വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിത്വം; ഡോ എ.പി മജീദ് ഖാന്‍ വിട പറയുമ്പോള്‍...

ചൊവ്വാഴ്ച ഉച്ചയ്ക്കു 2.30ന് നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലായിരുന്നു അന്ത്യം

Update: 2026-01-13 17:24 GMT

തിരുവനന്തപുരം: നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലറും നൂറുൽ ഇസ്‌ലാം വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളുടെ ചെയർമാനുമാണ് അന്തരിച്ച ഡോ. എ.പി.മജീദ് ഖാൻ. 

നെയ്യാറ്റിന്‍കരയുടെ മണ്ണില്‍ നിന്ന് വളര്‍ന്ന് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉന്നത വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിത്വമായിരുന്നു. നെയ്യാറ്റിന്‍കരയിലെ ഗവണ്‍മെന്റ് സ്‌കൂളിലായിരുന്നു മജീദ് ഖാന്റെ പ്രാഥമിക വിദ്യാഭ്യാസം.

കേരളത്തിലെ ആദ്യത്തെ സ്വകാര്യ സാങ്കേതിക പരിശീലന സംരംഭമായ അമരവിള എൻഐ ഐടിഐക്കു തുടക്കമിട്ട് സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പുതിയ ചരിത്രം കുറിച്ച ഡോ. എ.പി.മജീദ് ഖാൻ കന്യാകുമാരി ജില്ലയിലെ ആദ്യത്തെ എൻജിനീയറിങ് കോളജിന്റെ സ്ഥാപകനുമാണ്. കേരള രൂപീകരണ സമയത്ത് സംസ്ഥാനം അളന്നു തിട്ടപ്പെടുത്തിയ ദൗത്യത്തിൽ ഇദ്ദേഹത്തിന്റെ വിദ്യാർഥികൾ പങ്കുചേർന്നിരുന്നു.

Advertising
Advertising

കേരളത്തിന്റെ വൈദ്യുതീകരണത്തിലും ഇന്ത്യ-ചൈന യുദ്ധകാലത്ത് സൈനികർക്കും എയർക്രാഫ്റ്റ് എൻജിനീയർമാർക്കും സാങ്കേതിക പരിശീലനം നൽകുന്നതിലും ഡോ. എ.പി.മജീദ് ഖാനും സ്ഥാപനവും പങ്കാളിയായി. നൂറുൽ ഇസ്‌ലാം എജ്യുക്കേഷനൽ ട്രസ്റ്റിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി സ്ഥാപിച്ചു. ആരോഗ്യ രംഗത്തെ വലിയൊരു ചുവടുവെപ്പായാണ് ഇത് വിലയിരുത്തുന്നത്.  സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ ലോകോത്തര ചികിത്സ ഉറപ്പാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ മേഖലകളില്‍ സൗജന്യ ചികിത്സാ പദ്ധതികള്‍ ഉള്‍പ്പെടെ നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നിംസ് വഴി ഡോ. മജീദ്ഖാന്‍ നടപ്പിലാക്കി.

ആധുനിക ഇന്ത്യയ്ക്കായി കൂടുതല്‍ കൂടുതല്‍ സമഗ്ര പ്രതിഭകളെ വളര്‍ത്തിയെടുക്കുക എന്നതാണ് നൂറുല്‍ ഇസ്ലാം സെന്റര്‍ ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്റെ ലക്ഷ്യവും

ചൊവ്വാഴ്ച ഉച്ചയ്ക്കു 2.30ന് നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു ചികിത്സയിലായിരുന്നു. 91 വയസായിരുന്നു. ബുധനാഴ്ച രാവിലെ 8.30 മുതൽ 10.30 വരെ തക്കല നൂറുൽ ഇസ്‌ലാം സർവകലാശാലയിലും 11.30 മുതൽ 3.30 വരെ നെയ്യാറ്റിൻകരയിലെ വസതിയിലും പൊതുദർശനം. തുടർന്ന് നെയ്യാറ്റിൻകര ടൗൺ ജുമാമസ്ജിദിൽ കബറടക്കം. 

സൈഫുന്നീസയാണ് ഭാര്യ. മക്കൾ: ശബ്നം ഷഫീക്ക് (നൂറുൽ ഇസ്‌ലാം എജ്യൂക്കേഷനൽ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ), എം.എസ്. ഫൈസൽ ഖാൻ (നൂറുൽ ഇസ്‌ലാം സർവകലാശാല പ്രൊ-ചാൻസലർ, നിംസ് മെഡിസിറ്റി എംഡി). മരുമക്കൾ: ഡോ. സലിം ഷഫീക്ക് (ഹെമറ്റോളജിസ്റ്റ്), ഫാത്തിമ മിസാജ്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News