'മോദി ഇന്ത്യയെ അമേരിക്കയുടെ സാമന്തരാജ്യമാക്കി'; രൂക്ഷ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍

ഇന്ത്യന്‍ കമ്പനികള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ യുഎസ് അനുമതി നല്‍കിയ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വിമര്‍ശനം

Update: 2026-03-06 10:45 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ അമേരിക്കയുടെ സാമന്തരാജ്യമാക്കി മാറ്റിയെന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ഇന്ത്യന്‍ കമ്പനികള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ യുഎസ് അനുമതി നല്‍കിയ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വിമര്‍ശനം. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയെ റഷ്യന്‍ എണ്ണ വാങ്ങാന്‍ യുഎസ് അനുവദിച്ചിരിക്കുന്നത്.

'30 ദിവസത്തേക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയെ യുഎസ് അനുവദിച്ചു' എന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷന്റെ വിമര്‍ശനം. 'മോദി ഇന്ത്യയെ അമേരിക്കയുടെ സാമന്തരാജ്യമാക്കി മാറ്റിയെന്നാണ് ഈ വാര്‍ത്ത ലോകത്തോട് പറയുന്നത്. മോദിയുടെ ദുര്‍ബല നിലപാടുകളും യുഎസും ഇസ്രായേലും ചേര്‍ന്നുള്ള ഭീഷണിപ്പെടുത്തലുകളും കാരണം നമ്മള്‍ വലിയ വിലനല്‍കേണ്ടിവരും' -അദ്ദേഹം എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

Advertising
Advertising

എണ്ണ ലഭ്യത ഉറപ്പാക്കുന്നതിനായി 30 ദിവസത്തെ താല്‍ക്കാലിക അനുമതിയാണ് യുഎസ് ട്രഷറി വകുപ്പ് ഇന്ത്യക്ക് നല്‍കിയത്. കടലില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യന്‍ എണ്ണക്കപ്പലുകളില്‍നിന്ന് എണ്ണ വാങ്ങുന്നതിനാണ് ഇളവ് ബാധകമാകുക. അതേസമയം, ഇന്ത്യ ആരില്‍ നിന്ന് എണ്ണ വാങ്ങണമെന്ന് യുഎസ് തീരുമാനിക്കുന്ന സാഹചര്യത്തിലേക്ക് എത്തിയെന്ന് വ്യാപക വിമര്‍ശനമുയരുകയാണ്.

യുഎസുമായുള്ള വ്യാപാരകരാര്‍ യാഥാര്‍ഥ്യമായ പശ്ചാത്തലത്തിലാണ് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് പിന്നാക്കം പോയത്. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് യുഎസ് പ്രഖ്യാപിക്കുകയായിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് തന്നതിന്റെ പുറത്ത് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നികുതി കുറയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News