ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ നടത്താൻ പണമില്ല; പരീക്ഷാ ചെലവിനുള്ള പണം സ്വന്തം അക്കൗണ്ടിൽ നിന്നെടുക്കാൻ സ്കൂളുകൾക്ക് നിർദേശം

പരീക്ഷാ നടത്തിപ്പിനുള്ള പണം വക മാറ്റി ചെലവഴിച്ചതിനാൽ പ്രതിസന്ധിയുണ്ടായി എന്നാണ് ആരോപണം

Update: 2025-01-22 11:33 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പിൽ പണമില്ല. മാർച്ചിൽ നടത്തേണ്ട പരീക്ഷാ ചെലവിനുള്ള പണം സ്വന്തം അക്കൗണ്ടിൽ നിന്നെടുക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്കൂളുകൾക്ക് നിർദ്ദേശം നൽകി. പരീക്ഷാ നടത്തിപ്പിനുള്ള പണം വക മാറ്റി ചെലവഴിച്ചതിനാൽ പ്രതിസന്ധിയുണ്ടായി എന്നാണ് ആരോപണം.

പരീക്ഷകൾ നടത്തുന്നതിനുള്ള പണം നേരത്തെതന്നെ സ്കൂളുകൾക്ക് അനുവദിക്കുമായിരുന്നു. പരീക്ഷ കഴിഞ്ഞു തുക അധികമുണ്ടെങ്കിൽ മടക്കി നൽകിയാൽ മതി. എന്നാൽ ഇക്കുറി അങ്ങനെയല്ല. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകളും ഇമ്പ്രൂവ്മെന്റ് പരീക്ഷയും നടത്താൻ വിദ്യാഭ്യാസ വകുപ്പിൽ പണമില്ല. പരീക്ഷ നടത്തുന്നതിനായി ക്രമീകരിച്ചിട്ടുള്ള ഡയറക്ടറേറ്റിലെ ഹെഡ് ഓഫ് അക്കൗണ്ട് കാലിയായതാണ് കാരണം.

Advertising
Advertising

അതുകൊണ്ട് സ്കൂളുകൾ മറ്റ് ആവശ്യങ്ങൾക്കായി നീക്കി വെച്ചിട്ടുള്ള പിഡി അക്കൗണ്ടുകളിൽ നിന്ന് പണമെടുത്ത് പരീക്ഷ നടത്തണം എന്നതാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം. സർക്കാരിൽ നിന്നും ഫണ്ട് ലഭിക്കുന്ന മുറക്ക് പിഡി അക്കൗണ്ടിൽ തിരിച്ചടച്ചാൽ മതിയെന്നും സർക്കുലറിൽ ഉണ്ട്. പൊതു പരീക്ഷകൾക്കായി കുട്ടികളിൽ നിന്നും സർക്കാർ പ്രത്യേകം ഫീസ് ഈടാക്കാറുണ്ട്. ഇങ്ങനെ ഈടാക്കുന്ന പണം എത്തുന്നതാകട്ടെ ഡയറക്ടറേറ്റിലെ ഹെഡ് ഓഫ് അക്കൗണ്ടിലും. എന്നിട്ടും പണമില്ല എന്നു പറയുന്നതിൽ ദുരൂഹത ഉണ്ടെന്നാണ് ഒരു വിഭാഗം അധ്യാപകരുടെ വാദം. പരീക്ഷയ്ക്ക് ചെലവാക്കേണ്ട പണം വക മാറ്റി ചെലവഴിച്ചത് കൊണ്ട് ഉണ്ടായ പ്രതിസന്ധി ആണെന്നും ആരോപണം ഉയരുന്നുണ്ട്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News