മലകളും പുഴകളും കാടും മേടും അനുയോജ്യമായ കാലാവസ്ഥയും...ഇന്ത്യയുടെ സഞ്ചാര ഭൂപടത്തിൽ കേരളം രേഖപ്പെടുത്തുന്നത് പല തരത്തിലാണ്. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് നമ്മുടെ നാട്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കേരളം വേറിട്ടുനിൽക്കുന്നത് അത് കൂടുതൽ മനോഹരമായതുകൊണ്ട് മാത്രമല്ല, ഒരു വിനോദസഞ്ചാര കേന്ദ്രമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്നതുകൊണ്ടും കൂടിയാണ്.
വിദേശികളുടെ കാഴ്ചപ്പാടിൽ ഇന്ത്യയിൽ കാണാൻ ഒരുപാടുണ്ട്. എന്നാൽ തിരക്കേറിയ ഹിൽ സ്റ്റേഷനുകൾ, പ്രവചനാതീതമായ ഗതാഗത കുരുക്ക്, ക്ഷീണിപ്പിക്കുന്നതായി തോന്നുന്ന ലക്ഷ്യസ്ഥാനങ്ങൾ എന്നിവ അവരുടെ സ്ഥിരം പരാതികളായി മാറിയിരിക്കുന്നു. ഇക്കാര്യത്തിൽ കേരളം പരാതികൾക്കൊന്നും ഇടവരുത്തുന്നില്ല. കേരളം സന്ദര്‍ശകരെ ആകര്‍ഷിക്കുക മാത്രമല്ല,വിദേശികളെ ഇവിടെ തുടരാൻ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. നമ്മുടെ നാട്ടിലെ ടൂറിസം സംവിധാനങ്ങൾ അത്ര മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് വർഷം തോറും ഇന്ത്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കേരളം ഇടംപിടിക്കുന്നത്.
ഏറ്റവും എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിയുന്ന സംസ്ഥാനം
ഇന്ത്യയിൽ ഏറ്റവും എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിയുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. യാത്രാസുഖത്തിന്‍റെ കാര്യത്തിൽ കേരളം മറ്റ് സ്ഥലങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ്. കുന്നിൻ പ്രദേശങ്ങൾ, കായലുകൾ, ബീച്ചുകൾ, വന്യജീവി മേഖലകൾ, നഗരങ്ങൾ എന്നിവയിലേക്ക് കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചേരാം. യാത്രക്കായി കുറഞ്ഞ സമയം മാത്രമേ വേണ്ടിവരുന്നുള്ളൂ. ഭൂരിഭാഗം വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും എത്തിച്ചേരണമെങ്കിൽ വിമാനങ്ങളെയോ സ്വകാര്യ ടാക്സികളെയോ ആശ്രയിക്കേണ്ടി വരുന്നില്ല. ട്രെയിനുകളും ഹൈവേകളും മിക്ക പ്രധാന ടൂറിസ്റ്റ് മേഖലകളെയും കാര്യക്ഷമമായി ബന്ധിപ്പിക്കുന്നു.
ബജറ്റിന് അനുസൃതമായ താമസ സൗകര്യം
സഞ്ചാരികൾക്ക് അവരുടെ ബജറ്റിന് അനുസൃതമായ താമസസൗകര്യം കേരളത്തിൽ ലഭ്യമാണ്. ഹോംസ്റ്റേകളും ഇടത്തരം ഹോട്ടലുകളും മുതൽ ഉയർന്ന നിലവാരമുള്ള റിസോർട്ടുകൾ വരെ ഇവിടെയുണ്ട്. ഇത് സഞ്ചാരികൾക്ക് താമസ സൗകര്യം തേടി അലയേണ്ട സാഹചര്യമുണ്ടാക്കുന്നില്ല. കേരളത്തിലെത്തുന്ന ടൂറിസ്റ്റുകൾക്ക് യാതൊരു ടെൻഷനുമില്ലാതെ നാട് ചുറ്റിക്കാണാൻ ഇത് അവസരമൊരുക്കുന്നു.
കേരളത്തിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ് കായൽ ടൂറിസം. ഹൗസ് ബോട്ടുകൾ ലൈസൻസിംഗ് മാനദണ്ഡങ്ങൾ, നിയുക്ത റൂട്ടുകൾ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നതിനാൽ പൂർണമായ തിരക്ക് തടയാൻ കഴിഞ്ഞു.മാളുകളും അനിയന്ത്രിതമായ നിർമാണ പ്രവർത്തനങ്ങളും നിറഞ്ഞ ഒരു വലിയ വാണിജ്യ മേഖലയായി മാറാതെ മൂന്നാറിനെ ഹിൽ സ്റ്റേഷനായി നിലനിര്‍ത്താൻ സാധിച്ചു. തിരക്കേറിയ സീസണുകളിൽ പോലും കേരളം ഒരിക്കൽ പോലും സഞ്ചാരികളെ മടുപ്പിക്കുന്നില്ല എന്നതും ഒരു സവിശേഷതയാണ്.
രാജ്യത്തിന്‍റെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള ചെറിയൊരു സംസ്ഥാനമാണെങ്കിലും ഒറ്റ യാത്ര കൊണ്ടൊന്നും കേരളത്തിലെ കാഴ്ചകൾ കണ്ടുതീരാൻ സാധിക്കില്ല. ഒറ്റ യാത്രയിൽ പൂർത്തിയാക്കേണ്ട ഒരു ലക്ഷ്യസ്ഥാനമായി കേരളം സ്വയം വിൽക്കുന്നില്ല. ആദ്യ സന്ദർശനങ്ങൾ പ്രകൃതിദൃശ്യങ്ങളിലും ജലാധിഷ്ഠിത യാത്രകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുന്നുകൾ, കായലുകൾ, ബീച്ചുകൾ എന്നിവയാണ് പ്രാരംഭ ആകർഷണം.
രണ്ടാമത് ഇവിടുത്തെ വൈവിധ്യമാര്‍ന്ന ഭക്ഷണ സംസ്കാരത്തിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. നാട്ടിൻപുറങ്ങളിലെ താമസങ്ങൾ, ശാന്തമായ ഗ്രാമകാഴ്ചകൾ എന്നിവയും പ്രധാന ആകര്‍ഷണങ്ങളാണ്. കേരളത്തിന്‍റെ ആയുര്‍വേദ പാരമ്പര്യവും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ആയുര്‍വേദ ചികിത്സക്കായും മറ്റും കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണവും വളരെ വലുതാണ്. കാലാവസ്ഥക്കും പ്രദേശങ്ങൾക്കും അനുസരിച്ച് ഓരോ തവണയും കേരളം സന്ദര്‍ശിക്കുമ്പോൾ വ്യത്യസ്ത അനുഭവമാണ് സമ്മാനിക്കുന്നത്.
പ്രായമായവര്‍, സോളോ യാത്രക്കാര്‍, ശാന്തമായ യാത്രാനുഭവം ആഗ്രഹിക്കുന്നവര്‍ തുടങ്ങിയവര്‍ക്കൊക്കെ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കേരളം. തണുത്ത കാലാവസ്ഥക്കും തേയിലത്തോട്ടങ്ങൾ എന്നിവ കാണാൻ ആഗ്രഹിക്കുന്നവര്‍ക്ക് മൂന്നാറാണെങ്കിൽ വനപ്രദേശങ്ങൾ വന്യജീവി ടൂറിസത്തിന് പെരിയാറും കായൽ യാത്രക്ക് ആലപ്പുഴയും പേര് കേട്ടതാണ്. അങ്ങനെ ഓരോ ലക്ഷ്യസ്ഥാനവും വ്യത്യസ്തമായ യാത്രാനുഭവം സമ്മാനിക്കുന്നു.