എല്ലാ മുസ്ലീങ്ങളും ഭീകരരാകണമെന്ന് പറഞ്ഞിട്ടില്ല, ബിന്‍ലാദനെ ന്യായീകരിച്ചിട്ടില്ല സാകിര്‍ നായിക്

Update: 2018-05-13 12:35 GMT
Editor : Subin
എല്ലാ മുസ്ലീങ്ങളും ഭീകരരാകണമെന്ന് പറഞ്ഞിട്ടില്ല, ബിന്‍ലാദനെ ന്യായീകരിച്ചിട്ടില്ല സാകിര്‍ നായിക്
Advertising

താന്‍ ഏതെങ്കിലും പ്രസംഗത്തില്‍ അല്‍ഖാ ഇദ മുന്‍ തലവന്‍ ഉസാമ ബിന്‍ലാദനെ അനുകൂലിച്ചിട്ട് സംസാരിച്ചിട്ടില്ലെന്നും വ്യാജ വീഡിയോയാണ് തന്റെ പേരില്‍ പ്രചരിക്കുന്നതെന്നും സാകിര്‍ നായിക് പറഞ്ഞു...

എല്ലാ മുസ്ലീങ്ങളും ഭീകരരാകണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായിക്. ധാക്ക റസ്‌റ്റോറന്റില്‍ നടന്ന ഭീകരാക്രമണത്തിനിടെ സൈന്യം വെടിവെച്ചുകൊന്ന ഭീകരരായ നിബ്രാസ് ഇസ്ലാം, റോഹന്‍ ഇംതിയാസ് എന്നിവര്‍ സാകിര്‍ നായിക്കിന്‍റെ ആശയങ്ങള്‍ നിരന്തരം പിന്തുടര്‍ന്നിരുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുന്നതെന്നാണ് സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സാകിര്‍ നായികിന്റെ വിശദീകരണം.

താന്‍ ഏതെങ്കിലും പ്രസംഗത്തില്‍ അല്‍ഖാ ഇദ മുന്‍ തലവന്‍ ഉസാമ ബിന്‍ലാദനെ അനുകൂലിച്ചിട്ട് സംസാരിച്ചിട്ടില്ലെന്നും വ്യാജ വ്യാജ വീഡിയോയാണ് തന്റെ പേരില്‍ പ്രചരിക്കുന്നതെന്നും സാകിര്‍ നായിക് പറഞ്ഞു. 'ഒരു മനുഷ്യനേയും മുസ്ലീങ്ങള്‍ ഭയപ്പെടുത്തരുത്. എന്റെ പേരില്‍ പ്രചരിപ്പിച്ചത് വ്യാജവിവരങ്ങളാണ്. സാമൂഹ്യവിരുദ്ധമായ കാര്യങ്ങള്‍ക്കെതിരെ മുസ്ലീങ്ങള്‍ ഭീകരവാദികളെ പോലെ പ്രതികരിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. തന്റെ പേരില്‍ പ്രചരിക്കുന്ന ബിന്‍ലാദനെ അനുകൂലിച്ച് സംസാരിക്കുന്ന വീഡിയോ വ്യാജമാണ് 'സാകിര്‍ നായിക് ന്യൂസ് 18ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ വധിച്ചാല്‍ അത് മൊത്തം മാനവികതയുടെ കൊലപാതകമാണ്. ഒരു മനുഷ്യനെ കൊലപാതകത്തില്‍ നിന്നും മറ്റൊരാള്‍ രക്ഷിച്ചാല്‍ മാനവികതയെ രക്ഷിക്കുന്നതിന് തുല്യമാണെന്ന് ഖുര്‍ആന്‌‍‍ അഞ്ചാം അധ്യായത്തില്‍ പറയുന്നുണ്ട്. എന്തുകൊണ്ടാണ് ഞാന്‍ പറയുന്നതിലെ പകുതികാര്യങ്ങള്‍ പോലും പുറത്തുവിടാന്‍ മാധ്യമങ്ങള്‍ തയ്യാറാകാത്തതെന്ന് അറിയില്ല. ഒരു കള്ളന് പൊലീസ് ഭീകരനായി തോന്നാമെന്നും സാമൂഹ്യവിരുദ്ധമായ രീതികള്‍ക്കെതിരെ ജനങ്ങള്‍ തീവ്രവാദികളെ പോലെ പ്രതികരിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. മാധ്യമങ്ങള്‍ എന്റെ വാക്കുകളെ വളച്ചൊടിക്കുന്നത് ശീലമാക്കിയപ്പോള്‍ ഇക്കാര്യം പറയുന്നത് ഞാന്‍ നിര്‍ത്തുകയും ചെയ്‌തെന്ന് സാകിര്‍ നായിക് പറഞ്ഞു.

ഉസാമ ബിന്‍ലാദനെ എനിക്കറിയില്ല. പിന്നെ എനിക്കെങ്ങനെ അയാളെക്കുറിച്ച് പറയാനാകും. ബിന്‍ലാദനെക്കുറിച്ച് അഭിപ്രായം പറയാനാകില്ലെന്ന് പറഞ്ഞാല്‍ അയാളെ അനുകൂലിക്കുകയാണെന്ന് പറയുന്നതെങ്ങനെയെന്നും സാകിര്‍ നായിക് ചോദിക്കുന്നു. വ്യക്തമായ അറിവില്ലാതെ മൂന്നാമതൊരാളെക്കുറിച്ച് അഭിപ്രായം പറയരുതെന്ന് ഖുറാന്‍ പറയുന്നുണ്ടെന്നും സാകിര്‍ നായിക് പറയുന്നു.

പലരാജ്യങ്ങളും തനിക്ക് നിരോധം ഏര്‍പ്പെടുത്തുന്നിതിന് പിന്നില്‍ ഹിന്ദു മത മൗലികവാദികളാണെന്നും സാകിര്‍ ആരോപിക്കുന്നു. ഫേസ്ബുക്കില്‍ അടക്കം തന്റെ നാലിലൊന്ന് ഫോളോവേഴ്‌സ് ഹിന്ദുവിശ്വാസികളാണ്. പ്രഭാഷണം കേള്‍ക്കാന്‍ വരുന്നവരില്‍ നാലിലൊന്നും ഹിന്ദുക്കളാണ്. പ്രഭാഷണത്തിനൊടുവില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിലും ഹിന്ദു സഹോദരങ്ങളാണ് മുന്നില്‍. അവരുടെ സംശയങ്ങള്‍ ഞാന്‍ പരിഹരിക്കുന്നതോടെ അവര്‍ക്ക് ഇസ്ലാമിനെക്കുറിച്ചുള്ള മതിപ്പ് വര്‍ധിക്കുകയാണ്. ഇത് ഒരു വിഭാഗം മതമൗലികവാദികളെ ചൊടിപ്പിക്കുന്നുണ്ടെന്ന് വേണം കരുതാനെന്നും സാകിര്‍ നായിക് പറഞ്ഞു.

Writer - Subin

contributor

Editor - Subin

contributor

Similar News