വാളയാര്‍ വംശീയക്കൊല; നഷ്ടപരിഹാരത്തില്‍ തീരുമാനമായില്ല: പ്രതിഷേധം തുടര്‍ന്ന് രാംനാരായണന്റെ കുടുംബവും മനുഷ്യാവകാശപ്രവര്‍ത്തകരും

പട്ടികജാതി പീഡന നിരോധന നിയമവും ആള്‍ക്കൂട്ടക്കൊല വകുപ്പും ഉള്‍പ്പെടുത്താന്‍ ചര്‍ച്ചയില്‍ തീരുമാനമായി

Update: 2025-12-21 16:39 GMT

പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ രാംനാരായണ്‍ ബകേലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ തീരുമാനമായില്ല. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് പാലക്കാട് ആര്‍ടിഒ കുടുംബവുമായി നടത്തിയ ചര്‍ച്ചയാണ് തീരുമാനമാകാതെ അവസാനിച്ചത്. ധനസഹായത്തില്‍ തീരുമാനമാകാത്തതിനാല്‍ രാംനാരായണിന്റെ കുടുംബവും മനുഷ്യാവകാശ പ്രവര്‍ത്തകരും മോര്‍ച്ചറിക്ക് മുന്നില്‍ പ്രതിഷേധം തുടരുകയാണ്.

പട്ടികജാതി പീഡന നിരോധന നിയമവും ആള്‍ക്കൂട്ടക്കൊല വകുപ്പും ഉള്‍പ്പെടുത്താന്‍ ചര്‍ച്ചയില്‍ തീരുമാനമായി. കൊലപാതകത്തില്‍ കേസന്വേഷണത്തിന് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിക്കും. ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുകയാണെങ്കില്‍ മൃതദേഹം ഏറ്റെടുക്കാമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Advertising
Advertising

ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണ്‍ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കള്ളന്‍ എന്ന് ആരോപിച്ചാണ് പ്രതികള്‍ രാംനാരായണിനെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ആക്രമണത്തെ തുടര്‍ന്ന രക്തം വാര്‍ന്ന് ഒന്നര മണിക്കൂറോളം രാംനാരായണ്‍ ഭയ്യ റോഡില്‍ കിടന്നു. അവശനിലയിലായ യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട വിചാരണയും കൊടുംക്രൂരതയുമാണ് ഭയ്യ നേരിട്ടത്. കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടിയാണ് രാംനാരായണ്‍ ഭയ്യ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി.

ചെറിയ മാനസിക പ്രശ്‌നങ്ങള്‍ രാംനാരായണിന് ഉണ്ടായിരുന്നു. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് വനിതകള്‍ ആണ് രാംനാരായണിനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടര്‍ന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികളായ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സംഘം ചേര്‍ന്ന് രാംനാരായണിനെ തടഞ്ഞുവച്ച് കള്ളന്‍ എന്ന് ആരോപിച്ച് വിചാരണ ചെയ്ത് മര്‍ദിക്കുകയായിരുന്നു.

സംഭവത്തില്‍ ഇതുവരെയും നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണ്‍ കൊല്ലപ്പെട്ട് നാലുദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത്. അടിയന്തരമായി നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാവുന്നതല്ലെന്നും പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News