'കാളിങ് ബെൽ ശക്തിയായി അടിക്കുന്നു; നോക്കിയപ്പോൾ പുറത്ത് വൻ പൊലീസ് പട'

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് ആലുവ സ്വദേശികളായ നിസാമിനെയും അബ്ദുൽ സത്താറിനെയും പൊലീസ് ചോദ്യംചെയ്യാനായി സ്‌റ്റേഷനിലേക്കു കൊണ്ടുപോയത്

Update: 2023-10-29 18:18 GMT
Editor : Shaheer | By : Web Desk

അബ്ദുല്‍ സത്താര്‍, നിസാം പാനായിക്കുളം

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിൽ പങ്കുണ്ടെന്നു സംശയിച്ച് പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചെന്നു വെളിപ്പെടുത്തലുമായി യുവാവ്. ആലുവ സ്വദേശിയായ നിസാം പാനായിക്കുളം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് വൻ പൊലീസ് പട വീട്ടിലെത്തിയാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് യുവാവ് പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെയാണ് നിസാം ഇക്കാര്യം വെളിപ്പെടുത്തിയത്. ഉച്ചയ്ക്ക് വീട്ടിൽ കിടക്കാൻ നിന്നപ്പോഴാണ് കാളിങ് ബെൽ ശക്തിയായി അടിക്കുന്നത്. നോക്കുമ്പോൾ വൻ പൊലീസ് പട പുറത്തുണ്ടായിരുന്നു. കശമശ്ശേരി സംഭവം നേരത്തെ വാർത്തകളിലൂടെ അറിഞ്ഞതിനാൽ അധികം ചോദിക്കേണ്ടിവന്നില്ല. പൊലീസ് വാഹനത്തിനു പകരം സ്വന്തം വാഹനത്തിൽ ആലുവ സി.ഐ ഓഫിസിലേക്കു പോകുകയായിരുന്നുവെന്ന് നിസാം വെളിപ്പെടുത്തി.

Advertising
Advertising

ഇതിനിടയിൽ ഫോണിൽ മെസേജ് അയയ്ക്കരുതെന്നും പൊലീസിന്റെ നിർദേശമുണ്ടായിരുന്നെങ്കിലും ഫേസ്ബുക്കിലൂടെ വിവരം പുറത്തറിയിച്ചു. അൽപം കഴിഞ്ഞാണ് അബ്ദുൽ സത്താർ എന്ന സുഹൃത്തിനെയും ചോദ്യംചെയ്യാനായി പൊലീസ് കൊണ്ടുവന്നത്. പിന്നീട് ഡൊമിനിക് മാർട്ടിൻ കുറ്റം ഏറ്റെടുത്ത് പൊലീസിൽ കീഴടങ്ങിയതിനാൽ തങ്ങൾ രക്ഷപ്പെടുകയായിരുന്നുവെന്ന് നിസാം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

നിസാം പാനായിക്കുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ളുഹർ കഴിഞ്ഞ് കുറച്ചുനേരം കിടക്കാമെന്നു കരുതിയപ്പോഴാണ് കാളിങ് ബെൽ ശക്തിയായി അടിക്കുന്നു. നോക്കിയപ്പോൾ ഒരു വൻ പൊലീസ് പട തന്നെ പുറത്തുണ്ട്. സംഭവം ന്യൂസിലൂടെ അറിഞ്ഞതുകൊണ്ട് ഒരുപാട് ചോദിക്കേണ്ടി വന്നില്ല. അവരുടെ വണ്ടിയിൽ ഏതായാലും കയറിയില്ല. സ്വന്തം വണ്ടിയിൽ ആലുവ സി.ഐ ഓഫീസിലേക്ക്. ഫോണിൽ മെസ്സേജ് ഒന്നും അയക്കരുതെന്ന് ഏമാന്റെ കൽപന. അപ്പൊ എഫ്.ബിയിലൂടെ വിവരം പുറത്തറിയിച്ചു.

Full View

കുറച്ചുകഴിഞ്ഞ് സഹോദരൻ അബ്ദുൽ സത്താറിനെയും കൊണ്ടുവന്നു. ആലുവയിൽ ഞങ്ങൾ രണ്ട് 'ഭീകരവാദികളേ' ഉള്ളൂവെന്നു തോന്നുന്നു. ഏതായാലും ദേശീയഗാനം പാടാത്ത യഹോവ സാക്ഷികളെ ബോംബിട്ടുകൊന്ന രാജ്യസ്‌നേഹി മാർട്ടിൻ അത് ഏറ്റെടുത്തതുകൊണ്ട് ഞങ്ങൾ രക്ഷപ്പെട്ടു. അല്ലേൽ പാനായിക്കുളത്ത് സ്വാതന്ത്ര്യ സെമിനാർ നടത്താൻ പോയതിന്റെ പേരിൽ തുടങ്ങിയ വേട്ടയാടൽ ഒരു പ്രതീക്ഷയുമില്ലാത്ത രീതിയിൽ തുടർന്നേനെ. സർവശക്തനു സ്തുതി.

Summary: Nizam, a native of Aluva, revealed that he was called for interrogation by the police on suspicion of involvement in the Kalamassery blast.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News