ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജെഎന്‍യു പൂര്‍വവിദ്യാര്‍ഥി ഉമര്‍ ഖാലിദിന് കത്തയച്ച ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനിക്കെതിരെ ഇന്ത്യ. മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്ന് ഇന്ത്യ പ്രതികരിച്ചു.
'ഒരു രാജ്യത്തെ ജനപ്രതിനിധികൾ മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. വ്യക്തിപരമായ മുൻവിധികൾ പ്രകടിപ്പിക്കുന്നത് ജനപ്രതിനിധികൾക്ക് ചേർന്ന നടപടിയല്ല. അത്തരം അഭിപ്രായപ്രകടനങ്ങൾക്ക് പകരം, തങ്ങൾക്ക് ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്'- വിദേശകാര്യ മന്ത്രാലയം വക്താവ് രന്ദിർ ജയ്സ്വാൾ വിശദീകരിച്ചു.
കത്തെഴുതിയതിൽ, മംദാനിയെ വിമർശിച്ച് നേരത്തെ ബിജെപി രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നത് സഹിക്കാൻ കഴിയില്ലെന്നായിരുന്നു ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ പ്രതികരണം. ഇന്ത്യയുടെ പരമാധികാരം വെല്ലുവിളിക്കപ്പെട്ടാൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 140 കോടി ഇന്ത്യക്കാർ ഒറ്റക്കെട്ടായി നിൽക്കും. രാജ്യത്തെ ജനങ്ങൾക്ക് ഇന്ത്യൻ നീതി ന്യായവ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ട്. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നത് സഹിക്കാൻ കഴിയില്ലെന്നും ഭാട്ടിയ അഭിപ്രായപ്പെട്ടിരുന്നു
ന്യുയോർക്ക് മേയറായി സൊഹ്ദാൻ മംദാനി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ ദിവസമാണ് ഉമർ ഖാലിദിന്റെ സുഹൃത്തുക്കൾ ന്യയോർക്ക് മേയർ അയച്ച കത്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കഴിഞ്ഞ മാസം യുഎസിൽ ഉമർ ഖാലിദിന്റെ മാതാപിതാക്കൾ സന്ദർശിച്ചപ്പോഴാണ് ഇന്ത്യൻ വംശജനായ മംദാനി സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് അവർക്ക് കൈമാറിയത്. ഖാലിദിനോടുള്ള തന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായിരുന്നു കത്ത്.
'പ്രിയപ്പെട്ട ഉമർ, കയ്പിനെ കുറിച്ചും സ്വയം നശിപ്പിക്കപ്പെടാതിരിക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുമുള്ള നിങ്ങളുടെ വാക്കുകൾ ഞാൻ ഓർക്കാറുണ്ട്. നിങ്ങളുടെ മാതാപിതാക്കളെ കണ്ടുമുട്ടാൻ കഴിഞ്ഞതിൽ സന്തോഷം'- മംദാനി കത്തിൽ കുറിച്ചു. ഞങ്ങളുടെ എല്ലാവരുടെയും ചിന്തയിൽ നീയുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്.
ഉമർ ഖാലിദിന് നീതിയുക്തവും സമയബന്ധിതവുമായ വിചാരണ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് സെനറ്റർമാർ ഇന്ത്യൻ അംബാസഡർക്ക് കത്ത് നൽകിയിരുന്നു. സെനറ്റർമാരും യുഎസ് കോൺഗ്രസ് അംഗങ്ങളും ഉൾപ്പെടെ എട്ട് പേരാണ് അമേരിക്കയിലെ ഇന്ത്യൻ അംബാസഡർക്ക് കത്ത് നൽകിയത്. ജിം മാക്കേവൻ ഉൾപ്പെടുന്ന സംഘം ഉമർ ഖാലിദിന്റെ മാതാപിതാക്കളെ നേരിൽ കണ്ട് പിന്തുണ അറിയിച്ചിരുന്നു.
കേസിൽ, ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റേയും ജാമ്യാപേക്ഷ കഴിഞ്ഞദിവസം സുപ്രിംകോടതി തള്ളിയിരുന്നു. ഗുൽഫിഷ ഫാത്തിമയടക്കം മറ്റ് അഞ്ച് പേർക്ക് ജാമ്യം നൽകുകയും ചെയ്ത കോടതി, വിചാരണ നീളുന്നത് ജാമ്യം നൽകാനുള്ള കാരണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചത്. ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെയാണ് ഉമർ അടക്കമുള്ളവർ സുപ്രിംകോടതിയെ സമീപിച്ചത്.
2020 സെപ്തംബറിൽ അറസ്റ്റിലായ ഇവർ അഞ്ച് വർഷത്തിലധികമായി ജയിലിലാണ്. ഉമർ ഖാലിദിനെ കൂടാതെ ഷർജീൽ ഇമാം, ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, അഥർഖാൻ, അബ്ദുൽ ഖാലിദ് സെഫി, മുഹമ്മദ് സലിം ഖാൻ, ഷിഫാഉർറഹ്മാൻ, ശദാബ് അഹമ്മദ് എന്നിവരാണ് ഹരജി നൽകിയത്. ഇതിൽ ഏഴു പേരുടെ ഹരജിയിലാണ് സുപ്രിംകോടതി ഈ മാസം അഞ്ചിന് വിധി പറഞ്ഞത്. സെപ്തംബർ രണ്ടിനാണ് ഡൽഹി ഹൈക്കോടതി ഇവർക്ക് ജാമ്യം നിഷേധിച്ചത്.