'കോൺഗ്രസ് ദലിത്, ആദിവാസി സംവരണം തട്ടിയെടുത്ത് മുസ്‌ലിംകൾക്ക് നൽകും'; വിദ്വേഷം തുപ്പി ജെ.പി നഡ്ഡയും

''ന്യൂനപക്ഷങ്ങൾക്കു പ്രത്യേക പരിഗണന നൽകുമെന്ന് കോൺഗ്രസ് അവരുടെ പ്രകടനപത്രികയിൽ പറുന്നുണ്ട്. അവർക്ക് ന്യൂനപക്ഷം എന്താൽ എന്താണ്? രാജ്യത്തെ സമ്പത്തിന്റെ പ്രാഥമികാവകാശം മുസ്‌ലിംകൾക്കാണെന്നാണ് മൻമോഹൻ സിങ് പറഞ്ഞിട്ടുള്ളത്.''

Update: 2024-05-05 12:50 GMT
Editor : Shaheer | By : Web Desk
Advertising

സുർജാപൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തുടക്കമിട്ട മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രചാരണം ഏറ്റുപിടിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷനും. ദലിത്, ആദിവാസി, ഒ.ബി.സി സംവരണം തട്ടിയെടുത്ത് മുസ്‌ലിംകൾക്കു നൽകുകയാണ് കോൺഗ്രസ് അജണ്ടയെന്ന് ജെ.പി നഡ്ഡ. ന്യൂനപക്ഷങ്ങൾക്കു പ്രത്യേക പരിഗണന നൽകുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചത്തിസ്ഗഢിലെ സുർജാപൂരിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു നഡ്ഡ. 2014 വരെ വോട്ട് ബാങ്ക്, മത, ജാതി രാഷ്ട്രീയം രാജ്യത്ത് ശക്തമായിരുന്നു. നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ രാഷ്ട്രീയത്തിന്റെ നിർവചനം തന്നെ മാറിയെന്നും എല്ലാവർക്കുമുള്ള വികസനത്തിനായിരുന്നു മോദിയുടെ ഊന്നലെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

''ദലിതരുടെയും ആദിവാസികളുടെയും ഒ.ബി.സിക്കാരുടെയും സംവരണം തട്ടിപ്പറിഞ്ഞ് മുസ്‌ലിംകൾക്കു നൽകി പ്രീണനം തുടരാനാണ് കോൺഗ്രസ് നീക്കം. ന്യൂനപക്ഷങ്ങൾക്കു പ്രത്യേക പരിഗണന നൽകുമെന്ന് കോൺഗ്രസ് അവരുടെ പ്രകടനപത്രികയിൽ പറുന്നുണ്ട്. അവർക്ക് ന്യൂനപക്ഷം എന്താൽ എന്താണ്? രാജ്യത്തെ സമ്പത്തിന്റെ പ്രാഥമികാവകാശം മുസ്‌ലിംകൾക്കാണെന്നാണ് മൻമോഹൻ സിങ് പറഞ്ഞിട്ടുള്ളത്.''

മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം പാടില്ലെന്ന് ഡോ. ബി.ആർ അംബേദ്കർ ഭരണഘടനയിൽ എഴുതിവച്ചിട്ടുണ്ടെന്നും നഡ്ഡ പറഞ്ഞു. സാമൂഹികനീതി ഉറപ്പാക്കാനും സാമൂഹികവ്യവസ്ഥയെ സംരക്ഷിക്കാനുമാണ് സംവരണമുള്ളത്. എന്നാൽ, ദലിതരുടെയും ആദിവാസികളുടെയും പിന്നാക്കക്കാരുടെയും സംവരണം തട്ടിപ്പറിച്ച് മുസ്‌ലിംകൾക്കു നൽകാനാണ് കോൺഗ്രസ് ശ്രമമെന്നും നഡ്ഡ ആരോപിച്ചു.

ഇത്തരം അജണ്ടകൾക്ക് കോൺഗ്രസിനെ പാഠംപഠിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദലിതരുടെയും ആദിവാസികളുടെയും ഒ.ബി.സിക്കാരുടെയും സംവരണം കവർന്നെടുക്കാൻ മോദി അനുവദിക്കില്ല. ഈ തെരഞ്ഞെടുപ്പ് എം.പിമാരെ തെരഞ്ഞെടുപ്പ് അയക്കാൻ മാത്രമുള്ളതല്ല. മോദിയുടെ നേതൃത്വത്തിലുള്ള വികസിത ഭാരതം എന്ന വാഗ്ദാനം പൂർത്തീകരിക്കാൻ കൂടിയുള്ളതാണ്. മുൻപുള്ളതിൽനിന്നു വ്യത്യസ്തമായി വികസനത്തിന്റെ രാഷ്ട്രീയമാണ് ഇപ്പോൾ രാജ്യത്തുള്ളത്. സബ് കാ സാത്ത്, സബ് കാ വികാസ്, സബ് കാ വിശ്വാസ്, സബ് കാ പ്രയാസ് എന്ന മന്ത്രവുമായാണ് മോദി പ്രവർത്തിക്കുന്നതെന്നും നഡ്ഡ പറഞ്ഞു.

യു.പി.എ ഭരണകാലത്ത് മുന്നണിയുടെ ചെയർപേഴ്‌സനായിരുന്ന സോണിയ ഗാന്ധി ശ്രീരാമൻ സാങ്കൽപിക സൃഷ്ടിയാണെന്നും ചരിത്രപരമോ ശാസ്ത്രീയമോ ആയ അടിസ്ഥാനമില്ലെന്നും കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നെന്നും നഡ്ഡ പറഞ്ഞു. ബി.ജെ.പി മുതലെടുക്കുമെന്നു പറഞ്ഞ് രാമജന്മഭൂമി കേസ് മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടയാളാണ് അന്നു കോൺഗ്രസ് നേതാവായിരുന്ന കപിൽ സിബൽ. അവർ രാമക്ഷേത്ര നിർമാണം തടസപ്പെടുത്താൻ നോക്കി. നമുക്ക് രാമൻ വിശ്വാസവും സംസ്‌കാരവും ജീവിതവുമാണ്. തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും ജെ.പി നഡ്ഡ കൂട്ടിച്ചേർത്തു.

Summary: Congress wants to snatch quotas of SCs/STs, OBCs and give them to Muslims: BJP national president J P Nadda

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News