ഗ്യാസ് നിറയ്ക്കാന്‍ പമ്പുകളില്ല; സിഎന്‍ജി ഓട്ടോ തൊഴിലാളികള്‍ പ്രതിസന്ധിയില്‍

ഹൈഡ്രോ ടെസ്റ്റിനു സംവിധാനമില്ലാതെ വാഹനം കട്ടപ്പുറത്താകുമെന്ന ആശങ്കയിലാണ് ഓട്ടോ തൊഴിലാളികള്‍.

Update: 2021-07-29 02:53 GMT
By : Web Desk

ഇന്ധനവിലയില്‍ നട്ടം തിരിഞ്ഞ് ഒടുക്കം സിഎന്‍ജിയില്‍ അഭയം തേടിയ ഓട്ടോ തൊഴിലാളികള്‍ക്കും രക്ഷയില്ല. ഹൈഡ്രോ ടെസ്റ്റിനു സംവിധാനമില്ലാതെ വാഹനം കട്ടപ്പുറത്താകുമെന്ന ആശങ്കയിലാണ് ഓട്ടോ തൊഴിലാളികള്‍. സിഎന്‍ജി പമ്പുകള്‍ എല്ലായിടത്തുമില്ലാത്തതിനാല്‍ ഗ്യാസ് നിറയ്ക്കാന്‍ കിലോമീറ്ററുകള്‍ ഓടേണ്ട അവസ്ഥയുമാണ്.

മൂന്നുവര്‍‌ഷം കൂടുമ്പോള്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഹൈഡ്രോ ടെസ്റ്റ് നിര്‍ബന്ധമാണ്. ഇത് കഴിഞ്ഞാലേ പമ്പുകളില്‍ നിന്നും ഇന്ധനം നിറയ്ക്കാനാകൂ. കേരളത്തില്‍ ഇതിനുളള സംവിധാനങ്ങളില്ല. ടെസ്റ്റിനായി ഹൈദരാബാദിലേക്കും നാഗ്പൂരിലേക്കും സിലിണ്ടര്‍ കൊണ്ടുപോകേണ്ട ഗതികേടിലാണ് തൊഴിലാളികള്‍. സിലിണ്ടറിന്‍റെ കാലാവധി തീര്‍ന്നവര്‍ക്ക് പമ്പില്‍ നിന്ന് ഗ്യാസ് ലഭിക്കാതായപ്പോഴാണ് കാര്യത്തിന്‍റെ ഗൌരവം ഇവരറിയുന്നത്.

Advertising
Advertising
Full View

എറണാകുളം ജില്ലയിലും അയല്‍ ജില്ലകളിലുമായി രണ്ടായിരത്തോളം സിഎന്‍ജി ഓട്ടോകളാണ് ഓടുന്നത്. എറണാകുളം ജില്ലയിലാകട്ടെ ആറ് സിഎന്‍ജി പമ്പുകളാണ് ഉളളത്. അതുകൊണ്ട് തന്നെ നഗരത്തിന് പുറത്ത് ഓടുന്ന സിഎന്‍ജി ഓട്ടോകള്‍ക്ക് കിലോമീറ്ററുകള്‍ ഓടി വേണം ഗ്യാസ് നിറയ്ക്കാന്‍ പമ്പിലെത്താന്‍ .

ഓട്ടോറിക്ഷകള്‍ക്ക് ശേഷം സിഎന്‍ജിയിലോടുന്ന ബസ്സുകളും നിരത്തിലിറങ്ങിയിരുന്നു. ബസ് തൊഴിലാളികളും ഭാവിയില്‍ ഇതേ പ്രയാസം അനുഭവിക്കേണ്ടി വരും. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ സിഎന്‍ജിയിലേക്ക് മാറാനുളള ശ്രമങ്ങള്‍ നടക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രശ്നത്തില്‍ സര്‍ക്കാരിന്‍റെ ഇടപെടലുണ്ടാകണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.

Tags:    

By - Web Desk

contributor

Similar News