നെടുമ്പാശ്ശേരി വാഹനാപകടം: ‌19 വയസുകാരൻ വിവിധ ബാറുകളിൽ കയറി മദ്യപിച്ചു; ബാര്‍ ഉടമകള്‍ക്കെതിരെ കേസെടുക്കും

ബാർ ഉടമകൾക്കെതിരെ കേസെടുക്കാൻ എക്സൈസ് കമ്മീഷണർക്കും എറണാകുളം എക്സൈസ് ജോയിൻ്റ് കമ്മീഷണർക്കും എക്സൈസ് മന്ത്രി നിർദേശം നൽകി

Update: 2026-10-11 13:17 GMT

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയിൽ സ്കൂട്ടറിൽ കാറിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതി സുഹൈൽ സജീവിന് മദ്യം നൽകിയ ബാറുകൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ എക്സൈസ് മന്ത്രിയുടെ നിർദേശം.

ബാർ ഉടമകൾക്കെതിരെ കേസെടുക്കാൻ എക്സൈസ് മന്ത്രി എം. ലിജു എക്സൈസ് കമ്മീഷണർക്കും എറണാകുളം എക്സൈസ് ജോയിൻ്റ് കമ്മീഷണർക്കും നിർദേശം നൽകി. 19 വയസുകാരൻ വിവിധ ബാറുകളിൽ കയറി മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് നടപടിയെടുക്കാൻ നിർദേശം നൽകിയിരിക്കുന്നത്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ഇജാസ്, ഗോപിക, ദേവിക എന്നിവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള ചായക്കടയിൽ ചായ കുടിച്ച ശേഷം അത്താണി ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. അമിതവേഗതയിൽ വന്ന മിനികൂപ്പർ കാർ ഇവരുടെ വാഹനത്തിന് പിറകിൽ ഇടിക്കുകയായിരുന്നു. മൂന്ന് പേരും തൽക്ഷണം മരിച്ചു.

Advertising
Advertising

മരിച്ച മൂന്ന് പേരും തൃക്കാക്കര സുക്കോയ എന്ന ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരാണ്. ഇജാസ് കർണാടക സ്വദേശിയും ഗോപിക പാലക്കാട് സ്വദേശിയും ദേവിക വയനാട് സ്വദേശിയുമാണ്. നാട്ടുകാരാണ് കാർ ഡ്രൈവറെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഡ്രൈവർ സുഹൈൽ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 19 വയസാണ് പ്രതിക്ക്. വാഹനം മണിക്കൂറിൽ 218 കിലോമീറ്റർ വേഗത്തിൽ ആയിരുന്നു. സുഹൈലിന്‍റെ അച്ഛന്‍റെ പേരിലുള്ളതാണ് വാഹനം. അതേസമയം, പ്രതി സുഹൈൽ സജീവിനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ കയ്യേറ്റമുണ്ടായി. ആശുപത്രിക്ക് പുറത്തുണ്ടായിരുന്നു യുവാവ് പ്രതിയെ മർദിക്കുകയായിരുന്നു.

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News