അപ്പാർട്ട്മെന്റിൽ നിന്ന് വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം; കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു

സംഭവത്തിനു ശേഷം കടുത്ത സൈബർ ആക്രമണം നേരിട്ട യുവതി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു

Update: 2024-05-20 10:23 GMT

ചെന്നൈ: നാലാം നിലയിലെ അപ്പാർട്ട്‌മെന്റിന്റെ ബാൽക്കണിയിൽ നിന്ന് വീണ് അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു. കുഞ്ഞിനെ നോക്കുന്നതിൽ അമ്മയ്ക്ക് അശ്രദ്ധ പറ്റിയെന്ന രീതിയിൽ വലിയ സൈബർ ആക്രമണമാണ് യുവതിക്കുനേരെയുണ്ടായത്. കൂടാതെ ബന്ധുക്കളിൽ നിന്നും വലിയ വിമർശനങ്ങളും ഉയർന്നു വന്നിരുന്നു. സംഭവത്തിനു ശേഷം വിഷാദ രോഗത്തിന് യുവതി ചികിത്സതേടിയിരുന്നു.

ഭക്ഷണം കൊടുക്കുന്നതിനിടെ അമ്മയുടെ കയ്യിൽ നിന്ന് വഴുതി വീണ കുഞ്ഞ് ടറസിന്റെ സൈഡിൽ തങ്ങി നിൽക്കുകയായിരുന്നു. എട്ടു മാസം പ്രായമുള്ള പെൺകുഞ്ഞ് ഏപ്രിൽ 28നാണ് അമ്മയുടെ കയ്യിൽ നിന്ന് ടറസിന്റെ സൈഡ് ഭാഗത്തേക്ക് വീണത്.

പിന്നീട് അയൽക്കാരുടെ നേതൃത്വത്തിൽ കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

കടുത്ത മാനസിക സമ്മർദത്തിലായ യുവതി കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലെ മാതൃവീട്ടിലെത്തിയത്. യുവതിയുടെ അമ്മയു ഭർത്താവും പുറത്തുപോയി വന്നതിനു ശേഷം യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എട്ടു മാസം പ്രായമായ കുഞ്ഞിനെ കൂടാതെ അഞ്ച് വയസ്സായ ആൺക്കുട്ടിയുമാണ് യുവതിക്കുള്ളത്.


Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News