലപ്പുറം പെരിന്തൽമണ്ണ വേങ്ങൂരിലാണ് സംഭവം. രണ്ട് യുവതികളും അമ്മയും മാത്രം താമസിക്കുന്ന കുടുംബത്തെയാണ് അധികൃതർ വീട്ടിൽ നിന്നും പുറത്താക്കാൻ ശ്രമിച്ചത്.
ജപ്തി നടപടികൾ ആരംഭിച്ചതോടെ കുടുംബം ഫോണിൽ ബന്ധപ്പെട്ട് എംഎൽഎയോട് സഹായം അഭ്യർഥിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തെത്തിയ എംഎൽഎ ജപ്തി സംഘത്തിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച് അവരെ മടക്കി അയച്ചു. ഇതിനിടെ എംഎൽഎയും ബാങ്ക് ഉദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ വാക്കേറ്റവും ഉണ്ടായി.
കുടുംബനാഥന്റെ ചികിത്സാർഥം കുടുംബം മേലാറ്റൂർ സഹകരണ ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ കുടുംബനാഥൻ മരിച്ചതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു.