ഹോട്ടൽ മുറിയിൽ കയറിയാലുടൻ കട്ടിലിനടിയിലേക്ക് വാട്ടർ ബോട്ടിൽ എറിയുന്നതെന്തിന്? സ്മാർട്ട് ട്രാവലേഴ്‌സിന്റെ ഈ രീതിക്ക് പിന്നിലെ രഹസ്യമിതാണ്!

ഒറ്റനോട്ടത്തിൽ ഇതൊരു വിചിത്രമായ പ്രവൃത്തിയായി തോന്നാം. സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ലളിതവും എന്നാൽ ഫലപ്രദവുമായ ഒരു 'ട്രാവൽ ഹാക്ക്' ആണിത്

Update: 2026-08-25 17:23 GMT

ദൂരയാത്രയുടെ ക്ഷീണമെല്ലാം മാറ്റാൻ ഹോട്ടൽ മുറിയിൽ എത്തുമ്പോൾ നമ്മൾ ആദ്യം ആഗ്രഹിക്കുന്നത് നേരെ ചെന്ന് കട്ടിലിലേക്ക് ഒന്ന് ചായാനായിരിക്കും. എന്നാൽ ഹോട്ടൽ മുറിയിലേക്ക് കടന്നയുടനെ ഒരു പ്ലാസ്റ്റിക് വാട്ടർ ബോട്ടിൽ എടുത്ത് കട്ടിലിനടിയിലേക്ക് എറിയുന്ന ചിലരുണ്ട്. ഒറ്റനോട്ടത്തിൽ ഇതൊരു വിചിത്രമായ പ്രവൃത്തിയായി തോന്നാം. നല്ലൊരു വാട്ടർ ബോട്ടിൽ എന്തിനാണ് വെറുതെ തറയിലേക്ക് എറിയുന്നതെന്ന് നാം സ്വാഭാവികമായും ചിന്തിച്ചേക്കാം. എന്നാൽ ഇതിന് പിന്നിലൊരു കാരണമുണ്ട്. സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ലളിതവും എന്നാൽ ഫലപ്രദവുമായ ഒരു 'ട്രാവൽ ഹാക്ക്' ആണിത്.

Advertising
Advertising

സ്ഥിരമായി യാത്ര ചെയ്യുന്നവരും ഫ്ലൈറ്റ് അറ്റൻഡന്റുമാരുമാണ് പ്രധാനമായും ഈ വിദ്യ ഉപയോഗിക്കുന്നത്. വെറുമൊരു ശീലമെന്നതിനപ്പുറം മുട്ടുകുത്തി താഴേക്ക് കുനിഞ്ഞു നോക്കാതെ തന്നെ, കട്ടിലിനടിയിൽ ആരെങ്കിലും ഒളിഞ്ഞിരിപ്പുണ്ടോ അല്ലെങ്കിൽ എന്തെങ്കിലും തടസങ്ങളോ സാധനങ്ങളോ ഉണ്ടോ എന്ന് നിമിഷനേരം കൊണ്ട് പരിശോധിക്കാനുള്ള ഒരു സൂത്രപ്പണിയാണിത്. ഔദ്യോഗികമായ ഒരു സുരക്ഷാ രീതിയല്ലെങ്കിലും, അപരിചിതമായ ഒരു ഹോട്ടൽ മുറിയിൽ നമുക്കല്പം സമാധാനം നൽകാൻ ഈ ചെറിയ വിദ്യയ്ക്ക് കഴിയും.

വളരെ ലളിതമായ ഒരു രീതിയാണിത്:

  •  ഹോട്ടൽ മുറിയിൽ പ്രവേശിച്ച് വാതിൽ അടച്ചു പൂട്ടുക.
  •  നിറഞ്ഞതോ കാലിയായതോ ആയ ഒരു പ്ലാസ്റ്റിക് വാട്ടർ ബോട്ടിൽ എടുക്കുക.
  •  അത് കട്ടിലിനടിയിലൂടെ പതുക്കെ ഉരുട്ടി വിടുകയോ എറിയുകയോ ചെയ്യുക.
  •  അത് എവിടേക്കാണ് പോകുന്നതെന്ന് ശ്രദ്ധിക്കുക.
  •  ബോട്ടിൽ സുഗമമായി ഉരുണ്ട് മറുവശത്ത് എത്തുകയാണെങ്കിൽ, കട്ടിലിനടിയിൽ തടസങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പിക്കാം.
  •  എന്നാൽ ബോട്ടിൽ പെട്ടെന്ന് നിൽക്കുകയോ ദിശ മാറുകയോ ചെയ്താൽ, അവിടെ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.

കട്ടിലിനടിയിൽ എന്തൊക്കെയാകാം?

കൂടുതൽ സമയങ്ങളിലും വളരെ സാധാരണമായ കാര്യങ്ങളാകും അവിടെയുണ്ടാകുക. മുമ്പ് താമസിച്ചവർ മറന്നുവെച്ച ലഗേജ് ടാഗുകൾ, സ്ലിപ്പറുകൾ, വസ്ത്രങ്ങൾ, ഷൂസുകൾ, അധികമുള്ള ബ്ലാങ്കറ്റുകൾ അല്ലെങ്കിൽ പൊടി എന്നിവയാകാം തടസമായി മാറുന്നത്. ഇത്തരം കാര്യങ്ങൾ അപകടകരമല്ലെങ്കിലും, മുറി കൃത്യമായി വൃത്തിയാക്കിയിട്ടില്ല എന്നതിന്റെ സൂചന കൂടിയാണിത്.

ഇത് സുരക്ഷയുമായി ബന്ധപ്പെട്ടതാണോ?

കട്ടിലിനടിയിൽ ആരെങ്കിലും ഒളിച്ചിരിപ്പുണ്ടോ എന്ന് പരിശോധിക്കാനാണ് ഈ വിദ്യ ഉപയോഗിക്കുന്നതെന്ന് ചില വൈറൽ വീഡിയോകൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ അത്തരം സംഭവങ്ങൾ വളരെ അപൂർവമാണ്. ആധുനിക ഹോട്ടലുകളിൽ മികച്ച നിരീക്ഷണ സംവിധാനങ്ങളും സുരക്ഷയും ഉള്ളതിനാൽ അത്തരം ഭീഷണികൾ കുറവാണ്. എങ്കിലും, ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും രാത്രി വൈകി എത്തുന്നവർക്കും ഈ പരിശോധന വലിയൊരു സമാധാനം നൽകും. ഇതിനായി പണച്ചെലവില്ല എന്ന് മാത്രമല്ല, നിമിഷനേരം കൊണ്ട് പരിശോധന പൂർത്തിയാക്കാനും സാധിക്കും.

മറ്റ് പ്രധാന ഹോട്ടൽ സുരക്ഷാ ശീലങ്ങൾ

ഈ ഒരൊറ്റ വിദ്യയെ മാത്രം ആശ്രയിക്കുന്നതിന് പകരം, യാത്രക്കാർ മറ്റ് ചില പ്രായോഗിക സുരക്ഷാ ശീലങ്ങൾ കൂടി പിന്തുടരുന്നത് നല്ലതാണ്:

  •  വാതിൽ പൂട്ടുകൾ പരിശോധിക്കുക: മുറിയിൽ കയറിയ ശേഷം ഡെഡ്‌ബോൾട്ടും സുരക്ഷാ ലാച്ചും കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.
  •  എമർജൻസി എക്സിറ്റുകൾ കണ്ടെത്തുക: അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തുകടക്കാനുള്ള എമർജൻസി എക്സിറ്റുകൾ, ഫയർ എസ്കേപ്പ് വഴികൾ, പടവുകൾ എന്നിവ എവിടെയാണെന്ന് മുൻകൂട്ടി മനസ്സിലാക്കുക.
  •  മുറി മുഴുവൻ പരിശോധിക്കുക: സാധനങ്ങൾ വെക്കുന്നതിന് മുമ്പായി അലമാര, കർട്ടനുകൾക്ക് പിന്നിൽ, ബാത്ത്റൂം എന്നിവ പരിശോധിക്കുക.
  •  വിലപിടിപ്പുള്ളവ സുരക്ഷിതമായി സൂക്ഷിക്കുക: പാസ്‌പോർട്ട്, പണം, ആഭരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ മുറിയിലെ സേഫിൽ സൂക്ഷിക്കുക.
  •  റൂം നമ്പർ മറ്റുള്ളവർ കേൾക്കെ പറയരുത്: ചെക്ക്-ഇൻ ചെയ്യുന്ന സമയത്ത് നിങ്ങളുടെ റൂം നമ്പർ ഉച്ചത്തിൽ പറയുന്നത് ഒഴിവാക്കുക.
  •  ഹോട്ടൽ ജീവനക്കാരെ തിരിച്ചറിയുക: റൂം ബോയ് അല്ലെങ്കിൽ മെയിന്റനൻസ് ആണെന്ന് പറഞ്ഞ് ആരെങ്കിലും വന്നാൽ, വാതിൽ തുറക്കുന്നതിന് മുമ്പ് ഫ്രണ്ട് ഡെസ്കിൽ വിളിച്ച് അവർ ജീവനക്കാർ തന്നെയാണെന്ന് ഉറപ്പുവരുത്തുക.

ഇതൊരു പൂർണമായ സുരക്ഷാ മാർഗമാണോ?

അല്ല. ബോട്ടിൽ കട്ടിലിനടിയിൽ തട്ടിയാൽ അവിടെ അപകടമുണ്ടെന്ന് അർഥമില്ല. അത് കട്ടിലിന്റെ കാലിലോ അല്ലെങ്കിൽ അവിടെയുള്ള ഒരു ജോഡി സ്ലിപ്പറിലോ തട്ടിയതാകാം. അതുപോലെ തന്നെ, ബോട്ടിൽ സുഗമമായി മറുവശത്ത് എത്തിയതുകൊണ്ട് മാത്രം മുറി പൂർണമായും സുരക്ഷിതമാണെന്നും പറയാനാകില്ല. ഇതൊരു എളുപ്പത്തിലുള്ള പരിശോധനാ ഉപകരണം മാത്രമാണ്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News