വര്‍ഷകാല സമ്മേളനം ഫലപ്രദമായി പൂര്‍ത്തിയാക്കിയെന്ന വിലയിരുത്തലില്‍ കേന്ദ്രം

Update: 2017-02-18 14:54 GMT
വര്‍ഷകാല സമ്മേളനം ഫലപ്രദമായി പൂര്‍ത്തിയാക്കിയെന്ന വിലയിരുത്തലില്‍ കേന്ദ്രം
Advertising

കശ്മീര്‍, ദലിത് വിഷയങ്ങള്‍ക്കൊപ്പം വിലക്കയറ്റം വികസനപ്രശ്നങ്ങളും ഇരു സഭകളിലും സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിച്ചപ്പോള്‍ ഫലപ്രദമായി സമ്മേളനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍. ചരക്ക് സേവന നികുതി ബില്‍ പാസാക്കിയതാണ് സര്‍ക്കാര്‍ പ്രധാനനേട്ടമായി കാണുന്നത്. ലോക്സഭ പതിമൂന്നും രാജ്യസഭ പതിനാലും ബില്ലുകള്‍ പാസാക്കി. കശ്മീര്‍ സംഭവങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ഏകകണ്ഠമായി പ്രമേയം പാസാക്കിയാ‍ണ് ഇരുസഭകളും പിരിഞ്ഞത്.

രാജ്യത്ത് ഏകീകൃത നികുതി നടപ്പിലാക്കാനുള്ള ചരക്കു സേവന നികുതി ബില്‍ പാസാക്കുക എന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രധാന അജണ്ട പൂര്‍ത്തീകരിച്ചാണ് വര്‍ഷകാല സമ്മേളനം അവസാനിച്ചത്. ഗുജറാത്തില്‍ പശുവിറച്ചിയുടെ പേരില്‍ ദലിതര്‍ മര്‍ദിക്കപ്പെട്ട സംഭവത്തിലെ പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് ജൂലൈ 18 ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത്. കശ്മീര്‍, ദലിത് വിഷയങ്ങള്‍ക്കൊപ്പം വിലക്കയറ്റം വികസനപ്രശ്നങ്ങളും ഇരു സഭകളിലും സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി. പാര്‍ലമെന്റിലെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി എം പി ഭഗവത് മാന്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണം നേരിടേണ്ടി വന്നതും ഈ സമ്മേളനകാലയളവിലാണ്. പ്രസവാനുകൂല്യനിയമഭേദഗതി ബില്‍ രാജ്യസഭ കടന്നപ്പോള്‍ ശത്രു സ്വത്ത് നിയമഭേദഗതിയും വിദ്യാഭ്യാസ അവകാശബില്‍ ഭേദഗതിയും പാസാക്കാനുള്ള നീക്കത്തിന് രാജ്യസഭയില്‍ തിരിച്ചടി നേരിട്ടു. ബിനാമി കൈമാറ്റ ബില്‍, നികുതി നിയമം. ഫാക്ടറി നിയമം, തൊഴിലാളി നഷ്ടപരിഹാര ബില്‍ എന്നിവയുടെ ഭേദഗതി പാര്‍ലമെന്റ് പാസാക്കി. കിട്ടാക്കടം തിരിച്ച് പിടിക്കുന്നതിന് ബാങ്കുകള്‍ക്കും സ്വകാര്യധനകാര്യ സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ അവകാശം നല്‍കുന്ന സര്‍ഫാസി നിയമവും കടം തിരിച്ച് പിടിക്കല്‍ നിയമവും വര്‍ഷകാലസമ്മേളനം അംഗീകരിച്ചു. തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും നോമിനേറ്റ് ചെയ്തവരുമായി 59 പേരാണ് ഈ സമ്മേളനകാലയളവില്‍ സത്യപ്രതിജ്ഞ ചെയ്തത്.

Tags:    

Similar News