മുനമ്പം; കമ്മീഷന് ജുഡീഷ്യൽ സ്വഭാവമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ
കമ്മീഷന്‍റെ നിയമസാധ്യത ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി
തിരുവനന്തപുരം: മുനമ്പം വഖഫ് വിഷയത്തിൽ സർക്കാർ നിയോഗിച്ച കമ്മീഷന് ജുഡീഷ്യൽ സ്വഭാവമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. വിഷയങ്ങൾ പഠിച്ച് സർക്കാരിലേക്ക് വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ മാത്രമാണ് സിഎൻ കമ്മീഷനെ നിയോഗിച്ചതെന്നും സർക്കാർ ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കമ്മീഷന്‍റെ നിയമസാധ്യത ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.
ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ കമ്മീഷന് ജുഡീഷ്യൽ സ്വഭാവമോ അർധ ജുഡീഷ്യൽ അധികാരമോ ഇല്ല. വസ്തുതകൾ കണ്ടെത്തി നടപ്പാക്കേണ്ട ശിപാർശകൾ നിർദ്ദേശിക്കാൻ മാത്രമാണ് കമ്മീഷനെ വെച്ചത്. വസ്തുത സർക്കാറിനു മുന്നിലേക്ക് എത്തിക്കുക മാത്രമാണ് കമ്മീഷന്‍റെ ലക്ഷ്യം. മുനമ്പത്ത് ഭൂമി കൈവശം വെച്ചവരുടെ താൽപര്യ സംരക്ഷണമാണ് കമ്മീഷന്‍റെ പരിശോധന വിഷയമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കുന്നു. കേന്ദ്ര വിഷയമായ വഖഫില്‍ സംസ്ഥാനത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കേരള വഖഫ് സംരക്ഷണ വേദി നൽകിയ ഹരജിയിലാണ് സർക്കാരിന്‍റെ മറുപടി സത്യവാങ്മൂലം. എന്നാൽ ഇത് ചോദ്യം ചെയ്യാൻ ഹരജിക്കാർക്ക് കഴിയില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കുന്നു.
കമ്മീഷൻ്റെ റിപ്പോർട്ട് പ്രകാരമുള്ള നടപടി എടുക്കുമ്പോൾ മാത്രമാണ് ചോദ്യം ചെയ്യാൻ അവകാശം എന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ നിയമസാധ്യത ചോദ്യം ചെയ്തിട്ടുള്ള ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹരജി കൂടി വന്നതിനാലാണ് രണ്ടും ഒരുമിച്ച് പരിഗണിക്കാൻ മാറ്റിയത്. ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച നടപടികൾ നിയമപരമല്ലെന്നും സിവിൽ കോടതി ഉത്തരവ് മറികടന്നാണ് സർക്കാർ കമ്മീഷനെ വെച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.