Writer - അൻഫസ് കൊണ്ടോട്ടി
anfas123
പാലക്കാട്: വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് രാംനാരായണന്റെ കുടുംബം. ആള്‍ക്കൂട്ട കൊലപാതകത്തിന്റെ ഇരയായ രാംനാരായണിന്റെ കുടുംബത്തചിന് ന്യായമായ നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും പ്രതികള്‍ക്കെതിരെ കേസിലെ വകുപ്പുകള്‍ ശക്തിപ്പെടുത്തണമെന്നും ബന്ധു ശശികാന്ത് മീഡിയവണിനോട് പ്രതികരിച്ചു.
'25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. രണ്ട് മക്കള്‍ അടങ്ങുന്ന നിര്‍ധന കുടുംബമാണ് രാംനാരായണിന്റേത്. കേസില്‍ വകുപ്പുകള്‍ ശക്തിപ്പെടുത്തണം. ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തണം. എല്ലാ കൊലയാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.' പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് ഉള്‍പ്പെടുത്തി കേസെടുക്കണമെന്നും ബന്ധു ശശികാന്ത് പറഞ്ഞു.
ആള്‍ക്കൂട്ട കൊലപാതകത്തില്‍ നീതി വേണമെന്ന് കൊല്ലപ്പെട്ട നാംരാരായണന്റെ ഭാര്യ ലളിത മീഡിയവണിനോട് പ്രതികരിച്ചിരുന്നു.
ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണ്‍ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കള്ളന്‍ എന്ന് ആരോപിച്ചാണ് പ്രതികള്‍ രാംനാരായണിനെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ആക്രമണത്തെ തുടര്‍ന്ന രക്തം വാര്‍ന്ന് ഒന്നര മണിക്കൂറോളം രാംനാരായണ്‍ ഭയ്യ റോഡില്‍ കിടന്നു. അവശനിലയിലായ യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട വിചാരണയും കൊടുംക്രൂരതയുമാണ് ഭയ്യ നേരിട്ടത്. കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടിയാണ് രാംനാരായണ്‍ ഭയ്യ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി.
ചെറിയ മാനസിക പ്രശ്നങ്ങള്‍ രാംനാരായണിന് ഉണ്ടായിരുന്നു. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് വനിതകള്‍ ആണ് രാംനാരായണിനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടര്‍ന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികളായ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സംഘം ചേര്‍ന്ന് രാംനാരായണിനെ തടഞ്ഞുവച്ച് കള്ളന്‍ എന്ന് ആരോപിച്ച് വിചാരണ ചെയ്ത് മര്‍ദിക്കുകയായിരുന്നു.
സംഭവത്തില്‍ ഇതുവരെയും നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണ്‍ കൊല്ലപ്പെട്ട് നാലുദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത്. അടിയന്തരമായി നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാവുന്നതല്ലെന്നും പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.