ഇരവിപുരത്ത് ആര്‍എസ്പിയില്‍ സമവായം; വിഷ്ണു മോഹന്‍ സ്ഥാനാര്‍ഥിയാകും

കാര്‍ത്തിക് പ്രേമചന്ദ്രനെയും എം.എസ് ഗോപകുമാറിനെയും തള്ളിയാണ് വിഷ്ണു മോഹന്‍ സ്ഥാനാര്‍ഥിയാകുന്നത്

Update: 2026-02-27 12:38 GMT

കൊല്ലം: ഇരവിപുരം സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ആര്‍എസ്പിയില്‍ സമവായം. ആര്‍വൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹന്‍ സ്ഥാനാര്‍ഥിയാകും. എന്‍.കെ പ്രേമചന്ദ്രന്റെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രനെയും എം.എസ് ഗോപകുമാറിനെയും തള്ളിയാണ് വിഷ്ണു മോഹന്‍ സ്ഥാനാര്‍ഥിയാകുന്നത്.

ഇരവിപുരം സീറ്റിനെച്ചൊല്ലി ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചേരിതിരിഞ്ഞ് തര്‍ക്കമുണ്ടായിരുന്നു. കാര്‍ത്തിക് പ്രേമചന്ദ്രനാണ് കൂടുതല്‍ പേരുടെ പിന്തുണ ലഭിച്ചത്. അതേസമയം, കാര്‍ത്തിക്കിനെ സ്ഥാനാര്‍ഥിയാക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് ഷിബു ബേബി ജോണ്‍ പക്ഷം നിലപാടെടുത്തു. എ.എ അസീസ് അടക്കമുള്ളവരും ഷിബുവിനൊപ്പം നിന്നു. ഇതോടെയാണ് സമവായ സ്ഥാനാര്‍ഥിയായി വിഷ്ണു മോഹനന്റെ പേര് പരിഗണിച്ചത്.

Advertising
Advertising

സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എംപി വികാരാധീനനായി. തന്റെ മകന്‍ സ്ഥാനാര്‍ഥിയല്ലെന്ന് പറയാന്‍ എ.എ അസീസിനെ നിയോഗിച്ചതാരാണെന്ന് അദ്ദേഹം ചോദിച്ചു. ഈ പാര്‍ട്ടിയുടെ ഒരു മുഖമായ തന്റെ മകനെ കുറിച്ച് മോശമായി എ.എ അസീസ് പറഞ്ഞത് ശരിയായില്ല. തനിക്ക് ഏറ്റവും വിഷമമുണ്ടാക്കിയ കാര്യമാണതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. 

അതേസമയം, സ്ഥാനാര്‍ഥിയാകാന്‍ തനിക്ക് എന്താണ് അയോഗ്യതയെന്ന് എം.എസ് ഗോപകുമാര്‍ ചോദിച്ചു. തന്റെ പേര് ഉയര്‍ന്നപ്പോള്‍ ഒരു വിഭാഗം എതിര്‍ത്തു. തീരുമാനിച്ച സ്ഥാനാര്‍ഥിക്ക് എന്താണ് അയോഗ്യത, എന്താണ് യോഗ്യത എന്ന് കൂടി നേതൃത്വം വ്യക്തമാക്കണം. വിഭാഗീയത ശക്തമായെന്നും പാര്‍ട്ടി തീരുമാനങ്ങള്‍ മുഴുവന്‍ ചോരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News