തേങ്കുറുശ്ശി ദുരഭിമാനക്കൊല; പരോളിൽ ഇറങ്ങിയ പ്രതി അനീഷിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി; പരോൾ റദ്ദാക്കി
പ്രതി സുരേഷ് കുമാറാണ് പരോളിൽ ഇറങ്ങി നാലുദിവസം തികയും മുമ്പ് വീണ്ടും ജയിലിലായത്
പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാനക്കൊല കേസിൽ പ്രതിയുടെ പരോൾ റദ്ദാക്കി. കൊലചെയ്യപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയെ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. പ്രതി സുരേഷ് കുമാറാണ് പരോളിൽ ഇറങ്ങി നാലുദിവസം തികയും മുമ്പ് വീണ്ടും ജയിലിലായത്. ഉയർന്ന ജാതിയിൽപെട്ട ഹരിതയെ ദലിതനായ അനീഷ് വിവാഹം ചെയ്തതായിരുന്നു കൊലപാതകത്തിന് കാരണം.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 20 ദിവസത്തെ പരോളിൽ നാട്ടിലെത്തിയതിന് പിന്നാലെയായിരുന്നു ഭീഷണി. ഡിസംബർ 24ന് പരോളിലിറങ്ങിയ പ്രതി 25ന് വഴിയിൽ വെച്ച് ഹരിതയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഹരിതയുടെ പരാതിയിൽ കുഴൽമന്ദം പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പരോൾ റദ്ദാക്കിയത്. ഹരിതയുടെ അമ്മാവനാണ് സുരേഷ് കുമാർ.
2020 ഡിസംബർ 25നായിരുന്നു തേങ്കുറുശ്ശി ദുരഭിമാനക്കൊല നടന്നത്. മാനാം കുളമ്പ് സ്‌കൂളിന് സമീപത്തെ റോഡിൽ വച്ച് ഹരിതയുടെ പിതാവ് പ്രഭു, അമ്മാവൻ സുരേഷ് എന്നിവർ ഭർത്താവ് അനീഷിനെ കൊലപ്പെടുത്തുകയായിരുന്നു. ഹരിത അനീഷിന്റെ വീട്ടിലാണ് താമസം.