ഹിമാചല്‍ പ്രദേശില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുന്നു; ഇതുവരെ 8 മരണം

വിനോദ സഞ്ചാര മേഖലയായ കുളു-മണാലി പ്രദേശങ്ങളെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. 

Update: 2018-09-25 07:43 GMT
Advertising

ഹിമാചല്‍ പ്രദേശില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും എട്ട് പേര്‍ മരിച്ചു. കുളു -മണാലി മേഖലകളിലെ നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. നൂറിലധികം റോഡുകള്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ച് പോയി. ഗതാഗതം താറുമായതോടെ നൂറു കണക്കിന് വിനോദ സഞ്ചാരികള്‍ കുടുങ്ങി.

തുടര്‍ച്ചയായ മഴയും, മഞ്ഞ് വീഴ്ചയും മൂലം അതീവ ഗരുതരമായ സാഹചര്യമാണ് ഹിമാചല്‍ പ്രദേശില്‍ രൂപപ്പെട്ടിരിക്കുന്നത്. മഴയോടൊപ്പം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വ്യാപകമായതോടെ ബിയാസ് നദി കരകവിഞ്ഞൊഴുകി. ഈ ഒഴുക്കില്‍ പെട്ട് കുളു ജില്ലയില്‍ ആറ് പേരാണ് മരിച്ചത്. കുത്തിയൊഴുകിയ മലവെള്ളത്തില്‍ റോഡുകളും പാലങ്ങളും വാഹനങ്ങളും ഒലിച്ച് പോയി. 126ലധികം റോഡുകളാണ് ഇത്തരത്തില്‍ തകര്‍ന്നത്. ഇതോടെ കുളു,മാണ്ടി,ഷിംല മേഖലകളിലെ റോഡ് ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. ഇതോടെ മണാലിയുള്‍പ്പെടേയുള്ള മലയോര മേഖലയിലെ വിനോദ സഞ്ചാരികളും പ്രദേശവാസികളും തൊഴിലാളികളും പുറം ലോകത്ത് നിന്നും ഒറ്റപ്പെട്ടു. അതേസമയം ഇന്നലെ രാത്രിയോടെ മഴ കുറഞ്ഞു. ബിയാസ് നദിയിലെ ജലനിരപ്പും. ഈ സാഹചര്യത്തില്‍ മണാലി-ഛണ്ഡീഗഡ് ദേശീയ പാതയിലെ ഗതാഗതം പുനസ്ഥാപിച്ചു.

വൈകിട്ടോടെ മണാലിയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ബിയാസ് ഡാമിലെ ജലനിരപ്പ് കഴിഞ്ഞ 36 മണിക്കൂറിനുള്ള 11.11 അടിയാണ് വര്‍ദ്ധിച്ചത്. ആകെ ജലനിരപ്പ് 1386.84 അടിയായ സാഹചര്യത്തില്‍ വൈകിട്ട് മൂന്ന് അടിയോടെ 49000 ക്യുസെക്സ് വെള്ളം തുറന്ന് വിടാന്‍ തീരുമാനിച്ചു. ഈ സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും. ജലം തുറന്ന് വിടുന്ന സാഹചര്യത്തില്‍ പഞ്ചാബിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇരു സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.

Tags:    

Similar News