അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം ഇന്ന്

അമേരിക്ക, കാനഡ, മെക്സിക്കോ ഉൾപ്പെടെയുള്ള വടക്കൻ അമേരിക്കൻ രാജ്യങ്ങളിൽ ഗ്രഹണം ദൃശ്യമാകും

Update: 2024-04-08 08:03 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

തിരുവനന്തപുരം: അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം ഇന്ന് നടക്കും. വടക്കൻ അമേരിക്കൻ രാജ്യങ്ങളിലാണ് സൂര്യഗ്രഹണം ദൃശ്യമാവുന്നത്. ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ശേഷമാണ് സൂര്യഗ്രഹണം ആരംഭിക്കുക. ഗ്രഹണ സമയത്ത് പുതിയ പഠനങ്ങൾക്കായിക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ശാസ്ത്രലോകം.

2017 ആഗസ്ത് 21ന് അമേരിക്കയിൽ ദൃശ്യമായ സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ശേഷം വർഷങ്ങൾക്കിപ്പുറം വീണ്ടും ആ കാഴ്ചയ്ക്ക് ഒരുങ്ങുകയാണ് ശാസ്ത്രലോകം. 50 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണത്തിനാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കുന്നത്. 4 മിനിറ്റ് 27 സെക്കന്റ് നേരമാണ് പൂർണഗ്രഹണം നീണ്ട് നിൽക്കുക. സൂര്യനും ചന്ദ്രനും ഭൂമിയും നേർ രേഖയിൽ എത്തുന്ന സൂര്യഗ്രഹണത്തിന് മറ്റൊരു പ്രത്യേകതയും ഇക്കുറിയുണ്ട്. ഭൂമിയിലെത്തുന്ന സൂര്യന്‍റെ നിഴലിന്‍റെ വ്യാപ്തി 173 മുതൽ 193 കിലോമീറ്റർ വരെയാണ്. അതുകൊണ്ട്തന്നെ സമ്പൂർണ സൂര്യഗ്രഹണം കൂടുതൽ സ്ഥലങ്ങളിൽ ദൃശ്യമാവും.

എന്നാൽ ഇന്ത്യൻ സമയം രാത്രി 9.12 മുതൽ സൂര്യഗ്രഹണം ആരംഭിക്കും. ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ ഗ്രഹണം ദൃശ്യമാവില്ല. വടക്കന്‍ അമേരിക്കൻ രാജ്യങ്ങളിൽ ഗ്രഹണം ദ്യശ്യമാകുമെങ്കിലും അമേരിക്കയിലെ ടെക്സസ് മുതല്‍ മെയിൻ വരെയുളള സംസ്ഥാനങ്ങളിൽ മാത്രമായിരിക്കും സമ്പൂർണ ഗ്രഹണം കാണാൻ സാധിക്കുക. ഗ്രഹണം നടക്കുമ്പോൾ ഭൂമിയുലുണ്ടാകുന്ന മാറ്റങ്ങൾ പഠിക്കാൻ നാസ അടക്കമുള്ള ഏജൻസികൾ വിപുലമായ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സൂര്യഗ്രഹണം നാസ തല്‍സമയം സംപ്രേഷണം ചെയ്യും. ബഹിരാകാശ സഞ്ചാരികള്‍ സൂര്യഗ്രഹണം എങ്ങനെ വീക്ഷിക്കുന്നുവെന്നും ആശയവിനിമയം നടത്തും . അടുത്ത സമ്പൂര്‍ണ ഗ്രഹണം ഇനി 2026 ആഗസ്ത് 12നായിരിക്കും. ഇത് അന്‍റാര്‍ട്ടിക് മേഖലയിലാകും പൂര്‍ണമായും ദൃശ്യമാകുക.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News