'ജീവിതം വഴിമുട്ടിയ അനേകമാളുകൾക്ക് ആശ്വാസമായി, സ്‌നേഹമായിരുന്നു ഈസാക്കയുടെ കൈമുതൽ'; കെ.മുഹമ്മദ് ഈസയെ അനുസ്മരിച്ച് സാദിഖലി ശിഹാബ് തങ്ങൾ
അപരിചിതമായ ചുറ്റുപാടിൽ ഒറ്റപ്പെട്ടുപോയ നിരവധി പ്രവാസികൾക്കാണ് ഈസാക്ക കരുതലും സാന്ത്വനവുമായത്
കോഴിക്കോട്: കഴിഞ്ഞ ദിവസം അന്തരിച്ച ഖത്തറിലെ പ്രമുഖ മലയാളി വ്യവസായി കെ. മുഹമ്മദ് ഈസയെ അനുസ്മരിച്ച് സാദിഖലി ശിഹാബ് തങ്ങൾ. അപരിചിതമായ ചുറ്റുപാടില്‍ ഒറ്റപ്പെട്ടുപോയ നിരവധി പ്രവാസികള്‍ക്ക് പുതുജീവിതം സമ്മാനിക്കാന്‍ പ്രയത്നിച്ച ആളായിരുന്നു ഈസയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലായിരുന്നു മുഹമ്മദ് ഈസയുടെ അന്ത്യം. മലപ്പുറം വളാഞ്ചേരി മൂടാൽ സ്വദേശിയാണ്.
ഖത്തറിലെ പ്രശസ്തമായ അലി ഇന്‍റര്‍നാഷണൽ ഗ്രൂപ്പ് ജനറൽ മാനേജറും ഖത്തർ കെഎംസിസി സീനിയർ വൈസ് പ്രസിഡന്റും നിരവധി സംഘടനകളുടെ ഭാരവാഹിയുമാണ് ഇദ്ദേഹം. ഫുട്ബാൾ സംഘാടകനും മാപ്പിളപ്പാട്ട് ഗായകനും ആസ്വാദകനുമെന്ന നിലയിൽ നാലു പതിറ്റാണ്ടിലേറെ കാലം ഖത്തറിലെയും കേരളത്തിലെയും കലാകായിക രംഗത്തെ സജീവ സാന്നിധ്യമായി നിറഞ്ഞു നിന്നാണ് വിടവാങ്ങൽ.
ഫേസ്ബുക്ക് പോസ്റ്റ്
ഖത്തര്‍ കെഎംസിസി നേതാവായിരുന്ന കെ. മുഹമ്മദ് ഈസയെന്ന പ്രിയപ്പെട്ടവരുടെ ഈസാക്ക വിടപറഞ്ഞിരിക്കുന്നു. ഖത്തറിലേക്ക് ജോലിയാവശ്യാര്‍ത്ഥമെത്തിയ, തികച്ചും അപരിചിതമായ ചുറ്റുപാടില്‍ ഒറ്റപ്പെട്ടുപോയ നിരവധി പ്രവാസികള്‍ക്കാണ് ഈസാക്ക കരുതലും സാന്ത്വനവുമായത്. അങ്ങനെയെത്തിയ പലരുടെയും ജീവിതത്തില്‍തൊട്ട് അവര്‍ക്കെല്ലാം പുതുജീവിതം സമ്മാനിക്കാന്‍ അദ്ദേഹം ഉത്സാഹിച്ചു. ജീവിതം വഴിമുട്ടിയ അനേകമാളുകള്‍ക്ക് ആശ്വാസം പകര്‍ന്നു.
സ്‌നേഹമായിരുന്നു ഈസാക്കയുടെ കൈമുതല്‍. എല്ലാവരുമായും ഹൃദയ വിശാലതയോടെ ഇടപെട്ടു. നേതാക്കളെന്നോ, ചെറിയ പ്രവര്‍ത്തകരെന്നോ ഭേദമില്ലാതെ എല്ലാവരോടും പുഞ്ചിരിയോടെ പെരുമാറി. ഖത്തര്‍ സന്ദര്‍ശിക്കുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുകയും കാണാനാഗ്രഹിക്കുകയും ചെയ്യുന്ന മുഖമായിരുന്നു അദ്ദേഹത്തിന്‍റേത്.
ഇസാക്കയെന്ന സ്‌നേഹത്തിന്‍റെ ആ പേമാരി അനേകം വിത്തുകള്‍ മുളപ്പിച്ചും വളര്‍ത്തിയും നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായിരിക്കുന്നു. സര്‍വ്വശക്തനായ അല്ലാഹു അദ്ദേഹത്തിന്‍റെ സല്‍പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുമാറാകാട്ടെ.