ശബരിമല യുവതീ പ്രവേശം; എം.സ്വരാജിന്റെ പ്രസംഗത്തിൽ റിപ്പോർട്ട് തേടി
വിവാദപരവും അടിസ്ഥാന രഹിതവുമായ പ്രസ്താവന നടത്തിയെന്ന യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു സുനിലിന്റെ പരാതിയിലാണ് നടപടി
കൊല്ലം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സിപിഎം നേതാവ് എം.സ്വരാജിന്റെ പ്രസംഗത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടി കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിവാദപരവും അടിസ്ഥാന രഹിതവുമായ പ്രസ്താവന എം.സ്വരാജ് നടത്തിയെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ നൽകിയ പരാതിയിലാണ് കോടതി പൊലീസിന്റെ റിപ്പോർട്ട് തേടിയത്.
അയ്യപന്റെ ബ്രഹ്മചര്യമവസാനിച്ചെന്നും മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് പ്രളയമായി നദികളിലൂടെ ഒഴുകി വന്നതെന്നുമായിരുന്നു എം..സ്വരാജിന്റെ പ്രസംഗത്തിലുണ്ടായിരുന്നത്. 2018ൽ എറണാകുളത്ത് വച്ച് സ്വരാജ് നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി.
വിഷയത്തിൽ കൊല്ലം വെസ്റ്റ് എസ്എച്ച്ഒയ്ക്കും സിറ്റി പൊലീസ് കമ്മീഷണർക്കും വിഷ്ണു സുനിൽ നേരത്തെ പരാതി നൽകിയെങ്കിലും കേസ് എടുക്കാതിരുന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. എം.സ്വരാജിന്റെ 2018ലെ പ്രസംഗത്തിന്റെ വീഡിയോ സഹിതമാണ് പരാതി നൽകിയത്.