എസ്ഐആര്‍ കരട് പട്ടിക; ഹിയറിങ്ങിന് ഹാജരാകേണ്ടത് 20 ലക്ഷം പേർ
പുതിയ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടിട്ടില്ല
തിരുവനന്തപുരം: എസ്ഐആര്‍ കരട് പട്ടിക പ്രകാരം ഹിയറിങ്ങിന് ഹാജരാകേണ്ടത് 20 ലക്ഷം പേർ . ഡിസംബർ 19 വരെയുള്ള കണക്കനുസരിച്ച് ഹിയറിങ് വേണ്ടത് 2057652 പേർക്കാണ്. പുതിയ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടിട്ടില്ല. ഹിയറിങ്ങിൽ വ്യക്തി വിവരം തെളിയിക്കുന്ന രേഖകളും ഹാജരാക്കണം.
ഹാജരാക്കേണ്ട രേഖകളുടെ വിവരങ്ങൾ വ്യക്തികളെ നേരിട്ടറിയിക്കും. മാതാപിതാക്കൾ , അവരുടെ മതാപിതക്കൾ എന്നിവർ 2002 ലെ വോട്ടർ പട്ടികയിൽ ഉൾപെടാത്തവരെയാണ് ഹിയറിങ്ങിന് ഹാജരാകേണ്ടത്.
സഹോദരങ്ങൾ , ഭാര്യ , ഭർത്താവ് , മതാപിതാക്കളുടെ സഹോദരങ്ങൾ എന്നിവർ 2002 ൽ ഉണ്ടെങ്കിലും മാപ്പിങ്ങ് നടക്കുമെന്നാണ് ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നത് . ഈ ബന്ധുക്കളുടെ വിവരങ്ങൾ നൽകിയവരും ഹിയറിങ്ങിൽ രേഖകൾ ഹാജരാക്കണം.
അതേസമയം സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ ഭാഗമായുള്ള പരാതികളും ആക്ഷേപങ്ങളും ഇന്നുമുതൽ അറിയിക്കാം. ജനുവരി 22 വരെ കരട് പട്ടികയിൻമേൽ എതിർപ്പുന്നയിക്കാൻ അവസരമുണ്ടാകും.
ഫെബ്രുവരി 14 വരെ ഹിയറിങ്ങുകളും പരിശോധനകളും നടക്കും . ഫെബ്രുവരി 21 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. എസ്ഐആർ വിവരശേഖരണത്തിനു ശേഷമുള്ള കരട് വോട്ടർ പട്ടിക ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചിരുന്നു. ആകെയുള്ള 2.78 കോടി വോട്ടർമാരിൽ 24,08,503 വോട്ടർമാർ പട്ടികയ്ക്ക് പുറത്താണ്.
കരട് വോട്ടർ പട്ടികയുടെ വിവരങ്ങൾ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് പുതുതായി ചേർക്കാനുള്ള ഫോമിനോടൊപ്പം അനുബന്ധരേഖകളും സമർപ്പിച്ച് പട്ടികയിൽ ഇടംനേടാം. അതേസമയം എസ്ഐആറിനുള്ള സമയപരിധി നീട്ടി നൽകാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.