മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയുടെ മരണം; അനുശോചിച്ച് നേതാക്കൾ
2001 ൽ തെന്നലയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ട്രാജഡികളിലൊന്നാണെന്ന് എ.കെ ആന്റണി പറഞ്ഞു
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി പ്രസിഡന്റുമായിരുന്ന തെന്നല ബാലകൃഷ്ണ പിള്ളയുടെ മരണത്തിൽ അനുശോചനമറിയിച്ച് നേതാക്കൾ. തെന്നല രാഷ്ട്രീയത്തിലെ തന്റെ ജ്യേഷ്ഠ സഹോദരനായിരുന്നു എന്നാണ് എ.കെ ആന്റണി പ്രതികരിച്ചത്. എല്ലാ രാഷ്ട്രീയ,സാമുദായിക നേതാക്കളും ഒരുപോലെ ബഹുമാനിച്ച നേതാവായിരുന്നുവെന്നും കോൺഗ്രസിലെ അവസാനവാക്കായിരുന്നുവെന്നും ആന്റണി ഓർത്തെടുത്തു.
2001 ൽ തെന്നലയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ട്രാജഡികളിലൊന്ന്. മുൻ ധാരണ പ്രകാരമാണ് മാറ്റിയതെന്നും കൂടുതൽ വിവാദങ്ങൾക്കില്ലെന്നും ആന്റണി കൂട്ടിച്ചേർത്തു.
നഷ്ടപ്പെട്ടത് തറവാട്ടിലെ കാരണവരെയെന്നാണ് തെന്നലയുടെ മരണത്തിൽ അനുശോചിച്ച് വി.ഡി സതീശൻ പറഞ്ഞത്. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ചത് തെന്നലയായിരുന്നുവെന്നും സതീശൻ ഓർത്തെടുത്തു.
സത്യസന്ധനായ നേതാവാണ് തെന്നലയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. അധികാരം ഒരിക്കലും അദ്ദേഹത്തെ ഭ്രമിപ്പിച്ചിട്ടില്ല, അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു അധികാരമെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസിന് തീരാ നഷ്ടമെന്ന് കെ മുരളീധരൻ പ്രതികരിച്ചു. പാർട്ടി തീരുമാനങ്ങൾ ഒരു വിസമ്മതവും കൂടാതെ അനുസരിച്ച നേതാവാണെന്നും പാർട്ടിക്ക് കനത്ത ആഘാതമാണെന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം.
സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയായിരുന്നു തെന്നലയെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. കുടുംബത്തിലെ ഒരംഗത്തെ നഷ്ടമായ വേദനയെന്നും സുകുമാരൻ നായർ പറഞ്ഞു.
തെന്നലയുടെ മൃതദേഹം തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചയോടെ വട്ടിയൂർക്കാവിലെ കാച്ചാണിയിലെ വീട്ടിലേക്ക് കൊണ്ട് പോകും. നാളെ രാവിലെ 10:30 വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. ഒന്നര വരെ കെപിസിസി ആസ്ഥാനത്തും പൊതുദർശനത്തിന് വെച്ച ശേഷം തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്‌കരിക്കും.