'നിങ്ങൾ ഞങ്ങളെ മൂക്കിൽ വലിക്കുമോ? വലിയ കൊലകൊമ്പന്മാർ വിചാരിച്ചിട്ട് കഴിഞ്ഞിട്ടില്ല'; ആര്‍ഷോക്ക് മറുപടിയുമായി എൻ. ഷംസുദ്ദീൻ എംഎൽഎ
മണ്ണാർക്കാട്ടെ സിപിഎം ഓഫീസിലേക്ക് പടക്കമെറിയാൻ ലീഗ് വേണ്ട
പാലക്കാട്: പി.എം ആർഷോയുടെ ഭീഷണി പ്രസംഗത്തിന് മണ്ണാർക്കാട് എംഎൽഎ എൻ. ഷംസുദ്ദീന്‍റെ മറുപടി. 'നിങ്ങൾ ഞങ്ങളെ മൂക്കിൽ വലിക്കുമോ?വലിയ കൊലകൊമ്പന്മാർ വിചാരിച്ചിട്ട് കഴിഞ്ഞിട്ടില്ല. പിന്നെയല്ലേ പുതിയ ആളുകൾ' എന്നും ഷംസുദ്ദീൻ പറഞ്ഞു.
'മണ്ണാർക്കാട്ടെ സിപിഎം ഓഫീസിലേക്ക് പടക്കമെറിയാൻ ലീഗ് വേണ്ട, സിപിഎമ്മുകാർ തന്നെ എറിയുന്നുണ്ട്'എന്നും എംഎൽഎ കൂട്ടിച്ചേര്‍ത്തു.''എന്താ വര്‍ത്താനത്തിന്‍റെ അര്‍ഥം. നിങ്ങളെക്കാൾ വലിയ കൊലകൊമ്പൻമാര്‍ വിചാരിച്ചിട്ട് നടക്കാത്ത സംഗതിയാണ്.പിന്നെയല്ലേ ഇപ്പോഴുള്ള പുതിയ ആൾക്കാര്. എന്തൊക്കെ അട്ടഹാസങ്ങളാണ്. ചില ആളുകളുടെ വിചാരം പ്രസംഗന്ന് പറഞ്ഞാൽ വെല്ലുവിളി മാത്രാണെന്നാണ്. എപ്പോഴും വെല്ലുവിളിക്കുക, അനങ്ങിയാൽ വെല്ലുവിളിക്കുക. ഈ വെല്ലുവിളീന്‍റെ വില തന്നെ പൊയ്പ്പോയി. വിജയാഹ്ളാദ പ്രകടനം റോട്ടിലൂടെയാണ് നടന്നത്. സമീപത്ത് പാര്‍ട്ടി ഓഫീസുകളുണ്ടാകും. അവിടെയൊന്നും ഒരനിഷ്ട സംഭവവും ഉണ്ടായിട്ടില്ല. ഉണ്ടാകാൻ ഞങ്ങള് സമ്മതിക്കുകയുമില്ല. അതാണ് ഞങ്ങളുടെ നേതൃത്വം.
റോഡിലെ പ്രകടനം കണ്ടിട്ട് വല്ലാതെ പ്രയാസപ്പെടുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ കയ്യിലിരിപ്പാണ്. ഞങ്ങൾ ജയിച്ചതിനാണ് പ്രകടനം നടത്തുന്നത്. സിപിഎം ഓഫീസില് ഗുണ്ട് പൊട്ടിച്ചത് ആരാണ്. ഞങ്ങളല്ല, അവിടുത്തെ ഓഫീസ് സെക്രട്ടറിയായിരുന്നു ആള് ഒരാവേശത്തിന് ആ സന്ദര്‍ഭൊന്നും ഞാൻ പറയുന്നില്ല. ഞങ്ങളുടെ രാഷ്ട്രീയം അതല്ല, ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളെന്ന നിലയിൽ പറയുന്നു. ഈ നാട്ടിൽ ഏത് കോണിൽ നിന്നും അക്രമമുണ്ടായാലും അംഗീകരിച്ച് തരില്ല.
പിണറായിയുടെ പൊലീസിനെ സ്വന്തം പാര്‍ട്ടിക്കാര് റോഡിൽ നിന്നും ഭീഷണിപ്പെടുത്തുകയാണ്. അതൊന്നും ശരിയായ രീതിയല്ല. എടോ ഇനിയും നന്നാവാനായില്ലേ എന്ന ഡയലോഗാണ് എനിക്ക് ഓര്‍മ വരുന്നത്. പാതി പഠിച്ച അഭ്യാസവുമായി വന്നാൽ മുഴുവൻ പഠിച്ച അഭ്യാസവുമായി ഞങ്ങളിറങ്ങുമെന്നാണ് എന്നിട്ട് പറയുന്നത്. ഇങ്ങളിറങ്ങിയാല് ഞങ്ങളെ മൂക്കില് വലിക്കോ. ഞങ്ങൾ ജനപിന്തുണയുള്ളവരാണ്. നിങ്ങളെക്കാൾ വലിയ തോതിൽ ജനപിന്തുണ ആര്‍ജ്ജിച്ചവരാണ്. എത്ര പരിഹാസ്യമായ വെല്ലുവിളിയാണിത്. കേട്ടവര്‍ ചിരിക്കും. ഇങ്ങനെ കുറെ കഥാപാത്രങ്ങൾ സമൂഹത്തിലുണ്ട്'' എംഎൽഎ പറഞ്ഞു.
സിപിഎം ഓഫീസിനു മുന്നിൽ ലീഗ് പ്രവർത്തകർ ആഹ്ളാദപ്രകടനം നടത്തിയതിനെ ചൊല്ലിയായിരുന്നു ആർഷോയുടെ ഭീഷണി പ്രസംഗം. ''പാതി മാത്രം അറിയാവുന്ന അഭ്യാസവുമായിട്ട് നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണല്ലോ. ആ അഭ്യാസവും മുഴുവനും അറിയാവുന്നവരാണ് മണ്ണാര്‍ക്കാട്ടെ സിപിഎമ്മെന്ന നല്ല ബോധ്യം ലീഗ് പ്രവര്‍ത്തകര്‍ അറിയണം. നിങ്ങൾക്ക് പാതി അറിയാവുന്ന അഭ്യാസവുമായിട്ട് പാതിരാത്രിയില്‍ ഇറങ്ങിയാല്‍ ഞങ്ങള്‍ക്ക് മുഴുവന്‍ അറിയാവുന്ന അഭ്യാസം നിങ്ങളെ പഠിപ്പിച്ചിരിക്കും. അങ്ങനെ ചെയ്യുകയാണെങ്കില്‍ പിന്നെ മണ്ണാര്‍ക്കാട്ട് ലീഗ് ഉണ്ടാവില്ലെന്നുമാണ്'' ആര്‍ഷോ ഭീഷണി മുഴക്കിയത്.