എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്
അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കവി കെ.ജി.എസ് അധ്യക്ഷനും കല്‍പ്പറ്റ നാരായണന്‍, കെ. സച്ചിദാനന്ദന്‍, സാറാ ജോസഫ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
ഈ കാലത്തിന്റെ മാത്രമല്ല, വരുംകാലത്തിന്റെ എഴുത്തുകാരന്‍ കൂടിയാണ് മേതില്‍ രാധാകൃഷ്ണന്‍ എന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. അനന്യമായ ലാവണ്യബോധവും അനിതരമായ ധിഷണാശേഷിയും കൊണ്ട് മലയാള സാഹിത്യത്തില്‍ നവഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനാണ് മേതില്‍ രാധാകൃഷ്ണനെന്ന് ജൂറി വിലയിരുത്തി. ശാസ്ത്രം, തത്വചിന്ത, മനഃശാസ്ത്രം എന്നിവയെ സര്‍ഗാത്മകതയുമായി സമന്വയിപ്പിച്ചുകൊണ്ട് ആധുനികോത്തര കാലഘട്ടത്തിലെ ശ്രദ്ധേയ സാന്നിധ്യമായി അദ്ദേഹം മാറിയെന്നും ജൂറി ചൂണ്ടിക്കാട്ടി.
1944 ആഗസ്റ്റ് 24ന് പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പുതിയങ്കത്താണ് മേതിലിന്റെ ജനനം. പിതാവ്: പാറക്കാട്ട് ഗോവിന്ദ മേനോന്‍, മാതാവ്: മേതില്‍ കമല. ചിറ്റൂര്‍ പി. കോളജിലും തൃശ്ശൂര്‍ കേരളവര്‍മ കോളജിലും വിദ്യാഭ്യാസം. ഒരു നോര്‍വീജിയന്‍ ഷിപ്പിങ് സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ വിഭാഗത്തിന്റെ അധിപനായും നെസ്റ്റ് സോഫ്റ്റ്വെയര്‍ യുഎസ്എയുടെ മദ്രാസ് ശാഖയില്‍ സീനിയര്‍ സാങ്കേതിക ലേഖകനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു.
സൂര്യവംശം, ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി, ബ്രാ, പെന്‍ഗ്വിന്‍, ഡിലന്‍ തോമസിന്റെ പന്ത്, നായകന്മാര്‍ ശവപേടകങ്ങളില്‍, സംഗീതം ഒരു സമയകലയാണ്, മേതില്‍ കഥകള്‍, മേതില്‍ കവിതകള്‍, രോമം, ദൈവം മനുഷ്യന്‍ യന്ത്രം, ലൈംഗികതയെക്കുറിച്ച് ഒരു ഉപന്യാസം, ആല്‍ബട്രോസിന്റെ കരച്ചില്‍, മൂന്നുവര, ഭൂമിയെയും മരണത്തെയും കുറിച്ച്, സൂര്യമത്സ്യത്തെ വിവരിക്കല്‍, ചൂണ്ടുന്ന എലി, ചൂണ്ടെലി, ഇവിടെ ഒരു വവ്വാല്‍ ഇല്ല, സീബ്ര ക്രോസിങ്, പെന്‍ഗ്വിന്‍ എന്നിവ പ്രധാന കൃതികള്‍. ജീവിതപങ്കാളി: പരേതയായ പ്രഭാവതി. മക്കള്‍: പരേതയായ ജൂണ്‍, ജൂലിയന്‍.