ജിഫ്രി മുത്തുകോയ തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശയാത്രയ്ക്ക് ഇന്ന് മലപ്പുറത്ത് സ്വീകരണം
സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായാണ് അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങളുടെ യാത്ര
മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശയാത്രയ്ക്ക് ഇന്ന് മലപ്പുറത്ത് സ്വീകരണം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുക്കും. കന്യാകുമാരിയിലെ യാത്രയുടെ ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്ന അബ്ബാസലി തങ്ങളും സമസ്തയിലെ ലീഗ് അനുകൂല നേതാക്കളും ഇന്നലെ വൈകിട്ടത്തെ തിരൂരിലെ സ്വീകരണത്തിൽ പങ്കെടുത്തു.
സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായാണ് അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങളുടെ യാത്ര. ഡിസംബർ 19ന് കന്യാകുമാരിയിലെ നാഗർകോവിൽ വെച്ചാണ് യാത്രക്ക് തുടക്കമായത്. യാത്രയുടെ ഉദ്ഘാടനത്തിൽ നിന്ന് മുസ്‍ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രൊഫസർ കാദർ മൊയ്തീൻ, പാണക്കാട് അബ്ബാസലി തങ്ങൾ ഉൾപ്പെടെ ലീഗ് നേതാക്കൾ വിട്ടുനിന്നിരുന്നു. യാത്രയുടെ പതാക കൈമാറ്റം പാണക്കാട് നിന്ന് മാറ്റിയതിൽ പ്രതിഷേധിച്ചാണ് ലീഗ് നേതാക്കളുടെ ബഹിഷ്കരണം എന്നായിരുന്നു വാർത്ത പുറത്തുവന്നത്.
പിന്നീട് വാർത്ത നിഷേധിച്ച് ജിഫ്രി മുത്തുകോയ തങ്ങൾ തന്നെ രംഗത്തെത്തി. സമസ്തയിലെ ലീഗ് അനുകൂല വിഭാഗത്തിന് യാത്രയിൽ പ്രാതിനിധ്യം നൽകിയില്ല എന്ന് നേരത്തെ ആക്ഷേപവും ഉയർത്തിയിരുന്നു. തുടർന്ന് നാസർ ഫൈസി കൂടത്തായിയെ യാത്രയുടെ അസിസ്റ്റന്‍റ് ഡയറക്ടറായി നിയമിച്ചു. ഇതിന് പിന്നാലെയാണ് അബ്ബാസ് അലി ശിഹാബ് തങ്ങളും നാസർ ഫൈസി കൂടത്തായിയും ഉൾപ്പെടെയുള്ള നേതാക്കൾ യാത്രയുടെ തിരൂരിലെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തത്. ആയിരക്കണക്കിനാളുകളാണ് യാത്രയെ സ്വീകരിക്കാൻ എത്തിയത്.
ഇന്ന് മലപ്പുറത്ത് എത്തുന്ന യാത്രയുടെ സ്വീകരണ സമ്മേളനത്തിൽ സാദിഖലി തങ്ങൾ പങ്കെടുക്കും. തർക്കം സമവായത്തിലെത്തിയതിനാൽ മാറിനിൽക്കേണ്ടതില്ല എന്നാണ് ലീഗ് തീരുമാനം. ഈ മാസം 28ന് മംഗലാപുരത്താണ് യാത്ര സമാപിക്കുക.