ആശുപത്രിയുടെ സീലിങ്ങ് തകർന്നതിൽ വിജിലൻസ് അന്വേഷണം വേണം: കെ.ബി ഗണേഷ്‌കുമാർ

രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് തകർന്നത്

Update: 2022-06-17 08:03 GMT
Advertising

കൊല്ലം: പത്തനാപുരം തലവൂർ ആയുർവേദ ആശുപത്രിയുടെ സീലിങ്ങ് തകർന്നു വീണ സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കെ.ബി ഗണേഷ്‌കുമാർ എംഎൽഎ. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നുവെന്നും അതിനാൽ ബില്ല് മാറി നൽകേണ്ടെന്ന് താൻ തന്നെ നിർദ്ദേശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥർ ആശുപത്രിയിൽ പരിശോധന നടത്തുമെന്നും ആവശ്യമെങ്കിൽ കോൺട്രാക്ടറെ കരിമ്പട്ടികയിൽ പെടുത്തുമെന്നും ഗണേഷ്‌കുമാർ വ്യക്തമാക്കി. സംഭവത്തിൽ ഏത് അന്വേഷണവും നേരിടാൻ താൻ തയ്യാറാണെന്നും ഗണേഷ് കുമാർ എം.എൽ.എ പറഞ്ഞു.

രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് തകർന്നത്. രോഗികൾ കെട്ടിടത്തിൽ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. മൂന്നു കോടി ചെലവഴിച്ച കെട്ടിടം നിർമ്മിച്ചത് സർക്കാർ സ്ഥാപനമായ നിർമ്മിതിയായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ ഹാളിന് മുകളിൽ പാകിയ സീലിംഗ് ആണ് ഇളകി വീണത്. രാത്രിയായതിനാൽ ആളുകൾ വാർഡിലേക്ക് പോയതിനാൽ ആളപായം ഉണ്ടായിട്ടില്ല. രാത്രി തന്നെ ഇളകിവീണ ടൈലുകൾ മാറ്റാൻ ശ്രമം നടന്നതായും രോഗികൾ സൂചിപ്പിക്കുന്നു. ഇതരസംസ്ഥാനങ്ങളിൽ നിന്നുപോലും രോഗികൾ തേടിയെത്തുന്ന ആശുപത്രിയാണ് തലവൂർ ആയുർവേദ ആശുപത്രി.

അതേസമയം ആശുപത്രിയുടെ നിർമാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. നിർമാണ പ്രവർത്തനത്തിലെ അപാകതയാണ് സീലിങ്ങ് തകരാൻ കാരണം. നിലവാരമില്ലാത്ത നിർമാണ രീതി ഉപയോഗിച്ചു. എം.എൽ.എ ഫണ്ട് വിനിയോഗിക്കുന്നത് കമ്മീഷൻ വ്യവസ്ഥയിലാണ്. വിജിലൻസ് അന്വേഷണം വേണമെന്ന് ജ്യോതികുമാർ ചാമക്കാല ആവശ്യപ്പെട്ടു.

Vigilance probe needed into hospital ceiling collapse: KB Ganeshkumar

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News